
നിതീഷ്കുമാർ ബീഹാറിന്റെ മുഖ്യമന്ത്രിയായിട്ട് 20 കൊല്ലമാകുമ്പോഴാണ് 2025 ലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ലാലുപ്രസാദും കുടുംബവും നടത്തിയ ജംഗിൾ രാജ് ഭരണം ഇരുപതുകൊല്ലമായിട്ടും ബീഹാർ മറന്നിട്ടില്ല. ഇരുപതുകൊല്ലത്തെ ഭരണവിരുദ്ധത യുടെ തോത് അളക്കാൻ പോയ ദൽഹിയിലെ മാധ്യമസംഘത്തിലെ മനോരമ ലേഖകൻ തന്റെ ഒരു പൂർവ്വിക സംഘം തെരഞ്ഞടുപ്പ് റിപ്പോർട്ടിംഗിന് പോയപ്പോൾ നേരിട്ട ആർജെഡി ഗുണ്ടകളുടെ കഥ പറഞ്ഞുകൊണ്ടാണ് എൻഡിഎ വിജയത്തിനുശേഷമുള്ള മനോരമയിലെ ജംഗിൾരാജ് സ്റ്റോറി അവസാനിപ്പിച്ചത്.
കേരളത്തിൽ പത്തുവർഷം ഭരണം പൂർത്തിയാക്കുന്ന പിണറായിയുടെ പ്രായം നിതീഷിനെക്കാൾ കൂടുതലാണ്. കേരളത്തിലെ ഭരണവിരുദ്ധതയുടെ കണക്ക് മണ്ഡലാടിസ്ഥാനത്തിൽ പതിനയ്യായിരം മുതൽ ഇരുപതിനായിരം വരെയാണെന്നാണ് മാധ്യമക്കണക്ക്. ഇത് ഒറ്റയ്ക്ക് വിഴുങ്ങാമെന്ന് കോൺഗ്രസ് മുന്നണി കരുതുമ്പോൾ കോൺഗ്രസ്സിനും കമ്മ്യൂണിസ്റ്റുകൾക്കും എതിരായുള്ള ഭരണവിരുദ്ധ പരമ്പരയുടെ വോട്ടായാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
ആദ്യം കെട്ടത് റാന്തൽ
ഓരോ കുടുംബങ്ങളിലെയും ഗ്രൃഹനായികമാരുടെ പേരിൽ 125 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകിയാണ് ആർ.ജെ.ഡിയുടെ റാന്തലിനെ തല്ലിക്കെടുത്തിയത്. ലാലുവിനെയും റാന്തലിനെയും അങ്ങനെയാണ് ബീഹാറിലെ ജനങ്ങൾ മറന്നുതുടങ്ങിയത്.
വികസനപദ്ധതികൾ, സ്ത്രീസുരക്ഷാ സ്കീമുകൾ, ജംഗിൾരാജിനെതിരായ സ്ത്രീശക്തി പ്രയാണം എന്നിവയൊക്കെ നിതീഷ്കുമാറിന്റെ 20 വർഷത്തെ ഭരണത്തിലെ പൊൻതൂവലുകളായിരുന്നു.
രാഹുലിന്റെ തകർച്ച
മാധ്യമങ്ങൾ കെട്ടിപ്പൊക്കിയ പ്രചാരണങ്ങൾ രാഹുലിന്റെ വോട്ടുചോരി യാത്ര കടന്നുപോയ 1500 കിലോമീറ്റർ ദൂരത്തിലുള്ള മണ്ഡലങ്ങളിലെല്ലാം കോൺഗ്രസ്സും ഇൻഡ്യാസഖ്യം നയിച്ച ആർ.ജെ.ഡിയും തോറ്റു.
ബീഹാറിലെ SIR കണ്ടുപിടിത്തങ്ങൾമൂലം പുറത്തായവരിൽ കൽക്കത്തയിൽനിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള കുടിയേറ്റക്കാരുണ്ടായിരുന്നു. SIR നുശേഷം വോട്ടർ പട്ടികയിൽനിന്നും പുറത്തായവരുടെ ഒന്നും പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയിട്ടില്ല.
അതേസമയം നവംബർ രണ്ടാം വാരം വരെ വോട്ടുചേർത്ത മൂന്നരലക്ഷം ചെറുപ്പക്കാർ പ്രശാന്തകിഷോറിന്റെ ജനസ്വരാജ് പാർട്ടിക്കുള്ള വോട്ടാണെന്നും അതൊക്കെ എൻ.ഡി.എ വിരുദ്ധ വോട്ടാണെന്നും ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചു.
