01:16pm 08 September 2026
NEWS
ഓണം ബമ്പറിൽ ഇക്കുറി ലോട്ടറിയടിച്ചത് സർക്കാരിന്; തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ്
08/09/2026  12:21 PM IST
nila
ഓണം ബമ്പറിൽ ഇക്കുറി ലോട്ടറിയടിച്ചത് സർക്കാരിന്; തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ്

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വിൽപ്പനയിൽ ഇത്തവണ റെക്കോർഡ് മുന്നേറ്റം. നറുക്കെടുപ്പിന് 18 ദിവസം ശേഷിക്കെ ഇതിനകം 59 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 500 രൂപ വിലയുള്ള ടിക്കറ്റിന്റെ ഒന്നാം സമ്മാനം ഇത്തവണ 30 കോടി രൂപയാണ്.

ഒരു ടിക്കറ്റിന് ഏജന്റുമാർ സർക്കാരിലേക്ക് നൽകേണ്ടത് 390 രൂപയാണ്. ഇതിന് പുറമെ 28 ശതമാനം ജിഎസ്ടിയും അടയ്ക്കണം. 390 രൂപ മാത്രം കണക്കാക്കിയാൽ തന്നെ 59 ലക്ഷം ടിക്കറ്റുകളുടെ വിൽപ്പനയിലൂടെ സർക്കാരിന് ഇതുവരെ 230.10 കോടി രൂപ ലഭിച്ചു.

സമ്മാനത്തുകയായി ആകെ 125.54 കോടി രൂപയാണ് നൽകേണ്ടത്. ഏജൻസി കമ്മീഷനായി 12.55 കോടി രൂപയും നീക്കിവയ്ക്കണം.

30 കോടിയുടെ സമ്മാനം, വിൽപ്പനയിലും കുതിപ്പ്

2022ലാണ് തിരുവോണം ബമ്പർ ടിക്കറ്റിന്റെ വില 500 രൂപയാക്കി ഉയർത്തിയത്. അതോടൊപ്പം ഒന്നാം സമ്മാനം 25 കോടി രൂപയുമാക്കി. ഇതോടെ ഭാഗ്യക്കുറിക്ക് വലിയ സ്വീകാര്യത ലഭിച്ചു.

2021ൽ ടിക്കറ്റ് വില 300 രൂപയും ഒന്നാം സമ്മാനം 12 കോടി രൂപയുമായിരുന്നു. അന്ന് 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. എന്നാൽ 2022ൽ ഒന്നാം സമ്മാനം ഉയർത്തിയതോടെ വിൽപ്പന കുതിച്ചുയർന്നു. ആകെ അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ 66.55 ലക്ഷവും വിറ്റഴിഞ്ഞു.

2023ൽ 85 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചപ്പോൾ 75.76 ലക്ഷം ടിക്കറ്റുകൾ വിറ്റു. വിൽപ്പനയിൽ കുറവുണ്ടായതിനെ തുടർന്ന് 2024ൽ അച്ചടി 80 ലക്ഷമായി കുറച്ചു. എന്നാൽ അന്നും എട്ടര ലക്ഷത്തോളം ടിക്കറ്റുകൾ ശേഷിച്ചു. കഴിഞ്ഞ വർഷം അച്ചടിച്ച ടിക്കറ്റുകളുടെ എണ്ണം വീണ്ടും കുറച്ച് 75 ലക്ഷമാക്കി. ഇത്തവണ അവയെല്ലാം വിറ്റഴിഞ്ഞിരുന്നു.

ഇത്തവണ ടിക്കറ്റ് വിലയിൽ മാറ്റമില്ലാതെ ഒന്നാം സമ്മാനം 30 കോടി രൂപയാക്കുകയായിരുന്നു. ഇതാണ് വിൽപ്പനയിലെ വർധനയ്ക്കും പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.

5.34 ലക്ഷം സമ്മാനങ്ങൾ

തിരുവോണം ബമ്പറിലെ രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 20 പേർക്ക് 25 ലക്ഷം രൂപ വീതമാണ്. ആകെ 5,34,670 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്.

സെപ്റ്റംബർ 26നാണ് നറുക്കെടുപ്പ്. സാധാരണയായി അവസാന ഒന്നോ രണ്ടോ ആഴ്ചകളിലാണ് തിരുവോണം ബമ്പർ ടിക്കറ്റുകളുടെ വിൽപ്പനയിൽ വലിയ കുതിപ്പ് ഉണ്ടാകുന്നത്. ഓണക്കാലത്ത് ഇടയ്ക്കിടെ മഴ പെയ്തത് വിൽപ്പനയെ ബാധിച്ചിട്ടുണ്ടെന്നും മഴമൂലം കുറഞ്ഞ വിൽപ്പന വരും ദിവസങ്ങളിൽ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഏജന്റുമാർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img