
കൊച്ചി: കഴിഞ്ഞ ഒൻപത് വർഷമായി നയങ്ങളിൽ സ്ഥിരത പുലർത്തുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ആഗോള നിക്ഷേപക സംഗമത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തോടുള്ള വ്യവസായ സംരംഭകരുടെ മനോഭാവത്തിൽ വലിയ മാറ്റം വന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിശ്വാസം സംസ്ഥാനത്ത് നിക്ഷേപം നടത്താൻ വ്യവസായികൾക്ക് ആത്മവിശ്വാസം പകരുന്നു.കേരളത്തിലെ ദേശീയപാതാ വികസനം ഒരു വർഷത്തിനകം പൂർത്തിയാക്കും. മറ്റു റോഡുകളുടെ അവസ്ഥയും മെച്ചപ്പെട്ടതാണ്. വിഴിഞ്ഞം തുറമുഖം പൂർണ്ണ തോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ മറ്റ് സംസ്ഥാനങ്ങളിലെ ലോജിസ്റ്റിക്ക് കമ്പനികൾക്കും വിഴിഞ്ഞത്തെ ആശ്രയിക്കേണ്ടി വരും. വികസനത്തിൻ്റെ കാര്യത്തിൽ കേന്ദ്ര മന്ത്രിമാരും സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടാണ്. ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ശുഭോദർക്കമാണ്. മാനവവിഭവശേഷി സൂചികകളിൽ കേരളം കൈവരിച്ച നേട്ടം കേന്ദ്രത്തിൻ്റെ കൂടുതൽ സാമ്പത്തിക സഹായത്തിന് തടസം സൃഷ്ടിക്കുന്നു. കേരളത്തിൻ്റെ ആളോഹരി വരുമാനം കൂടുതലാണ്. വികസനത്തിൻ്റെ പേരിൽ കേരളം രക്തസാക്ഷിയായിരിക്കുന്നു. കേരളത്തിന് ലഭിക്കേണ്ട സാമ്പത്തിക സഹായം മറ്റ് അവികസിത സംസ്ഥാനങ്ങൾക്ക് നൽകുന്നു. മറ്റ് മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്കനുസൃതമായ സാമ്പത്തിക സഹായം ലഭ്യമായാലേ പുതിയ തലമുറയ്ക്ക് അതിൻ്റെ ഗുണം ലഭിക്കുകയുള്ളുവെന്നും ബാലഗോപാൽ പറഞ്ഞു.











