
കേരളത്തിലെ തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് ഇന്ന്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ് സമയം. വൈകിട്ട് ആറുമണിക്ക് ക്യൂവിലുള്ളവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിക്കും.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 470 ഗ്രാമപ്പഞ്ചായത്ത്, 77 ബ്ലോക്ക് പഞ്ചായത്ത്, 7 ജില്ലാ പഞ്ചായത്ത്, 47 മുനിസിപ്പാലിറ്റി, 3 കോർപറേഷൻ എന്നിവിടങ്ങളിലായി 12,391 വാർഡുകളിലാണ് ഇന്നു വോട്ടെടുപ്പ്. . കഴിഞ്ഞദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്. എല്ലായിടത്തും മറ്റന്നാളാണ് വോട്ടെണ്ണൽ.
കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലെ 5 വാർഡുകളിലും മലപ്പട്ടം, കണ്ണപുരം ഗ്രാമപ്പഞ്ചായത്തുകളിലായി 9 വാർഡുകളിലും കാസർകോട് ജില്ലയിലെ മംഗൽപാടി, മടിക്കൈ ഗ്രാമപ്പഞ്ചായത്തുകളിലെ ഓരോ വാർഡിലും സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ വോട്ടെടുപ്പില്ല. യുഡിഎഫ് സ്ഥാനാർഥി മരിച്ചതിനാൽ മലപ്പുറം മൂത്തേടം ഗ്രാമപ്പഞ്ചായത്ത് പായിമ്പാടം ഏഴാം വാർഡിലെ വോട്ടെടുപ്പു മാറ്റി. എന്നാൽ, ഈ വാർഡിലെ പോളിങ് ബൂത്തുകളിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്നുണ്ടാകും.











