12:24pm 08 November 2026
NEWS
കേരളം തിരഞ്ഞെടുപ്പ് മൂഡിലേക്ക്; മുന്നണികളുടെ തന്ത്രങ്ങളും അടവുകളും എന്തെല്ലാം?
15/01/2026  04:47 PM IST
ചെറുകര സണ്ണീലൂക്കോസ്
കേരളം തിരഞ്ഞെടുപ്പ് മൂഡിലേക്ക്; മുന്നണികളുടെ തന്ത്രങ്ങളും  അടവുകളും എന്തെല്ലാം?
HIGHLIGHTS

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറും സഹകമ്മിഷണർമാരും ഫെബ്രുവരി ആദ്യം കേരളത്തിലെത്തും.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തിന് അപ്പുറം പോകില്ലെന്ന് ഉറപ്പായതോടെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടതിനെക്കാൾ മികച്ച ഒരുക്കങ്ങളിലേക്ക് സർവ്വശ്രദ്ധയും തുടങ്ങി മുന്നണികളും രാഷ്ട്രീയപ്പാർട്ടികളും. തിരഞ്ഞെടുപ്പ് കമ്മീഷനും അവരുടേതായ മുന്നൊരുക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. മേയ് ഏഴിന് മുമ്പ് തിരഞ്ഞെടുപ്പ് നടക്കേണ്ടുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്നതിന്റെ ഭാഗമായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറും സഹകമ്മിഷണർമാരും ഫെബ്രുവരി ആദ്യം കേരളത്തിലെത്തും.


തിരഞ്ഞെടുപ്പിൽ വോട്ടർമാരെ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ വൻപ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. സി.പി.എം അടക്കം ഭരണമുന്നണിയിലെ കക്ഷികൾ അവരുടെ സംഘടനാപരമായ പരിപാടികൾക്കും രൂപം നൽകിവരികയാണ്. ജനുവരി 16 മുതൽ 18 വരെ തിരുവനന്തപുരത്ത് ഇ.എം.എസ് അക്കാദമിയിൽ ചേരുന്ന സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റിയോഗം ആരെയൊക്കെ മത്സരിപ്പിക്കണമെന്നതു സംബന്ധിച്ച പൊതുമാനദണ്ഡങ്ങൾക്ക് രൂപം നൽകും.

യു.ഡി.എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസ് ആകട്ടെ ലക്ഷ്യ 2026 എന്ന പേരിൽ വയനാട്ടിലെ ബത്തേരിയിൽ പാർട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളുടെ ഒരു ക്യാമ്പ് സംഘടിപ്പിച്ച് നിയമസഭാ പോരാട്ടത്തിലേക്ക് ആത്മവിശ്വാസത്തോടെ നീങ്ങാൻ വഴിയൊരുക്കുന്ന കർമ്മപദ്ധതി ആവിഷ്‌ക്കരിച്ചിക്കുകയാണ്. കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയംഗങ്ങൾ ജനുവരി 13, 14 തീയതികളിൽ കേരളത്തിലെത്തി കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് തുടക്കം കുറിച്ചു. ജനുവരി 31 ന് മുമ്പ് കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാലോചനയുണ്ട്. ഫെബ്രുവരിയിൽ മുഴുവൻ സ്ഥാനാർത്ഥികളെയും അണിനിരത്താനും ലക്ഷ്യമിടുന്നുണ്ട്.

ബി.ജെ.പി 34 മണ്ഡലങ്ങളിൽ ജനുവരി 15 ന് മുമ്പ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് വിജയം മുന്നിൽ കണ്ടുള്ള 'മിഷൻ 2026' ജനുവരി 24 ന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് പ്രഖ്യാപിക്കും.
2019 ലെ ലോക്‌സഭാ ഇലക്ഷനിലുണ്ടായ വൻതകർച്ചയുടെ കാരണങ്ങൾ കണ്ടെത്തി നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാനുള്ള അടവുണ്ടാക്കിയപോലെ 2026 ലെ നിയമസഭാ ഇലക്ഷനിലും മൂന്നാം ഊഴം നേടുക എന്നത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പ്രശ്‌നമാണ്. അത് സാധ്യമായില്ലെങ്കിൽ രാജ്യത്തെവിടെയും ഭരണത്തിന്റെ ഭാഗമല്ലാത്ത രാഷ്ട്രീയ കക്ഷിയായി സി.പി.എം മാറും.

