02:15pm 11 November 2026
NEWS
ഉടുപ്പില്ലാത്ത സിനിമാ താരങ്ങളെ കൊണ്ടുവരുന്നതാണ് പുതിയ സംസ്കാരം; വിവാദ പ്രസം​ഗവുമായി യു പ്രതിഭ എംഎൽഎ
10/10/2025  12:41 PM IST
nila
 ഉടുപ്പില്ലാത്ത സിനിമാ താരങ്ങളെ കൊണ്ടുവരുന്നതാണ് പുതിയ സംസ്കാരം; വിവാദ പ്രസം​ഗവുമായി യു പ്രതിഭ എംഎൽഎ

കട ഉദ്ഘാടനത്തിന് ഉടുപ്പില്ലാത്ത സിനിമാ താരങ്ങളെ കൊണ്ടുവരുന്നതാണ് പുതിയ സംസ്കാരമെന്ന് യു പ്രതിഭ എംഎൽഎ. തുണിയുടുക്കാത്ത താരം വന്നാൽ എല്ലാവരും ഇടിച്ചു കയറുകയാണെന്നും യു പ്രതിഭ പറഞ്ഞു. കായംകുളം നിയമസഭാ മണ്ഡലത്തിലെ എരുവ എന്ന സ്ഥലത്ത് സാംസ്കാരിക പരിപാടിയിൽ സംസാരിക്കവെയാണ് എംഎൽഎയുടെ വിവാദ പ്രസംഗം.

'സിനിമാ താരങ്ങളോട് സമൂഹത്തിന് ഒരു തരം ഭ്രാന്ത് ആണ്. എന്തിനാണ് അത് എന്ന് മനസ്സിലാകുന്നില്ല. കട ഉദ്ഘാടനത്തിന് സിനിമാ താരങ്ങൾ. ഉടുപ്പിടാത്ത സിനിമാ താരങ്ങളെ ഉദ്ഘാടനത്തിന് കൊണ്ടുവരുന്ന പുതിയ സംസ്കാരം. എന്തിനാണ് അത്? ഇത്രയും വായ്നോക്കികളാണോ കേരളത്തിലെ മനുഷ്യർ? തുണിയുടുക്കാത്ത താരം വന്നാൽ എല്ലാവരും ഇടിച്ചു കയറും. ഇത് നിർത്തണം. തുണിയുടുത്ത് വന്നാൽ മതി എന്ന് അവരോട് പറയണം. ഇതൊക്കെ സദാചാരം എന്ന് പറഞ്ഞ് എന്റെ നേരെ വരരുത്. തുണിയുടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. ചോദ്യം ചെയ്യാനുള്ള അവകാശമൊന്നും നമുക്കില്ല'- യു. പ്രതിഭ പറഞ്ഞു.

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കെതിരേയും നടൻ മോഹൻലാലിനെതിരെയും യു. പ്രതിഭ വിമർശനമുന്നയിച്ചു. ചാനൽ പരിപാടിയുടെയും മോഹൻലാലിന്റെയും പേര് പരാമർശിക്കാതെയായിരുന്നു വിമർശനം.

കേരളത്തിൽ ഇപ്പോൾ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട് വൈകുന്നേരം. മറ്റുള്ളവർ ഉറങ്ങുന്നത് നോക്കുക. അവരുടെ പാന്റ് ഇറുകിയതാണോ? അവരുടെ ടോപ്പ് ഇറുകിയതാണോ? കമന്റ് ചെയ്യുക. ഇങ്ങനെ ഒരുപാട് പരിപാടി നമ്മുടെ നാട്ടിൽ നടക്കുന്നത്. അനശ്വര നടനാണ് ഈ പരിപാടി ചെയ്യുന്നത്. ഭയങ്കരമിടുക്കനായ നടനാണ്. ദാദാ സാഹെബ് ഫാൽകെ അവാർഡ് ഒക്കെ ലഭിച്ചിട്ടുണ്ട്- പ്രതിഭ എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.