കൊച്ചി : സംസ്ഥാന സര്‍ക്കാറിന്റെ വിഷന്‍ കേരള 2031 പദ്ധതിയുടെ ഭാഗമായി ഐടി വകുപ്പ് സംഘടിപ്പിച്ച റീകോഡ് കേരള 2025 വികസന സെമിനാര്‍ കൊച്ചിയില്‍ സമാപിച്ചു. സംസ്ഥാനത്തിന്റെ ഐടി വികസനവുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ക്ക് സെമിനാര്‍ വേദിയായി. ഏഴ് പ്രധാന വിഷയങ്ങളിലാണ് സെമിനാറില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്. ഗ്ലോബല്‍ ഇന്‍ഡസ്ട്രി ട്രെന്‍ഡ്സ് ആന്‍ഡ് കേരളാസ് പ്രിപെയര്‍ഡ്നസ് എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ ടോണി തോമസ് (സോഹോ കോര്പ്പറേഷന്), അജയ് പ്രസാദ് (ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സ്), പി. ജയകുമാര്‍ (ടൂണ്‍സ് മീഡിയ ഗ്രൂപ്പ്), നസ്നീന് ജഹാംഗീര്‍ (നെസ്റ്റ് ഡിജിറ്റല്‍), ശരത് ചന്ദ്രന് (ആര്‍മാഡ ഇന്ത്യ), എം.ഇ. അരവിന്ദ് (ഹെക്സ്20) എന്നിവര്‍ പങ്കെടുത്തു. കേരളം ആഴത്തിലുള്ള ടെക് ഇക്കോസിസ്റ്റം സൃഷ്ടിക്കാനുള്ള മികച്ച സാഹചര്യങ്ങളുള്ള സംസ്ഥാനമാണെന്നു സെഷനില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ സുസ്ഥിര വളര്‍ച്ചയുടെ ആധാരമാണെന്നും, ആനിമേഷന്‍, വിച്വല്‍ എഫക്ട്സ്, ഗെയിമിംഗ്, എക്സ്റ്റന്‍ഡഡ് റിയാലിറ്റ മേഖലകളില്‍ കേരളം ആഗോള പ്രതിഭകളെ ആകര്‍ഷിക്കുമെന്നും സെഷനില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ബില്‍ഡിംഗ് ബ്രാന്‍ഡ് കേരള എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ വിനയ് കല്യാണ പരകാല, സ്വരൂപ് ബി.ആര്., ജോസഫ് മാര്ട്ടിന് സി.എഫ്., ഡോ. ധരുന് കാസിലിംഗം, സന്ദീപ് ബാലാജി, ജിലു ജോസഫ് എന്നിവര്‍ സംസാരിച്ചു. ഉയര്‍ന്ന സാക്ഷരതയും മനുഷ്യ വികസന സൂചികയും വനിതാ പങ്കാളിത്തവും കേരളത്തിന്റെ ആഗോള ബ്രാന്‍ഡ് മൂല്യത്തിന്റെ അടിസ്ഥാനമാകുമെന്ന് സെഷനില്‍ അഭിപ്രായമുയര്‍ന്നു. ഡിജിറ്റല്‍ ലീപ്പ് ഇന്‍ ഐടി ഗവേണന്‍സ് എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ ഡോ. പള്ളബ് സഹ, ചൈത്ര തെരേസ ജോണ്‍ ഐപിഎസ്, ദിനേഷ് തമ്പി, ഡോ. പി.വി. ഉണ്ണികൃഷ്ണന്, ഡോ. സ്മിജു ഐ.എസ്. എന്നിവര്‍ ഡിജിറ്റല്‍ ഗവണ്മെന്റിന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചു. ഡിജിറ്റല്‍ കേരള ആര്‍ക്കിടെക്ചര്‍ ഫ്രെയിംവര്‍ക്ക് (D-KAFE) മുഖേന 100 ശതമാനം ഓണ്‍ലൈന്‍ പൊതുസേവനങ്ങള്‍ ഉറപ്പാക്കാനാവുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
