
ന്യൂഡൽഹി: കേരളത്തിൽ ഇത്തവണ കാലവർഷം പതിവിലും നേരത്തെ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മെയ് 26ഓടെ മൺസൂൺ കേരളതീരത്തെത്തുമെന്നാണ് പുതിയ പ്രവചനം. എന്നാൽ നാല് ദിവസത്തോളം മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം ഉണ്ടാകാമെന്നും, അതിനാൽ മെയ് 22 മുതൽ 30 വരെയുള്ള ഏതെങ്കിലും ദിവസത്തിൽ കാലവർഷം പ്രവേശിക്കാമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ വർഷം മെയ് 24നായിരുന്നു സംസ്ഥാനത്ത് മൺസൂൺ എത്തിയത്.
ഇതിനിടെ സംസ്ഥാനത്ത് വേനൽമഴ ശക്തിപ്രാപിക്കുകയാണ്. ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.










