07:28pm 19 August 2026
NEWS
കേരളം കൈകോർത്ത മിയയ്ക്ക് അമൃതയിൽ ജീൻ തെറാപ്പി നൽകി
19/08/2026  07:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളം കൈകോർത്ത മിയയ്ക്ക് അമൃതയിൽ ജീൻ തെറാപ്പി നൽകി

കൊച്ചി: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (SMA) ടൈപ്പ് 1 ബാധിച്ച മിയ മരിയയ്ക്ക് കൊച്ചി അമൃത ആശുപത്രിയിൽ ജീൻ തെറാപ്പി ചികിത്സ നൽകി. ചികിത്സയ്ക്കായി ആവശ്യമായ 16.5 കോടി രൂപ മൂന്ന് ദിവസത്തിനുള്ളിൽ പൊതുജനങ്ങളുടെ സഹായത്തോടെ സമാഹരിച്ച മിയയുടെ ചികിത്സയിലെ നിർണായക ഘട്ടമാണ് ജീൻ തെറാപ്പിയോടെ പൂർത്തിയായത്.

SMA ടൈപ്പ് 1 സ്ഥിരീകരിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന മിയയ്ക്ക് രോഗത്തിന്റെ പുരോഗതി തടയുന്നതിനായാണ് ജീൻ തെറാപ്പി നൽകിയത്. അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. വിനയൻ. കെ.പി., അസിസ്റ്റന്റ് പ്രൊഫസർ ഡോ. രശ്മി രവീന്ദ്രൻ, പീഡിയാട്രിക് പൾമൊണറി വിഭാഗം മേധാവി ഡോ. സജിത്ത് കേശവൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലാണ് മിയയുടെ ചികിത്സയും തുടർപരിചരണവും.

മിയയുടെ ചികിത്സയ്ക്കായി ആവശ്യമായ ഭീമമായ തുക കണ്ടെത്തുന്നതിനായി കുടുംബം പൊതുസമൂഹത്തിന്റെ സഹായം തേടിയതോടെ കേരളത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ആളുകൾ സഹായഹസ്തവുമായി രംഗത്തെത്തി. ചെറിയ തുകകൾ മുതൽ വലിയ സംഭാവനകൾ വരെ ലഭിച്ചതോടെ വെറും മൂന്ന് ദിവസത്തിനുള്ളിൽ 16.5 കോടി രൂപ സമാഹരിക്കാനായത് കേരളത്തിന്റെ കൂട്ടായ കരുതലിന്റെ ഉദാഹരണമായി മാറി.

ജീൻ തെറാപ്പിക്ക് ശേഷം മിയയുടെ ആരോഗ്യനിലയും ചികിത്സയോടുള്ള പ്രതികരണവും മെഡിക്കൽ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചുവരും. തുടർചികിത്സയും പുനരധിവാസവും ഉൾപ്പെടെയുള്ള പരിചരണം വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിൽ തുടരും.

മിയയുടെ ചികിത്സയ്ക്കായി സഹായിച്ച ആയിരക്കണക്കിന് സുമനസുകൾക്കും പിന്തുണ നൽകിയ മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും കുടുംബം നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img