03:12am 22 November 2026
NEWS
കേരളത്തിന്റെ ചെങ്കല്ലിൽ കോടികളുടെ മൂല്യമുള്ള സ്കാൻഡിയം; നമുക്കു മുന്നിൽ തുറക്കുന്നത് പുതിയ സാധ്യതകൾ
20/11/2026  08:51 AM IST
nila
കേരളത്തിന്റെ ചെങ്കല്ലിൽ കോടികളുടെ മൂല്യമുള്ള സ്കാൻഡിയം; നമുക്കു മുന്നിൽ തുറക്കുന്നത് പുതിയ സാധ്യതകൾ

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ആഗോള പോരാട്ടത്തിൽ നിർണായകമാകുന്ന അപൂർവ ലോഹമായ സ്കാൻഡിയത്തിന്റെ സാന്നിധ്യം കേരളത്തിലെ ചെങ്കൽ നിക്ഷേപങ്ങളിൽ കണ്ടെത്തിയത് പുതിയ പ്രതീക്ഷകൾക്ക് വഴിതുറക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെ ലാറ്ററൈറ്റ് (ചെങ്കല്ല്) മേഖലകളിൽ സ്കാൻഡിയത്തിന്റെ സാന്നിധ്യം ഉയർന്ന അളവിൽ കണ്ടെത്തിയതായാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ജി.എസ്.ഐ) പഠനങ്ങൾ വ്യക്തമാക്കുന്നത്. ഭാവിയിൽ ഇന്ത്യയുടെ തന്ത്രപ്രധാന ധാതു ഉത്പാദനത്തിൽ കേരളത്തിനും നിർണായക പങ്കുവഹിക്കാൻ കഴിയുമെന്ന സൂചനയാണ് ഈ കണ്ടെത്തൽ നൽകുന്നത്.

എന്തുകൊണ്ട് സ്കാൻഡിയത്തിന് ഇത്രയേറെ വില?

ആഗോളതലത്തിൽ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്ന ഊർജ സംവിധാനത്തിൽനിന്ന് ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിലേക്ക് മാറാനുള്ള ശ്രമങ്ങൾ ശക്തമാകുകയാണ്. 2050-ഓടെ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം. ഈ മാറ്റത്തിൽ നിർണായക പങ്കുവഹിക്കാൻ ശേഷിയുള്ള ലോഹങ്ങളിലൊന്നാണ് സ്കാൻഡിയം.

ഭാരം കുറഞ്ഞതും ഉയർന്ന കരുത്തുള്ളതുമായ അലുമിനിയം അലോയ്‌കൾ നിർമിക്കാൻ സ്കാൻഡിയം ഉപയോഗിക്കുന്നു. ഇന്ധന സെല്ലുകൾ, പ്രതിരോധ ഉപകരണങ്ങൾ, ബഹിരാകാശ സാങ്കേതികവിദ്യ, അത്യാധുനിക ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലും ഈ ലോഹത്തിന് വലിയ പ്രാധാന്യമുണ്ട്.

വ്യാവസായികവും സൈനികവുമായ ആവശ്യകതയും ആഗോളതലത്തിലെ പരിമിതമായ ലഭ്യതയുമാണ് സ്കാൻഡിയത്തെ നിർണായക ധാതുവിന്റെ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണം. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്കാൻഡിയം ഉത്പാദകരും വിതരണക്കാരും ചൈനയാണ്. ടൈറ്റാനിയം, അപൂർവ ഭൂമി മൂലകങ്ങൾ എന്നിവയുടെ സംസ്കരണത്തിനിടെയാണ് പ്രധാനമായും സ്കാൻഡിയം വേർതിരിച്ചെടുക്കുന്നത്.

ഇന്ത്യയിൽ ഇപ്പോൾ വാണിജ്യാടിസ്ഥാനത്തിലുള്ള സ്കാൻഡിയം ഉത്പാദനമില്ല. എന്നാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലാറ്ററൈറ്റ് നിക്ഷേപങ്ങളിൽ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ ഭാവി ധാതു സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ സാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നത്.

