
സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയിൽ വാഴൂർ സോമൻ എംഎൽഎയും ഉണ്ടായിരുന്നു. പരിപാടിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.
ഇടുക്കി പീരുമേട്ടിൽനിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു അദ്ദേഹത്തിന്റെ എതിരാളി. വെയർ ഹൌസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.











