
കേരള സംസ്ഥാന ലോട്ടറിയുടെ വ്യാജ ഓൺലൈൻ പതിപ്പ് വിൽപനയുമായി തട്ടിപ്പുകാർ രംഗത്ത്. ‘3 പിഎം റിസൽറ്റ് കേരള’ എന്ന പേരിലുള്ള ആപ്പ് വഴി കേരള സർക്കാർ ഓൺലൈൻ ലോട്ടറി എന്ന പേരിലാണ് വിൽപന. നേരിട്ടുമാത്രം വിൽപന നടത്തുന്നതാണ് കേരള ലോട്ടറി വകുപ്പിന്റെ ലോട്ടറി എന്നിരിക്കെയാണ് കേരള ലോട്ടറി ഡയറക്ടറേറ്റിന്റെ ഔദ്യോഗിക ഓൺലൈൻ പാർട്നർ എന്ന അവകാശവാദത്തോടെ തട്ടിപ്പുകാർ സജീവമാകുന്നത്.
കേരള സർക്കാർ മുദ്രയും ഓൺലൈൻ ലോട്ടറി പാർട്നറായി നിയമിച്ചെന്നുകാണിച്ചുള്ള സർക്കാർ ഉത്തരവുമൊക്കെ ഇക്കൂട്ടർ ഉപയോഗിക്കുന്നുണ്ട്. ഉത്തരവിന്റെ അവ്യക്തമായ കോപ്പിയാണ് പ്രദർശിപ്പിക്കുന്നത്. കുറഞ്ഞത് 400 രൂപ ആപ്ലിക്കേഷന്റെ ഓൺലൈൻ അക്കൗണ്ടിൽ യുപിഐ വഴി നിക്ഷേപിച്ച് വേണം ഓൺലൈൻ ലോട്ടറിയെടുക്കാൻ. തുക നിക്ഷേപിച്ച് കഴിഞ്ഞ് 10 ലോട്ടറിയുടെ സെറ്റോ ഓരോ ലോട്ടറിയായോ വാങ്ങാം. ധനലക്ഷ്മി, സുവർണ കേരളം, കാരുണ്യ, സമൃദ്ധി തുടങ്ങിയ കേരള ലോട്ടറിയുടെ പേരുകളാണ് തട്ടിപ്പുകാരും ഉപയോഗിച്ചിരിക്കുന്നത്.
എന്നാൽ, സമ്മാനം ലഭിച്ചു എന്ന മെസേജ് വന്നവർക്കൊന്നും പണം പിൻവലിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പ്ലേ സ്റ്റോറിൽ ആപ്ലിക്കേഷന്റെ റിവ്യൂ നോക്കുമ്പോൾ തന്നെ മനസ്സിലാക്കാൻ കഴിയും. നറുക്കെടുപ്പ് കഴിഞ്ഞാൽ 24 മണിക്കൂറിനകം സമ്മാനത്തുക ഓൺലൈൻ അക്കൗണ്ടിൽ ക്രെഡിറ്റാകുമെന്നും ഇത് ബാങ്ക് അക്കൗണ്ട് വഴി, ടാക്സോ മറ്റ് രേഖകളോ നൽകാതെ പിൻവലിക്കാനാകുമെന്നുമാണ് ഇവരുടെ വാഗ്ദാനം.