പ്രശാന്ത് കിഷോറെന്ന ബലൂൺ ബോംബ്
ബീഹാറിൽനിന്ന് ഒരു ലക്ഷം തൊഴിലാളികളാണ് പാട്ന- കൽക്കത്ത ട്രെയിനിൽ പൊയ്ക്കൊണ്ടിരുന്നത്. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയാണ് ട്രെയിനിന് ടിക്കറ്റെടുക്കാത്തതിന് അവരെ കൂട്ടത്തോടെ പൊക്കിയത്. അതുവരെ ലാലു അവരെ പഠിപ്പിച്ചിരുന്നത് ടിക്കറ്റെടുക്കേണ്ട എന്നാണ്. പിന്നെ ജോർജ്ജ് ഫെർണാണ്ടസും ലാലുപ്രസാദും ഒക്കെ റെയിൽവേ മന്ത്രിയായിരുന്നപ്പോഴാണ് ടിക്കറ്റ് വീണ്ടും നിർത്തിയത്.
ഈ രീതിയിൽ നിരക്ഷരരായ ബീഹാറുകാർക്കിടയിലാണ് തെരഞ്ഞെടുപ്പ് വിദഗ്ദ്ധ വീരനായ പ്രശാന്ത് കിഷോർ ബലൂൺ ബോംബുമായി ഇറങ്ങിയത്. താൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ആക്കിയവരുടെ ലിസ്റ്റ് അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. 2014 ൽ നരേന്ദ്രമോദി, 2010 ൽ മമതബാനർജി ബംഗാളിൽ, പിന്നെ തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിൻ. അപ്പോഴാണ് എ.ഐ.സി.സിയിൽനിന്ന് ഒരു വെല്ലുവിളി കേട്ടത്. പ്രശാന്ത് കിഷോർ ഓടി ദൽഹിയിലെത്തും മുമ്പ് രാഹുലിന്റെ നാലംഗ സംഘം പ്രശാന്ത് കിഷോറിനെ തല്ലി ഓടിച്ചു. നേരെ പാട്നയിൽ ചെന്നുവീണ പ്രശാന്ത് കിഷോർ ഒരു ജനസ്വരാജ് പാർട്ടി ഉണ്ടാക്കി. 254 സീറ്റിലും സ്ഥാനാർത്ഥികളെ നിർത്തി. ബീഹാറിന്റെ പട്ടിണിയും തൊഴിലില്ലായ്മയും മാറ്റുമെന്ന് പ്രഖ്യാപിച്ചു. ഇൻഡ്യൻ പ്രധാനമന്ത്രിയായാൽ ഭാരതത്തെ ബീഹാർ പോലൊരു പട്ടിണി രാജ്യമാക്കുമെന്നുള്ള ലാലുപ്രസാദിന്റെ പ്രവചനം തമാശയായി കണ്ട ബീഹാർ ജനത പ്രശാന്ത് കിഷോറിന്റെ ബലൂൺ ബോംബ് കുത്തിപ്പൊട്ടിച്ചുകളഞ്ഞു. ബാക്കി കെട്ടിവച്ച കാശ് ഏതെങ്കിലും മണ്ഡലത്തിൽ കിട്ടുമോ എന്നറിയാൻ ഇലക്ഷൻ കമ്മീഷൻ സൈറ്റിൽ കേറേണ്ടി വരും.
