കൊച്ചി : മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണവില കുത്തനെ കൂട്ടിയ കേന്ദ്രസർക്കാർ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ( കെ.എൽ.സി.എ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾക്കായി സബ്സിഡി നിരക്കിൽ ലഭിക്കുന്ന മണ്ണെണ്ണയുടെ വില 53 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. ലിറ്ററിന് 103 രൂപയ്ക്ക് ലഭിച്ചിരുന്ന മണ്ണെണ്ണയ്ക്ക് ഇനി 153 രൂപ നൽകണം. മീൻലഭ്യത കുറഞ്ഞതിനാൽ വറുതിയിലായ മത്സ്യബന്ധന മേഖലയ്ക്ക് കടുത്ത പ്രതിസന്ധിയാണ് മണ്ണെണ്ണ വില വർദ്ധനവ് സൃഷ്ടിച്ചിരിക്കുന്നത്.തീരക്കടലിൽ മീനില്ലാത്തതിനാൽ ആഴക്കടലിൽ കൂടുതൽ സമയം മീൻപിടുത്തത്തിൽ ഏർപ്പെട്ടാൽ മാത്രമേ മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനത്തിനുള്ള മാർഗ്ഗം ലഭിക്കുകയുള്ളൂ. ദിവസം 150 വരെ ലിറ്റർ മണ്ണെണ്ണ ഇവർക്ക് ആവശ്യമാണ്.സർക്കാർ നിലവിൽ നൽകുന്ന സബ്സിഡി മണ്ണെണ്ണ 5 ദിവസത്തെ മീൻപിടുത്തത്തിന് പോലും തികയില്ലെന്നിരിക്കെ വില കുത്തനെ ഉയർത്തിയത് മത്സ്യത്തൊഴിലാളികളോടുള്ള ക്രൂരതയാണെന്ന് സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി . അന്യായമായ മണ്ണെണ്ണ വില വർദ്ധനവ് പിൻവലിക്കണമെന്നും മത്സ്യബന്ധന മേഖലയെ സംരക്ഷിക്കുന്നതിന് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കെ.എൽ.സി.എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾ ആഴക്കടലിലേക്ക് പോകുമ്പോൾ പാചകം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഗ്യാസിൻ്റെ ലഭ്യത കുറവുമൂലം പലപ്പോഴും ഭക്ഷണം പുറമേ കടകളിൽനിന്ന് വാങ്ങിക്കൊണ്ടു പോകേണ്ട അവസ്ഥയാണ്.ഇതെല്ലാം മത്സ്യബന്ധന തൊഴിലാളികളുടെ ചിലവ് ഇരട്ടിയാക്കുകയാണ്.സിവിൽ സപ്ലൈസ് വഴിയും മത്സ്യഫെഡ് വഴിയും നൽകിയിരുന്ന മണ്ണെണ്ണയുടെ അളവ് കുറച്ചതാണ് പ്രധാന പ്രതിസന്ധിക്ക് കാരണം.സിവിൽ സപ്ലൈസ് വഴി പ്രതിമാസം 65 ലിറ്റർ വീതം നൽകിയിരുന്നത് ഇപ്പോൾ മൂന്നു മാസത്തിലൊരിക്കലാണ് ലഭിക്കുന്നത്. ലിറ്ററിന് 50 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് പകുതി സബ്സിഡി എന്ന നിലയ്ക്ക് 25 രൂപക്ക് മണ്ണെണ്ണ സർക്കാർ നൽകിയത്. എന്നാൽ മണ്ണെണ്ണ വില നൂറിൽ എത്തിയിട്ടും സബ്സിഡി വർധിപ്പിച്ചില്ല. ഇത് 50% ആയി നൽകണമെന്നും സസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
യോഗത്തിന് കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു .സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി , ട്രഷറർ രതീഷ് ആന്റണി , വൈസ് പ്രസിഡന്റ്‌മാരായ അലക്സ് താളൂപാടത്ത് , നൈജു അറക്കൽ , പൈലി ആലുങ്കൽ , പാട്രിക്ക് മൈക്കിൾ , സി ജെ പോൾ ,സെക്രട്ടറിമാരായ ഉഷ ലാസർ , ക്രിസ്റ്റഫർ എസ് , കോൺക്‌ളിൻ ജിമ്മി ജോൺ , ജയൻ കുന്നേൽ , ഷീബ മാത്യു, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിൻസ് പെരിഞ്ചേരി , അഡ്വ ജസ്റ്റിൻ കരിപാട്ട് , പൂവം ബേബി , ജോയ്സ് മെനയ്സസ് , രാജു തോമസ് , പ്രകാശ് പീറ്റർ , വിൻസെന്റ് വട്ടപറമ്പിൽ , പി.ആർ.ഒ സിബി ജോയ് എന്നിവർ പ്രസംഗിച്ചു.









