
പൊതുമേഖലാബാങ്കുകളിൽ നിന്നും വിദേശ പഠന വായ്പ എടുക്കുന്നവരിൽ നല്ലൊരു ശതമാനം മലയാളികളെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ വിദേശ വിദ്യാഭ്യാസ വായ്പ ഇനത്തിൽ ഏറ്റവും കുടുതൽ പണം അനുവദിച്ചിട്ടുള്ളത് കേരളത്തിലെന്നാണ് ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 2019 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച് 31 വരെ 66,159 അക്കൗണ്ടുകളിലായി 7,619.64 കോടി രൂപയാണ് കേരളത്തിൽ മാത്രം വിദേശ വിദ്യാഭ്യാസ വായ്പ ഇനത്തിൽ പൊതുമേഖലാ ബാങ്കുകൾ വിതരണം ചെയ്തത്.
കേരളത്തിന് തൊട്ടുപിന്നിൽ മഹാരാഷ്ട്രയാണ്. 6,158.22 കോടി രൂപയാണ് മഹാരാഷ്ട്രയിൽ ഈ കാലയളവിൽ അനുവദിച്ച വിദേശ വിദ്യാഭ്യാസ വായ്പ. ആന്ധ്രപ്രദേശാണ് മൂന്നാമത്. 5,168.34 ആന്ധ്രപ്രദേശിൽ ബാങ്കുകൾ വിതരണം ചെയ്ത വിദ്യാഭ്യാസ വായ്പ. തെലങ്കാന 5103.77 കോടി രൂപ, കർണാടക 4027.82 കോടി രൂപ, തമിഴ്നാട് 3530.41 കോടി രൂപ എന്നിങ്ങനെയാണ് വായ്പയിൽ മുൻനിരയിലുള്ള മറ്റു സംസ്ഥാനങ്ങൾ. ഇന്ത്യൻ ബാങ്ക് അസോസിയേഷൻ നൽകിയ കണക്ക് രാജ്യസഭയിൽ ധനസഹമന്ത്രി പങ്കജ് ചൗധരി അവതരിപ്പിക്കുകയായിരുന്നു.
വിദ്യാഭ്യാസവായ്പാ തിരിച്ചടവ് കുടിശ്ശികയിലും കേരളമാണ് ഒന്നാമത്. 2024 ഡിസംബർ 31 വരെ 2,99,168 അക്കൗണ്ടുകളിലായി 16,293 കോടിയാണ് വിദേശത്തും സ്വദേശത്തുമുള്ള പഠനത്തിനായി വിതരണംചെയ്ത വിദ്യാഭ്യാസവായ്പ. ഇതിൽ 2024 ഡിസംബർ 31 വരെ 30,491 അക്കൗണ്ടുകളിലായി 909 കോടി രൂപ നിഷ്ക്രിയ ആസ്തിയായെന്നാണ് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കണക്ക്.
മെച്ചപ്പെട്ട ജോലി പ്രതീക്ഷിച്ചാണ് പലരും വിദ്യാഭ്യാസ വായ്പയെടുത്ത് വിദേശത്തേക്ക് പോകുന്നത്. എന്നാൽ, വിദേശത്ത് പ്രതീക്ഷിച്ച തൊഴിൽകിട്ടാത്തതാണ് വായ്പ തിരിച്ചടയ്ക്കാത്തതിന് പ്രധാനകാരണം. നല്ലതൊഴിൽ കിട്ടാതെ, രണ്ടുവർഷത്തെ പോസ്റ്റ്-സ്റ്റഡി വിസയുടെ കാലാവധിയും കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥികളുടെ എണ്ണം കൂടുതലാണ്. ഇതോടെ പലകുടുംബങ്ങളും കടക്കെണിയിലാകുകയും ചെയ്യുന്നു.