ഇടതുപക്ഷവും പൊട്ടിപ്പൊളിഞ്ഞു
ഇടതുപക്ഷത്തിന് ബീഹാറിൽ സാമാന്യം ഭേദപ്പെട്ട ഒരു അടിത്തറയുണ്ടായിരുന്നു. ആന്ധ്രയിലെപ്പോലെ സി.പി.ഐ (എം.എൽ) വിഭാഗങ്ങൾക്കാണ് മുൻതൂക്കം. മലയാള മാധ്യമങ്ങൾ എത്ര വിചാരിച്ചിട്ടും കഴിഞ്ഞ തവണത്തെ നേട്ടം അവർക്ക് ഉണ്ടാക്കാനായില്ല. രാജ്യദ്രോഹപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന രാഹുൽഗാന്ധിയുടെ കോൺഗ്രസ്സും പ്രാദേശിക ജാതി-മത സമവാക്യങ്ങളും ഒരുമിച്ചുള്ള ഇൻഡ്യാമുന്നണിയിൽ ചേർന്നതോടെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഏകാധിപത്യ-ഫാസിസ്റ്റ് വിരുദ്ധ പ്രസംഗങ്ങളെല്ലാം അസ്തമിച്ചുകഴിഞ്ഞു. ബംഗാളിലും ത്രിപുരയിലും തൂത്തെറിയപ്പെട്ട ഇടതുപക്ഷം ഇപ്പോൾ ഒന്നോ ഒന്നര സീറ്റിന് വേണ്ടി കോൺഗ്രസ്സ് മുന്നണിയിലെ വാലാട്ടികളുടെറോളിലാണ്. ഇടയ്ക്കിടെയുള്ള സി.പി.ഐ നേതാവ് ഡി. രാജയുടെ പരിദേവനങ്ങൾ മാധ്യമങ്ങൾ പോലും ദൽഹിയിൽ ശ്രദ്ധിക്കുന്നില്ല. സീതാറാം യച്ചൂരിയുടെ മരണത്തോടെ ഇൻഡ്യാമുന്നണിയിലെ സി.പി.എംന്റെ സ്ഥാനം ഏതാണ്ട് ഒഴിഞ്ഞുകിടക്കുകയാണ്. അഖിലേന്ത്യാ സെക്രട്ടറി കൂടുതൽ സമയവും കേരളത്തിലുമാണ്. ഈ നിലപാടുകളുടെ ഏറ്റവും പരിതാപകരമായ സ്ഥിതിയിലൂടെയാണ് ബീഹാറിൽ ഇടതുപക്ഷം തകർച്ചയിൽ നിന്ന് കോൺഗ്രസ്- ആർജെഡി മുന്നണിയിൽ വീണ്ടും വീണ്ടും കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. ഇൻഡ്യാ മുന്നണിയിലെ മുഖ്യകക്ഷികളായ കോൺഗ്രസ്സിന്റേയും ആർ.ജെ.ഡിയുടെയും പാപഭാരങ്ങളും പേറി.
മലയാള മാധ്യമങ്ങൾക്ക് പറ്റിയ അബദ്ധം
'സച്ച് ഭാരത്'. നരേന്ദ്രമോദി ആരംഭിച്ച ഗാന്ധിയൻ സങ്കൽപ്പത്തിലുള്ള ശുചിത്വവൽക്കരണ പദ്ധതി ഏറ്റവും കൂടുതൽ ജനങ്ങളെ ആകർഷിച്ചത്. വടക്കേ ഇൻഡ്യൻ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത്. കേരളത്തിൽപ്പോലും വഴിയോരങ്ങളിൽ ടോയ്ലറ്റുകൾ നിർമ്മിക്കുന്നതിന് ധനകാര്യവകുപ്പ് മുഖേന കേന്ദ്രഫണ്ട് ഉപയോഗിച്ചിട്ടുണ്ട്.
ശുചിത്വാലയങ്ങൾ ബീഹാറിലെ ഗ്രാമങ്ങൾ തോറും ക്യാമറാകളും തൂക്കി ലീഡിംഗ് ചാനലുകളും അതിന്റെ പിന്നാലെ യൂ ട്യൂബ് ചാനലുകളും ബീഹാറിലെ ഒരു വെളുപ്പാൻകാലത്ത് കുറ്റിക്കാടുകളിൽ കൂടി ക്യാമറാക്കാരെ കണ്ട് സ്ത്രീകൾ എഴുന്നേറ്റ് ഓടുന്നതും ചിലർ പകർത്തിയിരുന്നു. ചില വിദഗ്ദ്ധന്മാർ സ്ത്രീകളെ മേക്കപ്പൊക്കെ ഇട്ടാണ് അണിനിരത്തിയത്. കുറ്റിക്കാടുകളിൽ കക്കൂസിൽ പോകുന്നതിന് ബീഹാറിലെ ഗ്രാമവാസികളായ സ്ത്രീകൾ കുങ്കുമപ്പൊട്ടും മേക്കപ്പും ഇടുമോ എന്നുവരെ നിർദ്ദോഷികൾ ചോദിക്കുന്നുണ്ട്. പുരുഷന്മാരായ ഗ്രാമീണവാസികളുടെ അടിപേടിച്ച് ക്യാമറാമാൻമാർ ക്യാമറായും തൂക്കി പ്രസ് ടാഗും ഉയർത്തിപ്പിടിച്ച് ഓടിയകഥയും തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കേൾക്കുന്നുണ്ട്.
