
തിരുവനന്തപുരം: നിയമസഭയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ പരാമർശത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചും ലഹരിവ്യാപനത്തെക്കുറിച്ചുമുള്ള ചർച്ചയ്ക്കിടെ രമേശ് ചെന്നിത്തല പലതവണ ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന് സംബോധന ചെയ്തതാണ് പിണറായി വിജയനെ പ്രകോപിപ്പിച്ചത്. സംസ്ഥാനത്ത് അതിക്രമങ്ങൾ വർധിക്കുന്നതിനെക്കുറിച്ചും ലഹരിവ്യാപനം രൂക്ഷമാകുന്നതിനെക്കുറിച്ചും അടിയന്തരപ്രമേയം അവതരിപ്പിക്കവെയാണ് ചെന്നിത്തല ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന് സംബോധന ചെയ്തത്. ഇതോടെ ഓരോ തവണയും മിസ്റ്റർ ചീഫ് മിനിസ്റ്റർ മറുപടി പറയണമെന്ന് പറയുന്നത് ശരിയായ രീതിയാണോ എന്ന ചോദ്യവുമായി മുഖ്യമന്ത്രി എഴുന്നേറ്റു.
എന്തു സന്ദേശമാണ് ചെന്നിത്തല സമൂഹത്തിനു നൽകുന്നതെന്നും പിണറായി വിജയൻ ചോദിച്ചു. ഇടയ്ക്കിടെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു പറഞ്ഞ് ഓരോ ചോദ്യം ചോദിച്ചാൽ പോര നാട് നേരിടുന്ന പ്രശ്‌നമെന്താണെന്ന് മനസിലാക്കണമെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞു. എന്നാൽ, ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്നത് അൺ പാർലമെന്ററി പദമല്ലെന്ന് ചെന്നിത്തല തിരിച്ചടിച്ചു. ചെന്നിത്തലയെ പിന്തുണച്ച് വി ഡി സതീശനും പിന്നീട് സംസാരിച്ചു.
താൻ എന്തു പ്രസംഗിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. തനിക്ക് അതിനുള്ള അവകാശമുണ്ട്. നാട്ടിൽ വർധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ച് പറയാൻ മുഖ്യമന്ത്രിയുടെ ചീട്ട് ആവശ്യമില്ല. അതു പറയുമെന്നും മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു വിളിക്കുന്നത് അൺപാർലമെന്ററി അല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
വിഷയത്തെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും അതിനുള്ള അവസരം ഉപയോഗിച്ച് അനാവശ്യമായ കാര്യങ്ങൾ അല്ല പറയേണ്ടതെന്നും വ്യക്തമാക്കി വീണ്ടും മുഖ്യമന്ത്രി എഴുന്നേറ്റതോടെ ചെന്നിത്തലയ്ക്കു പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തെത്തി. ‘‘നിങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രി, നിങ്ങളാണ് ആഭ്യന്തരമന്ത്രി. നിങ്ങളെ കുറ്റപ്പെടുത്തും. അതിനെന്തിനാണ് അങ്ങിത്ര അസഹിഷ്ണുത കാണിക്കുന്നത്. സർക്കാരും മുഖ്യമന്ത്രിയും എഴുതിത്തരുന്നതു പോലെ പ്രസംഗിക്കാനല്ല ഞങ്ങൾ ഇവിടെ ഇരിക്കുന്നത്. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നാണു വിളിച്ചത്. അല്ലാതെ മോശം പേരൊന്നും അല്ല വിളിച്ചത്.’’ - സതീശൻ പറഞ്ഞു.