ഇക്കഴിഞ്ഞ സെപ്റ്റംബർ 14 ന് ഡെൽഹിയിൽ നടന്ന സി.പി.എം കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ കേരളത്തിൽ മൂന്നാമൂഴത്തിനുള്ള സാഹചര്യം ഉണ്ടെന്ന വിലയിരുത്തലുണ്ടായി. എന്നാൽ നിയമസഭാതിരഞ്ഞടുപ്പിന് തൊട്ടുമുന്നോടിയായുള്ള തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന്റെ ഫലം സി.പി.എംന്റെ വിലയിരുത്തലുകളെയെല്ലാം അപ്രസക്തമാക്കുന്നതായി. അന്നേദിവസം പാർട്ടി സംസ്ഥാന സെക്രട്ടറി നടത്തിയ പ്രാഥമിക പ്രതികരണത്തിൽ ജനവിധി അപ്രതീക്ഷിത തിരിച്ചടിയാണെന്നും സർക്കാരിന്റെ പ്രവർത്തനം ഉൾപ്പെടെ എല്ലാ വിഷയങ്ങളും പരിശോധിക്കുമെന്നുമായിരുന്നു. മാധ്യമപ്രവർത്തകരും അല്ലാത്തവരുമായ എല്ലാ ചിന്താധാരകളിലുമുള്ള രാഷ്ട്രീയ നിരീക്ഷകരും ശക്തമായ ഭരണവിരുദ്ധ വികാരം ജനവിധിയിൽ അലയടിച്ചു എന്ന് ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുകയും ചെയ്തു.

എന്നാൽ സി.പി.എംന്റെ മൂന്നുദിവസം നീണ്ട സംസ്ഥാന നേതൃയോഗങ്ങൾക്കുശേഷം പാർട്ടിയുടെ വിലയിരുത്തലായി സെക്രട്ടറി മാധ്യമങ്ങളോട് വിശദീകരിച്ചത് സർക്കാരിന്റെ പ്രവർത്തനങ്ങൾ ഏറ്റവും മികച്ചതായിരുന്നുവെന്നാണ്. ഭരണവിരുദ്ധ വികാരമേ സംസ്ഥാനത്തിലില്ലെന്ന വിലയിരുത്തലിലാണ് പാർട്ടി എത്തിച്ചേർന്നത്. ഒക്‌ടോബർ 29 ന് നടത്തിയ ക്ഷേമപ്രഖ്യാപനങ്ങൾ ഉൾപ്പെടെ സർക്കാരിന്റെ മേന്മ കൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ വൻവിജയമുണ്ടാകുമെന്ന അമിത ആത്മവിശ്വാസവും സംഘടനാപരമായ ദൗർബല്യവും ചിലയിടങ്ങളിൽ തോൽവിക്ക് കാരണമായി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 33.60 ശതമാനം വോട്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ 39.73 ആയി ഉയർന്നു. ലോക്‌സഭയിലേക്ക് 66,65,470 വോട്ടു നേടിയെങ്കിൽ ഇപ്പോഴത് 84,01,085 ആയി. 1735,175 വോട്ടിന്റെ വർദ്ധന. ഈ പ്രവണത തുടർന്ന് നിയമസഭാ ഇലക്ഷനിൽ കേവല ഭൂരിപക്ഷം മറികടക്കാനാവുമെന്നാണ് സി.പി.എം നേതൃത്വം വിലയിരുത്തുന്നത്. തദ്ദേശ ഫലം നോക്കിയാൽ 60 നിയമസഭാമണ്ഡലങ്ങളിൽ ലീഡുണ്ട്. നേരിയ വോട്ടിന് പിന്നിലായ ഒട്ടേറെ മണ്ഡലങ്ങളുണ്ട്. പാർട്ടിയുടെ സർവ്വശേഷിയും ഉപയോഗിച്ച് ഈ മണ്ഡലങ്ങളിൽ കൂടി വിജയം ഉറപ്പിക്കുന്നതിലൂടെ മൂന്നാം ഊഴം സാധ്യമാകും എന്ന ആത്മവിശ്വാസമാണ് സി.പി.എം നേതൃത്വം വെച്ചുപുലർത്തുന്നത്.