രാഹുലിനെതിരെ 'ജഡ്ജ് 273'
കോൺഗ്രസ്സിൽ രാഹുലിന്റെ പിടിപ്പുകെട്ട നേതൃത്വത്തിനെതിരെ ഏറ്റവും കൂടുതൽ എതിർപ്പുമായി രംഗത്തുവന്നത് പി. ചിദംബരമാണ്. പിന്നാലെ ശശി തരൂർ, കാർത്തിക് ചിദംബരം. സോണിയാഗാന്ധിയെ വിമർശിച്ചത് ആദ്യം ശരത് പവ്വാർ ആണ്. ഒരിക്കൽ 1989 തെരഞ്ഞെടുപ്പുകാലത്ത് പി.സി. അലക്സാണ്ടറുടെ ഉപദേശപ്രകാരം രാജീവ് ഗാന്ധി തിരിച്ചുകൊണ്ടുവന്ന പവ്വാറിനെ പിന്നെ പുറത്താക്കിയത് സോണിയാഗാന്ധിയാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ എൻ.സി.പി ഇൻഡ്യാസഖ്യത്തിലാണ്. കപിൽ സിബിലും ഗുലാംനബി ആസാദും അടങ്ങിയിരുന്ന കോൺഗ്രസ്സിലെ ജി. 23 ഇപ്പോൾ നിലവിലില്ല. ഗുലാം നബി ശ്രീനഗറിലും കബിൽസിബിൽ അഖിലേഷ് യാദവ് കൊടുത്ത എം.പി സ്ഥാനവും വാങ്ങി വക്കീൽപ്പണിയുമായി ദൽഹിയിലുണ്ട്. പടിയിറങ്ങാൻ തക്കംനോക്കി ഖാർഗെ ഐ.ഐ.സി.സിയിൽ പരതി നടക്കുന്നു. രാഹുൽഗാന്ധിക്ക് കേൾക്കാനിഷ്ടമുള്ള കാര്യങ്ങൾ മാത്രം ശുപാർശ ചെയ്യുന്ന സംഘടന സെക്രട്ടറി കെ.സി. വേണുഗോപാൽ ബീഹാറിലെ അവശേഷിക്കുന്ന കോൺഗ്രസ്സ് മണ്ഡലം യൂത്ത് പ്രസിഡന്റന്മാരെ തെരഞ്ഞുപിടിച്ചു പുറത്താക്കാൻ ഉപദേശിച്ചു കേരളത്തിലെത്തി.
ഇൻഡ്യയിലെ പ്രതിപക്ഷ നേതാവിന്റെ, സാക്ഷാൽ രാഹുൽഗാന്ധിയുടെ പരോക്ഷവും പ്രത്യക്ഷവുമായ ഭരണഘടന സ്ഥാപനങ്ങളായ പാർലമെന്റ്, കേന്ദ്ര സർക്കാരിന് അനുകൂലവും തങ്ങൾക്ക് എതിരുമായ വിധിയണെങ്കിൽ സുപ്രീംകോടതിയടക്കമുള്ള കോടതികൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ, ഇൻഡ്യയുടെ സൈന്യം എന്നിവയ്ക്കെതിരെയുള്ള വിമർശനങ്ങളിലും പ്രതിഷേധങ്ങളിലും ആക്രമണങ്ങളിലും പുറപ്പെടുവിച്ചിരിക്കുന്നു 273 പ്രമുഖരുടെ രാഹുലിനെതിരായ കുറ്റപ്പത്രം.
ഇതിൽ ഒപ്പുവച്ചവരിൽ 17 മുൻ ജഡ്ജിമാർ, 170 മുൻ സിവിൽ സർവ്വന്റ്സ് ഉദ്യോഗസ്ഥർ, 103 ഓളം ഉയർന്ന മുൻ സൈനികമേധാവികൾ എന്നിവർ ഉൾപ്പെടുന്നു.
ബോധപൂർവ്വം ഇത് മറച്ചുപിടിക്കുന്ന കേരളത്തിലെ പ്രിന്റ് വിഷ്വൽ മീഡിയാകളെ എന്തുപേരിട്ടുവിളിക്കണം.