പവറിംഗ് ദ ഇലക്ട്രോണിക് ചിപ്പ് റവല്യൂഷന് ഇന്‍ കേരള എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ പ്രൊഫ. രാജേഷ് എച്ച്. സെലെ (ഐഐടി ബോംബെ), പി.വി.ജി. മേനോന് (ടാറ്റാ പ്രോജക്ട്സ്), ലിബിന് ടി.ടി. (സി-ഡാക്), റിജിന്‍ ജോണ്‍ (സിലിസിയം സര്‍ക്യൂട്ട്സ്), യോഗന്‍ സെന്തില്‍കുമാര്‍ (ഐവിഎപി സെമികണ്ടക്ടര്‍), ഡോ. സങ്കല്‍പ്പ് സിംഗ് (സിനോപ്സിസ്) എന്നിവര്‍ പങ്കെടുത്തു. സെമികണ്ടക്ടര്‍ ഡിസൈന്‍, ഫൗണ്ട്രി, ഇഡിഎ ടൂള്‍സ്, സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം എന്നിവയില്‍ കേരളം നിക്ഷേപം കണ്ടെത്തണമെന്ന് പാനല്‍ അംഗങ്ങള്‍ പറഞ്ഞു. ബില്‍ഡിംഗ് ദ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫോര്‍ കേരള എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ അമിതാഭ് ഭാടിയ (റിലയന്‍സ് ജിയോ), അലോക് ബൈദ്യ (എഡബ്ല്യുഎസ് ഇന്ത്യ), ബിനു നായര്‍ (സിസ്കോ), ബെനില്‍ തോമസ് (ഇവൈ), മുരളി കിഷോര്‍ (കെ-ഫോണ്‍) എന്നിവര്‍ സംസാരിച്ചു. കെ-ഫോണ്‍ പദ്ധതിയിലൂടെ കേരളം ഡിജിറ്റല്‍ ഉള്‍പ്പെടുത്തലിന്റെയും എഐ റെഡിനസ്സിന്റെയും മാതൃകയായതായി പാനല്‍ ചര്‍ച്ച വിലയിരുത്തി.
സ്കില്ലിംഗ് ഫോര്‍ ഡിജിറ്റല്‍ ഫ്യൂച്ചര്‍ എന്ന വിഷയത്തില്‍ ഡോ. അന്‍വര്‍ സാദത്, ഡോ. രാജശ്രീ എം.എസ്, സരിക നായര്‍, കോശി എം. മാത്യു, തോമസ് പി. തോമസ് എന്നിവര്‍ സംസാരിച്ചു. അക്കാദമിയ-ഇന്‍ഡസ്ട്രി സഹകരണം കൂടുതല്‍ ശക്തമാക്കണമെന്നും, ഭാവിയിലെ എഐ അധിഷ്ഠിത തൊഴില്‍ ലോകത്തിനായി യുവാക്കളെ സജ്ജരാക്കണമെന്നും അവര്‍ പറഞ്ഞു. റീഡിഫൈനിംഗ് ദ ഇന്നവേഷന്‍ ലാന്‍ഡ്സ്കേപ്പ് ചര്‍ച്ചയില്‍ ഡോ. പ്രീതി മണ്ണിലേദം, മിധു ഉണ്ണിത്താന്, ഡോ. ലിനി ബേസില്‍, അജയ് ബേസില്‍ വര്‍ഗീസ്, ഫെലിക്സ് ജോസ്മോന് എന്നിവര്‍ പങ്കെടുത്തു. ഗവേഷണ-വ്യവസായ ബന്ധം ശക്തിപ്പെടുത്തിയും ആഗോള സഹകരണങ്ങള്‍ ഉറപ്പാക്കിയും കേരളത്തിന് ഇന്നവേഷന്റെ കേന്ദ്രമായി വളരാനാവുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.