ശബരിമല സ്വർണ്ണക്കൊള്ള പരാജയ കാരണമായെന്ന് നേതൃത്വത്തിനറിയാമെങ്കിലും അതുതുറന്നു സമ്മതിക്കേണ്ടതില്ല എന്നാണ് പാർട്ടിയിലുണ്ടായ ധാരണ. അങ്ങനെയൊരു സ്വയംവിമർശനത്തിന് പറ്റിയ സന്ദർഭമല്ലിത്. പരാജയകാരണമാെയന്ന് സമ്മതിച്ചാൽ കുറ്റാരോപിതരായി ജയിലിൽ കിടക്കുന്നവർക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്ന ചോദ്യത്തിനുൾപ്പെടെ മറുപടി പറയേണ്ടിവരികയും അത് പാർട്ടിക്ക് ക്ഷീണമാകുന്ന കൂടുതൽ വിവാദങ്ങൾ ചിന്തിച്ചുവരുത്തുകയും ചെയ്യും എന്നാണ് വിലയിരുത്തിയത്. എങ്കിലും ശബരിമലയിലെ വിഷയങ്ങളിൽ യു.ഡി.എഫും ബി.ജെ.പിയും നടത്തിയ കള്ളപ്രചാരണ വേല കൊണ്ട് വോട്ടുനേടാനുള്ള പരിശ്രമത്തിൽ അവർ ഉദ്ദേശിച്ചതുപോലെ വിജയിച്ചില്ല എന്ന പാർട്ടിയുടെ വിലയിരുത്തൽ സെക്രട്ടറി പരസ്യമായി പറയുകയുണ്ടായി.

അതേസമയം 2016 ലും 2021 ലും എൽ.ഡി.എഫിന് മികച്ച വിജയത്തിന് കളമൊരുക്കിയ പ്രൊഫഷണൽ പബ്ലിക് റിലേഷൻസ്, തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ഏജൻസികൾ  പിണറായി വിജയൻ സർക്കാർ മൂന്നാം ഊഴവും ഭരണം നടത്തും എന്നുറച്ച പ്രതീക്ഷയാണ് മുഖ്യമന്ത്രിക്ക് നൽകിയിട്ടുള്ളത് എന്നതാണ് വിശ്വസനീയമായ വിവരം. അതുകൊണ്ട് മുഖ്യമന്ത്രി ശുഭാപ്തി വിശ്വാസത്തിൽ തന്നെയാണത്രേ.
ഈ ഏജൻസികൾ നിർദ്ദേശിക്കുന്ന സർക്കാരിന്റെ പ്രൊമോഷനായുള്ള പ്രവർത്തനങ്ങൾക്ക് പണം ഒരു തടസമാകരുതെന്ന കർശനനിർദ്ദേശം ബന്ധപ്പെട്ട വകുപ്പുകൾക്ക്  നൽകിയിട്ടുണ്ട്. സർക്കാരിന്റെ നവകേരള സിറ്റിസൺസ് റെസ്‌പോൺസ് പഠന പരിപാടി നടന്നുവരികയാണ്. 20 കോടി ചെലവിൽ സർക്കാർ നടത്തുന്ന ഈ നവകേരള വികസന ക്ഷേമ സർവ്വേയുടെ സർക്കാർ ഉത്തരവ് ഇറക്കും മുമ്പ് അതിന്റെ രൂപരേഖ തയ്യാറാക്കിയത് സി.പി.എം സംസ്ഥാന സെക്രട്ടറി ജില്ലാകമ്മിറ്റികൾക്ക് അയച്ചിരുന്നു. സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന ലഘുലേഖകളുമായാണ് പാർട്ടി വാളണ്ടിയർമാർ വീടുകളിലെത്തുന്നത്. കേരളത്തിന്റെ ഭാവിവികസനത്തിനുള്ള നിർദ്ദേശങ്ങൾ, നടപ്പിലാക്കേണ്ടി വരുന്ന വികസന പദ്ധതികളിലുണ്ടാകേണ്ട മാറ്റങ്ങൾ, നടപ്പാക്കേണ്ട ക്ഷേമപദ്ധതികൾ നിലവിലെ ക്ഷേമപദ്ധതികളിൽ ഏതെങ്കിലും മാറ്റങ്ങൾ നിർദ്ദേശിക്കാനുണ്ടോ എന്നിവയൊക്കെ ഭവനസന്ദർശനത്തിനെത്തുമ്പോൾ വീട്ടുകാരോട് ചോദിക്കാനാണ് വാളണ്ടിയർമാർക്കുള്ള നിർദ്ദേശം. 711 ക്ഷേമപദ്ധതികളുടെ വിശദാംശങ്ങളടങ്ങിയ പട്ടികയും ഈ വാളണ്ടിയർമാർക്കായി വിതരണം ചെയ്തിട്ടുണ്ട്.