കണ്ണൂരിലും കാസർകോട്ടും പ്രതീക്ഷ

വടക്കൻ കേരളത്തിലെ ചെങ്കൽ മേഖലകളിൽ സ്കാൻഡിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് പുതിയ ശ്രദ്ധയ്ക്ക് കാരണം. പ്രത്യേകിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിലെ ലാറ്ററൈറ്റ് നിക്ഷേപങ്ങളിലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കേരള ഘടകം പഠനങ്ങൾ നടത്തിയത്.

നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷന്റെ പശ്ചാത്തലത്തിൽ ഈ കണ്ടെത്തലിന് കൂടുതൽ പ്രാധാന്യമുണ്ട്. കേരളത്തിന്റെ ഭൂവിഭവങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന നിർണായക ധാതുക്കളെ കണ്ടെത്തി പ്രയോജനപ്പെടുത്താനുള്ള സാധ്യതകളാണ് ഇതോടെ ചർച്ചയാകുന്നത്.

സ്വതന്ത്രമായി ഖനനം ചെയ്ത് വേർതിരിച്ചെടുക്കുന്ന ലോഹമല്ല സ്കാൻഡിയം. ലാറ്ററൈറ്റ്, ബോക്സൈറ്റ്, നിക്കൽ, അപൂർവ ഭൂമി മൂലകങ്ങൾ എന്നിവയുടെ നിക്ഷേപങ്ങളിൽനിന്ന് ഉപോൽപ്പന്നമായാണ് സാധാരണയായി ഇത് ലഭിക്കുന്നത്.

കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയും പുരാതന ക്രിസ്റ്റലിൻ ശിലകൾക്ക് മുകളിൽ രൂപപ്പെട്ടിട്ടുള്ള വിശാലമായ ലാറ്ററൈറ്റ് ആവരണങ്ങളും സ്കാൻഡിയം ഉൾപ്പെടെയുള്ള ധാതുക്കൾ സ്വാഭാവികമായി സാന്ദ്രീകരിക്കുന്നതിന് അനുകൂലമാണ്. ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് കാണപ്പെടുന്നതിനാൽ ഇത്തരം നിക്ഷേപങ്ങൾ തുറന്ന ഖനനത്തിലൂടെ വേർതിരിച്ചെടുക്കാനും താരതമ്യേന എളുപ്പമാണ്.

കിലോയ്ക്ക് കോടികൾ വിലയുള്ള ലോഹം

അന്താരാഷ്ട്ര വിപണിയിൽ സ്കാൻഡിയം ഓക്സൈഡിന് കിലോഗ്രാമിന് ഏകദേശം 750 മുതൽ 1,200 ഡോളർ വരെയാണ് വില. ഇന്ത്യൻ രൂപയിൽ ഏകദേശം 65,000 മുതൽ 1.05 ലക്ഷം രൂപ വരെ വരുമിത്.

വ്യാവസായിക നിലവാരത്തിലുള്ള സ്കാൻഡിയം ലോഹത്തിന് കിലോഗ്രാമിന് 2.8 ലക്ഷം മുതൽ 8.6 ലക്ഷം രൂപ വരെയും അൾട്രാ ഹൈ പ്യൂരിറ്റി സ്കാൻഡിയത്തിന് 1.5 കോടി മുതൽ 1.8 കോടി രൂപ വരെയും വിലയുണ്ടെന്നാണ് കണക്കുകൾ.

കാസർകോട് ജില്ലയിലെ ഏതടക്കയിലെ അലുമിനസ് ലാറ്ററൈറ്റ് നിക്ഷേപങ്ങളെക്കുറിച്ചും കാനം മേഖലയിലെ നിർണായക ധാതുക്കളെക്കുറിച്ചും നടത്തിയ പര്യവേക്ഷണങ്ങളിൽ സ്കാൻഡിയത്തിന്റെ ഉയർന്ന സാന്ദ്രത സംബന്ധിച്ച വിവരങ്ങൾ ജി.എസ്.ഐയ്ക്ക് ലഭിച്ചിട്ടുണ്ട്.

