
തിരുവനന്തപുരം: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണവിധി നിർണ്ണയിക്കുന്നതിൽ നിർണ്ണായക ശക്തിയായി സ്ത്രീ വോട്ടർമാർ മാറുന്നു. പുരുഷന്മാരെക്കാൾ ആറ് ശതമാനത്തോളം അധികം സ്ത്രീകൾ ഇക്കുറി വോട്ട് രേഖപ്പെടുത്തിയതോടെ, പോളിംഗ് ബൂത്തുകളിൽ കണ്ടത് സമാനതകളില്ലാത്ത പെൺകരുത്ത്. 81.19 ശതമാനം സ്ത്രീകളാണ് ഇത്തവണ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
സ്ത്രീ വോട്ടുകളിൽ വൻ വർദ്ധന
സംസ്ഥാനത്തെ ആകെ 2.71 കോടി വോട്ടർമാരിൽ 1,39,21,868 പേർ സ്ത്രീകളാണ്. ഇതിൽ 1,13,03,164 പേരും വോട്ട് രേഖപ്പെടുത്തി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 73.94% സ്ത്രീകൾ വോട്ട് ചെയ്ത സ്ഥാനത്ത് ഇക്കുറി 7.25 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പുരുഷന്മാരുടെ പോളിംഗ് ശതമാനം 75.19 മാത്രമാണ്. പുരുഷന്മാരുടെ പോളിംഗിൽ കഴിഞ്ഞ തവണത്തേക്കാൾ വെറും 1.34 ശതമാനത്തിന്റെ വർദ്ധനവ് മാത്രമാണ് ഉണ്ടായത്.
നിർണ്ണായകമായത് ആനുകൂല്യങ്ങൾ?
സ്ത്രീ വോട്ടർമാരെ വലിയ തോതിൽ ആകർഷിക്കാൻ മുന്നണികൾ മുന്നോട്ടുവെച്ച പദ്ധതികൾ സഹായിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
സ്ത്രീ സുരക്ഷാ പദ്ധതി: തൊഴിലില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന സർക്കാരിന്റെ പദ്ധതി.
വാഗ്ദാനങ്ങൾ: പ്രകടന പത്രികകളിൽ രാഷ്ട്രീയ കക്ഷികൾ നൽകിയ സൗജന്യ യാത്രയടക്കമുള്ള വാഗ്ദാനങ്ങളും വനിതകളെ ബൂത്തിലെത്തിക്കാൻ പ്രേരിപ്പിച്ചു.
പോളിംഗ് കണക്കുകൾ ഒരൊറ്റനോട്ടത്തിൽവിഭാഗം പോളിംഗ് ശതമാനം
സ്ത്രീകൾ 81.19%
പുരുഷന്മാർ 75.19%
ആകെ (താൽക്കാലികം) 78.27%കുറിപ്പ്: സർവീസ് വോട്ടുകളും ഹോം വോട്ടുകളും കൂടി ചേർക്കുമ്പോൾ ആകെ പോളിംഗ് 80 ശതമാനം കടക്കുമെന്നാണ് ഇലക്ഷൻ കമ്മീഷന്റെ വിലയിരുത്തൽ.
മുന്നിലും പിന്നിലും
കൂടുതൽ പോളിംഗ് നടന്ന മണ്ഡലം: കുന്നമംഗലം (84.84%). തൊട്ടുപിന്നിൽ കുന്നത്തുനാട് (84.09%).
കുറഞ്ഞ പോളിംഗ് നടന്ന മണ്ഡലം: റാന്നി (68.98%).
ജില്ലാതലത്തിൽ: കോഴിക്കോട് ജില്ല (81.36%) ഒന്നാമതെത്തിയപ്പോൾ പത്തനംതിട്ട (70.76%) പിന്നിലായി.
സംസ്ഥാനത്തെ 43 മണ്ഡലങ്ങളിൽ 80 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടൊഴുക്ക് അനുകൂലമാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എല്ലാ രാഷ്ട്രീയ മുന്നണികളും.











