11:01pm 21 May 2026
NEWS
സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പിണറായിക്ക് കൈ കൊടുത്ത് ടി കെ ​ഗോവിന്ദൻ; വി. കുഞ്ഞികൃഷ്ണനും പഴയ സഖാവിനെ അഭിവാദ്യം ചെയ്തു


21/05/2026  10:59 AM IST
nila
സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പിണറായിക്ക് കൈ കൊടുത്ത് ടി കെ ​ഗോവിന്ദൻ; വി. കുഞ്ഞികൃഷ്ണനും പഴയ സഖാവിനെ അഭിവാദ്യം ചെയ്തു

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ സമ്മേളനത്തിന് തുടക്കമായി. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ സാന്നിധ്യത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ദൈവനാമത്തിലും സഗൗരവ പ്രതിജ്ഞയും ചെയ്ത് അംഗത്വം ഏറ്റെടുത്തു. അക്ഷരമാലാക്രമത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ.

സിപിഎം വിട്ട് സ്വതന്ത്ര സ്ഥാനാർഥികളായി വിജയിച്ച തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദനും പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണനും ചടങ്ങിനിടെ ശ്രദ്ധനേടി. സത്യവാചകം ചൊല്ലുന്നതിന് മുൻപും ശേഷവും ഇരുവരും പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അഭിവാദ്യം ചെയ്തത് ഭരണപക്ഷ ബെഞ്ചുകളിൽ കൈയടിക്ക് ഇടയാക്കി.

ബിജെപിയുടെ ഭാഗത്ത് നിന്ന് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത് ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറാണ്. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ പിതാവ് ഉമ്മൻചാണ്ടിയുടെ ചിത്രം ആലേഖനം ചെയ്ത ടീഷർട്ട് ധരിച്ചെത്തിയത് ശ്രദ്ധേയമായി. മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷറഫ് കന്നഡയിലും കോഴിക്കോട് സൗത്ത് എംഎൽഎ ഫൈസൽ ബാബുവും പാലാ എംഎൽഎ മാണി സി. കാപ്പനും ഇംഗ്ലീഷിലുമാണ് സത്യവാചകം ചൊല്ലിയത്.

ചടങ്ങിന് ശേഷം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള ഇടത് അംഗങ്ങൾ സ്പീക്കറുടെ ഡയസിലെത്തി പ്രോടെം സ്പീക്കർ ജി. സുധാകരനെ അഭിവാദ്യം ചെയ്ത ശേഷമാണ് സീറ്റുകളിലേക്ക് മടങ്ങിയത്.

ഇന്നത്തെ സമ്മേളനത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് മാത്രമാണ് നിശ്ചയിച്ചിട്ടുള്ളത്. നാളെ രാവിലെ 9 മണിക്ക് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. മേയ് 29ന് ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തും. തുടർന്ന് ജൂൺ 1 മുതൽ 3 വരെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേൽ സഭയിൽ ചർച്ച നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA
img