അലുമിനസ് ലാറ്ററൈറ്റ്, വനേഡിയം എന്നിവയ്ക്കൊപ്പം സ്കാൻഡിയത്തിന്റെ വിഭവശേഷിയും ഇവിടെ കണക്കാക്കിയിട്ടുണ്ട്. ജി-3 തലത്തിലുള്ള യു.എൻ.എഫ്.സി വർഗീകരണം അനുസരിച്ച് ഏതടക്കയിലെ 2.4 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് ഈ വിഭവശേഷി കണക്കാക്കിയിരിക്കുന്നത്.

ഖനനം തുടങ്ങിയിട്ടില്ല; കൂടുതൽ പഠനങ്ങൾ വേണം

സ്കാൻഡിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ഈ നിക്ഷേപം വാണിജ്യാടിസ്ഥാനത്തിൽ ഖനനം ചെയ്യാൻ കഴിയുമോയെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. അതിന് കൂടുതൽ വിശദമായ പര്യവേക്ഷണവും നിക്ഷേപത്തിന്റെ കൃത്യമായ അളവ് നിർണയിക്കലും ലബോറട്ടറി പരിശോധനകളും ആവശ്യമാണ്. പരിസ്ഥിതിക്ക് ഉണ്ടാകാവുന്ന ആഘാതവും വിലയിരുത്തേണ്ടതുണ്ട്.

ഖനനം സാമ്പത്തികമായി ലാഭകരമാണെന്ന് തെളിഞ്ഞാൽ പോലും പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകുന്ന സുസ്ഥിര രീതികൾ സ്വീകരിക്കേണ്ടിവരും. പ്രദേശവാസികളുടെ പങ്കാളിത്തവും ഇത്തരം പദ്ധതികളുടെ വിജയത്തിൽ നിർണായകമാണ്.

ചെങ്കല്ല് ഖനനം; നഷ്ടമാകുന്നത് നാളത്തെ ധാതുസമ്പത്തോ?

കേരളത്തിലെ ലാറ്ററൈറ്റ് മേഖലകളിൽ നിർമാണാവശ്യങ്ങൾക്കായി നടക്കുന്ന വ്യാപകമായ ഖനനം പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ ആശങ്കയുയർത്തുന്നുണ്ട്. ചെങ്കല്ല് നിർമാണത്തിനുള്ള സാധാരണ അസംസ്കൃത വസ്തുവായി മാത്രം കാണുമ്പോൾ അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന തന്ത്രപ്രധാന ധാതുവിഭവങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

സ്കാൻഡിയത്തിന് പുറമേ ഗാലിയം, വനേഡിയം, അപൂർവ ഭൂമി മൂലകങ്ങൾ തുടങ്ങിയവയുടെ സാന്നിധ്യവും ലാറ്ററൈറ്റ് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശാസ്ത്രീയമായ പരിശോധനകളും വിഭവനിർണയവും നടത്താതെ ഇത്തരം മേഖലകൾ വ്യാപകമായി ഖനനം ചെയ്ത് നീക്കുന്നത് ഭാവിയിൽ വിലപ്പെട്ട ധാതുസമ്പത്ത് നഷ്ടപ്പെടാൻ കാരണമായേക്കാം.

ഇന്ന് കെട്ടിടനിർമാണത്തിനായി ഉപയോഗിക്കുന്ന ചെങ്കല്ല് നാളെ രാജ്യത്തിന്റെ ഊർജ, പ്രതിരോധ, സാങ്കേതിക മേഖലകൾക്ക് ആവശ്യമായ തന്ത്രപ്രധാന ധാതുക്കളുടെ ഉറവിടമായി മാറിയേക്കാം. അതുകൊണ്ടുതന്നെ കേരളത്തിലെ ലാറ്ററൈറ്റ് നിക്ഷേപങ്ങളെ വെറും നിർമാണവിഭവമായി കാണാതെ ഭാവിയിലെ ധാതുസമ്പത്തായി കൂടി പരിഗണിക്കണമെന്ന ആവശ്യമാണ് ഈ കണ്ടെത്തൽ മുന്നോട്ടുവയ്ക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img