
കണ്ണൂർ: താരസംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പല സ്ഥലങ്ങളിൽവെച്ച് ലൈംഗികപീഡനത്തിനിരയാക്കിയെന്ന നടിയുടെ പരാതിയിൽ നടനും നിയമസഭാംഗവുമായ എം മുകേഷിനെ കൈവിടാതെ സിപിഎം. മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയും അദ്ദേഹത്തെ പിന്തുണച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി രംഗത്തെത്തി. മുകേഷ് നിയമസഭാംഗത്വം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് പാർട്ടി സെക്രട്ടറിയുടെ നിലപാട്.
കേസിൽ കോടതി തീരുമാനം വരുന്നത് വരെ മുകേഷ് എം.എൽ.എ. സ്ഥാനത്ത് തുടരുമെന്നും എം.വി.ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ആരെങ്കിലും പ്രഖ്യാപിച്ചത് കൊണ്ട് കാര്യമില്ല, കോടതിയല്ലേ ഇക്കാര്യം കൈകാര്യം ചെയ്യേണ്ടത്. കോടതി ഒരു നിലപാട് സ്വീകരിക്കട്ടെ, അപ്പോൾ ആലോചിക്കാം, അതാണ് പാർട്ടിയുടെ നിലപാട്- എന്നാണ് അദ്ദേഹം പറഞ്ഞത്.
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് നടനും എം.എൽ.എയുമായ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും അമ്മയിൽ അംഗത്വം നൽകാമെന്ന് ഉറപ്പുനൽകിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എം.എൽ.എയ്ക്കെതിരായി നൽകിയ പരാതി.











