
തിരുവനന്തപുരം: സൈബർ തട്ടിപ്പിലൂടെ വസ്ത്ര വ്യാപാരിയിൽ നിന്ന് 15.59 ലക്ഷം രൂപ തട്ടിയെടുത്തു. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. കിളിമാനൂർ സ്വദേശി മുഹമ്മദ് അനസിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് വിവിധ ദിവസങ്ങളിലായി പണം പിൻവലിച്ചത്.
ഫെബ്രുവരി ആദ്യവാരത്തിൽ വാഹനത്തിന് മൂന്ന് പിഴയുണ്ടെന്നും ഉടൻ അടച്ചാൽ ഫൈൻ ഒഴിവാക്കി തരാമെന്നും വ്യക്തമാക്കുന്ന തരത്തിൽ മോട്ടോർ വാഹന വകുപ്പ് എന്ന പേരിൽ വ്യാപാരിക്ക് സന്ദേശം ലഭിച്ചു. സന്ദേശത്തിൽ നൽകിയിരുന്ന വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്ത അനസ് തുടർന്ന് തുറന്ന വെബ്സൈറ്റിൽ വാഹന വിവരങ്ങൾ നൽകാൻ ശ്രമിച്ചെങ്കിലും നടപടികൾ പൂർത്തിയാക്കാൻ സാധിച്ചില്ല.
ഇതിനിടെ ഫെബ്രുവരി ഏഴിന് ബിസിനസ് ആവശ്യത്തിനായി അനസ് വിദേശത്തേക്ക് യാത്ര തിരിച്ചു. യാത്രയ്ക്കിടെ അദ്ദേഹത്തിന്റെ രണ്ട് മൊബൈൽ നമ്പറുകളുടെയും സിഗ്നൽ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടു. ഫെബ്രുവരി 13ന് നാട്ടിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് സിം പോർട്ട് ചെയ്തതായി മനസ്സിലായത്. സംശയം തോന്നിയ അനസ് ബാങ്കിലെത്തി അക്കൗണ്ട് പരിശോധിച്ചപ്പോൾ വിവിധ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ പിൻവലിച്ചിട്ടുണ്ടെന്ന വിവരം വ്യക്തമായി.
ഉടമയുടെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിക്കാതെ സിം പോർട്ട് എങ്ങനെ സാധിച്ചതെന്നതിൽ ദുരൂഹത തുടരുകയാണ്. വ്യാപാരി രണ്ട് മൊബൈൽ നമ്പറുകളും അവയോട് ലിങ്ക് ചെയ്ത രണ്ട് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളും ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇതിൽ ഒരു സിം പോർട്ട് ചെയ്യുന്നത് തടയാൻ കഴിഞ്ഞതിനെ തുടർന്ന് കൂടുതൽ നഷ്ടം ഒഴിവാക്കാൻ സാധിച്ചു. സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










