
കണ്ണൂർ: ഇടതുപക്ഷ സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണപ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഇടതു മുന്നണിയുടെ പേരിലാണ് ഈ റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021ലെ പ്രകടനപത്രികയിൽ നൽകിയ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനകം നടപ്പാക്കിയതായി അദ്ദേഹം വ്യക്തമാക്കി.
2021-ൽ പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോർട്ട് അനുസരിച്ച് 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കി. 2021-ലെ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കി. ബാക്കിയുള്ളവ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പ്രധാന നേട്ടമായി ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ നിർമ്മിച്ച് ഏകദേശം 20 ലക്ഷം പേർക്ക് നൽകിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളികൾക്കായി 2752 വീടുകളും 738 ഫ്ലാറ്റുകളും കൈമാറിയതായും അറിയിച്ചു. ഭൂമിയുടെ പട്ടയം ലഭിക്കാത്ത 4,56,689 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ കഴിഞ്ഞതും പ്രധാന നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിറ്റൽ സർവേ നടപടികളിൽ റവന്യൂ ഉദ്യോഗസ്ഥർ തിരക്കിലായതിനാൽ പട്ടയവിതരണം അഞ്ച് ലക്ഷം കടന്നില്ലെന്നും, ഇല്ലായിരുന്നെങ്കിൽ ആ ലക്ഷ്യം മറികടക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലൂടെ 64,006 കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ഇതോടൊപ്പം ദേശീയപാത വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, തുരങ്കപാതകൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങളിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.