കേരളം എന്തിന് കാതോർക്കണം ?
ബീഹാർ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരളം തദ്ദേശഭരണ തെരഞ്ഞെടുപ്പ് എന്ന ഒരു മിനി പൊതുതെരഞ്ഞെടുപ്പിനുള്ള അങ്കത്തിന്റെ കച്ചമുറുക്കുന്ന തിരക്കിലാണ്.
ബീഹാർ ഫലം കേട്ട് കേരളത്തിൽ ആദ്യം തുള്ളിച്ചാടിയത് സി.പിഎം സഖാക്കളാണ്. വെടിയും പടക്കവും പൊട്ടിച്ചില്ലെങ്കിലും മനസ്സുകളിൽ ലഡു പൊട്ടിച്ചു. കോൺഗ്രസ്സിന്റെ അമ്പേയുള്ള പരാജയം ആദ്യം അമ്പരപ്പിച്ചുവെങ്കിലും പിന്നെ സന്തോഷിപ്പിച്ചു. ബിജെപി ദേശീയാടിസ്ഥാനത്തിൽ ലഡുവിതരണം ആഘോഷിച്ചപ്പോൾ അതിന്റെ മധുരം നുണഞ്ഞ കേരളത്തിലെ സഖാക്കൾ ബീഹാറിൽ ഇടതുപക്ഷ തോൽവിയെ ബീഹാർ ഉൾപ്പെടുന്ന സാർവ്വദേശീയ പരാജയമാണെന്ന് വിലയിരുത്തി സമാധാനിച്ചു. കേരളത്തിൽ ഇടയ്ക്കിടെ ഇടയുന്ന സി.പി.ഐയ്ക്കും പണി കിട്ടിയല്ലോ എന്നൊരു സി.പി.എം ആശ്വാസം വേറെ.
ഭരണവിരുദ്ധം തദ്ദേശസ്ഥാപനങ്ങളിലും തങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്നുണ്ടെന്ന് ഇടതുപക്ഷത്തിനറിയാം. ആര്യയുടെ ഭരണം സഖാക്കളെ ആശ്വസിപ്പിക്കാൻ യൂണിഫോം ഒക്കെ ഇടീപ്പിച്ച് ജില്ലാസമ്മേളനത്തിൽ മാർച്ച് ചെയ്യിപ്പിച്ചു. എന്നിട്ടും മുടവൻമുഗൾകാർക്ക് എന്തോ പിണക്കമുണ്ട്. അതുകൊണ്ട് ആര്യ നഗരംതന്നെ വിടുന്നു.
ഭരണവിരുദ്ധ വികാരവോട്ട് കോൺഗ്രസ്സും ബി.ജെ.പിയും തമ്മിൽ ഭിന്നിപ്പുണ്ടാക്കുമെന്നാണ് ഇടതുപക്ഷ മുന്നണി കരുതിയത്. സി.പി.എം- സി.പി.ഐയും തമ്മിലുള്ള ഐക്യക്കുറവുണ്ടാകുമെങ്കിലും ഭരണവിരുദ്ധതയുടെ കാര്യത്തിൽ രണ്ടുകൂട്ടർക്കും ആ കാര്യത്തിൽ തുല്യപങ്കാളിത്തമുണ്ട്. കോർപ്പറേഷനുകളിലും ദേവസ്വം ബോർഡുകളിലെ ഭരണസമിതിയിലും രണ്ട് പാർട്ടികൾക്കും തുല്യപങ്കാളിത്തമുണ്ട്.
2019 ലും 2024 ലും കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2019 ൽ ഭൂരിപക്ഷ സീറ്റുകൾ കരസ്ഥമാക്കിയത് കോൺഗ്രസ്സ് ആണ്. 2004 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയത് ജമാഅത്തെ ഇസ്ലാമിയുടെയും വെൽഫെയർ പാർട്ടിയുടെയും വോട്ടാണ്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ അവർ മൂന്നും ചേർന്ന മുന്നണിയായിട്ടാണ്, അവർ ലീഗിനോടൊപ്പം ഐക്യജനാധിപത്യമുന്നണിയോടൊപ്പം മത്സരിക്കുന്നത്. കോൺഗ്രസ്സ് മുന്നണിയിൽ ഷാഫി പറമ്പിലിനാണ് അതിന്റെ നേതൃത്വം. മുസ്ലീം- ക്രിസ്ത്യൻ വൈരത്തിനെ തണുപ്പിച്ച് നിർത്താൻ കഴിയുന്ന ഉമ്മൻചാണ്ടിയെ പോലൊരു നേതാവിന്റെ അഭാവം കോൺഗ്രസിനുണ്ട്. ക്രിസ്ത്യൻ വോട്ടൊഴുക്ക് ബി.ജെ.പിയിലേക്ക് പ്രവേശിച്ചാൽ കോൺഗ്രസ്സിന്റെ ദേശീയ വോട്ടുബാങ്കിലെ ചോർച്ച കേരളത്തിലും ബാധിക്കും.
തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകളിൽ രണ്ടാം സ്ഥാനത്ത് പിടിച്ചുകയറാനുള്ള ത്രാണി കോൺഗ്രസ്സിനില്ല. ശശി തരൂരിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടുമാത്രമാണ് കോൺഗ്രസ്സിന്റെ സമ്പാദ്യം. അതിൽ എത്ര വോട്ട് കോൺഗ്രസ്സിനുണ്ട്. ഭരണമുന്നണിയുടെ വിരുദ്ധ വോട്ടും കോൺഗ്രസ്സിന്റെ രാഷ്ട്രീയ വിരുദ്ധവോട്ടും പിടിക്കുന്നത് ബി.ജെ.പിയായിരിക്കും.
ശബരിമല അറസ്റ്റ് ഭീഷണി ഇലക്ഷനെ ബാധിക്കും
2019 ലെ സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കുന്ന വിഷയം ഇടതുപക്ഷത്തെ പ്രത്യേകിച്ച് സി.പി.എമ്മിനെ ശരിക്കൊന്നു പൊള്ളിച്ചതാണ്. ആചാരവിഷയമാണെങ്കിലും അതിൽ ഏറ്റവും കൂടുതൽ പീഡനവും പോലീസ് ആക്രമണവും നേരിടേണ്ടി വന്നത് ബി.ജെ.പിക്കും സംഘപരിവാർ കക്ഷികൾക്കുമാണ്. തൂണും ചാരി നിന്നവർ പെണ്ണും കൊണ്ടുപോയി എന്ന അവസ്ഥയുണ്ടായി. മുസ്ലീം ലീഗിൽവരെ സീറ്റുകൾ വച്ചുനോക്കുമ്പോൾ അവർക്കും ശബരിമല വിശ്വാസം ലാഭക്കച്ചവടമായിരുന്നു. സി.പി.എംന്റെ വനിതാമതിലുൾപ്പെടെ പൊളിഞ്ഞ വെള്ളാപ്പള്ളിയുടെ നവോത്ഥാന സമിതിക്ക് ചെലവാക്കിയ സർക്കാർ പണം വേസ്റ്റായി.
സി.പി.എം കേരളത്തിലെ പോളിറ്റ് ബ്യൂറോ നേതാക്കളായ കോടിയേരിയും എം.എ. ബേബിയും ശരണം വിളിച്ച് വീടുകയറി. എന്നിട്ടും ജമാഅത്തെയെ പിടിച്ചാണ് രണ്ടാം പിണറായി സർക്കാർ ഉണ്ടായത്. 2021 ൽ കരുനാഗപ്പള്ളിയിലും അമ്പലപ്പുഴയും കായംകുളത്തും ഒക്കെപ്പിടിച്ച മുസ്ലീം വോട്ട് 2024 ൽ ബി.ജെ.പിയും കോൺഗ്രസ്സും പങ്കിട്ടു. ഭരണവിരുദ്ധ വോട്ടിന്റെ കാര്യത്തിൽ 2025 ലും ഇത് ആവർത്തിക്കും.
ഇവിടെയാണ് ബീഹാർ ഫലം കേരളജനതയുടെ കണ്ണുതുറപ്പിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരം പ്രസക്തമാകുന്നത്. 2019 ലെ സ്ത്രീവിരുദ്ധ സമരത്തിന്റെ മറവിൽ നടന്ന സ്വർണ്ണപ്പാളി മോഷണത്തിൽ സി.പി.എംന്റെ രണ്ട് സീനിയർ നേതാക്കൾ അകത്തായി. ഹൈക്കോടതി നിയോഗിച്ച SIT ഇനി മുൻമന്ത്രിമാരിലേക്കും മന്ത്രിമാരിലേക്കും പോയാൽ പാർട്ടി വീണ്ടും വിയർക്കും.