സമ്പൂർണ്ണ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ പ്രഖ്യാപനം കൊണ്ട് സർക്കാരിന് ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നും, സി.പി.എം സഹയാത്രികരായ ബുദ്ധിജീവികളുടെ പോലും വിമർശനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നുമുള്ള കടുത്ത വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ പദ്ധതിയുടെ സെക്കന്റ് എപ്പിസോഡ് എന്ന നിലയിൽ ഒരിക്കൽക്കൂടി ആവർത്തിക്കാനും പരിപാടിയുണ്ട്. സമ്പൂർണ്ണ അതിദാരിദ്ര്യ മുക്ത പദ്ധതി(ഇ.പി.പി 20)രണ്ടാം പതിപ്പ് ഫെബ്രുവരി 19 ന് കണ്ണൂരിൽ തദ്ദേശ ദിനാചരണത്തിൽ മുഖ്യമന്ത്രി നിർവ്വഹിക്കും.
ഭരണപരാജയമോ ഭരണ വിരുദ്ധവികാരമോ ഇല്ലെന്നു വിലയിരുത്തുന്ന സി.പി.എം നേതൃത്വം പാർട്ടി സംഘടനാതലത്തിൽ സംഭവിച്ച പരാജയത്തെക്കുറിച്ച് ബൂത്തുതലത്തിൽ പരിശോധിക്കാൻ തീരുമാനിക്കുകയുണ്ടായി. വോട്ടർ പട്ടികയിൽ ചേർക്കുന്നതു മുതൽ വോട്ടുചെയ്യാനെത്തുന്നവരുടെ കണക്കുവരെയുള്ള കാര്യങ്ങൾ കൃത്യമായി ചിട്ടപ്പെടുത്തിയിരുന്നെങ്കിലും ഈ കാര്യത്തിലൊക്കെ പ്രാദേശികമായി സംഘടനാതലത്തിൽ വീഴ്ച സംഭവിച്ചു എന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ബൂത്തുതല പരിശോധന നടക്കുക. ലഭിക്കുമെന്ന് കരുതിയ വോട്ടുകൾ അതിലെത്ര എണ്ണം കിട്ടിയില്ല എന്നെല്ലാമുള്ള പരിശോധനയിലൂടെ നിയമസഭാ തെരഞ്ഞടുപ്പിൽ സംഘടനാപരമായ വീഴ്ച ആവർത്തിക്കാതിരിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.

തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച പാർട്ടി റിപ്പോർട്ടിംഗ് ജനുവരി 15 ഓടെ പൂർത്തിയാകും. അതിനുശേഷം ജനുവരി 15 മുതൽ 22 വരെ കക്ഷിരാഷ്ട്രീയഭേദമെന്യേയുള്ള എല്ലാ വീടുകളും പാർട്ടി പ്രവർത്തകർ സന്ദർശിക്കും. ഇക്കാലയളവിൽ എല്ലാ വാർഡുകളിലും കുടുംബയോഗങ്ങൾ നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 2400 ലധികം വരുന്ന ലോക്കൽ കമ്മിറ്റി തലത്തിൽ പൊതുയോഗങ്ങൾ സംഘടിപ്പിച്ച് രാഷ്ട്രീയ വിശദീകരണം നടത്താനും പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്.

സി.പി.എം-ബി.ജെ.പി അന്തർധാര എന്ന ആരോപണത്തെ മറികടക്കാൻ വിവിധ വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ പ്രക്ഷോഭം നടത്താനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ജനുവരി 15 ന് തലസ്ഥാനത്ത് ലോക്ഭവനിലേക്കും മറ്റ് ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും സംഘടിപ്പിച്ചിട്ടുള്ള മാർച്ചിൽ പരമാവധി തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെ പങ്കെടുപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.

അതിനിടെ ആരൊക്കെ മത്സരിക്കും മത്സരിക്കില്ല എന്നൊക്കെയുള്ളതു സംബന്ധിച്ച് മാധ്യമങ്ങൾ മത്സരബുദ്ധിയോടെ കൊടുക്കുന്ന ഊഹാപോഹ റിപ്പോർട്ടുകളെ പാർട്ടി അപ്പാടെ തള്ളുകയാണ്. അതുസംബന്ധിച്ച ഒരു ആലോചനയും ചർച്ചയും പാർട്ടിയുടെ ഒരു തലത്തിലും തുടങ്ങിയിട്ടില്ല എന്നത് വാസ്തവമാണ്.

എന്നാൽ സി.പി.എം പുറത്തുതുറന്നുപറയാൻ തയ്യാറാകാത്തതും, എന്നാൽ സി.പി.എമ്മിനെയും ഇടതുമുന്നണിയെയും വലിയ പ്രതിസന്ധിയിലകപ്പെടുത്തിയിട്ടുള്ളതുമായ ഒരു സന്ധിയിലകപ്പെടുത്തിയിട്ടുള്ളതുമായ ഒരു വിഷയത്തെ മറികടക്കാൻ ഇപ്പോൾ അവലംബിക്കുന്ന മാർഗ്ഗം ദൂരവ്യാപകമായി അപകടകരമാണെന്ന അഭിപ്രായം പാർട്ടിയിലൊരു വിഭാഗത്തിനുണ്ട്. സി.പി.ഐയും അതേ അഭിപ്രായം പുലർത്തുന്നവരാണ്. സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാമുദായിക സമവാക്യങ്ങളുടെ ഫലമായി യു.ഡി.എഫിന് മുസ്ലീം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്തുണയേറുകയും ഹിന്ദുവിഭാഗം മറ്റുകക്ഷികളിൽ നിന്നെന്നപോലെ സി.പി.എംൽ നിന്നും ബി.ജെ.പിയിലേക്കു ചേരുകയും ചെയ്യുന്നതാണ് ആ പ്രതിസന്ധി.

ഭൂരിപക്ഷ മതരാഷ്ട്രീയം ബി.ജെ.പിയോട് കൂടുതൽ കൂടുതൽ അടുക്കുന്നു എന്ന പ്രതിസന്ധിയെ മറികടക്കാൻ ജമാഅത്തെ ഇസ്ലാമിയെ മുന്നിൽ നിർത്തി ഇസ്ലാം വിമർശനം നടത്തുന്നതിലൂടെ സാമൂദായിക ധ്രുവീകരണം സൃഷ്ടിച്ച് ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ നേടുക എന്ന ഒറ്റമൂലിയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും 2024 ലെ ലോക്‌സഭാ ഇലക്ഷനുശേഷം ഇടതടവില്ലാതെ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. വെള്ളാപ്പള്ളി മുതൽ എ.കെ. ബാലൻ വരെയുള്ളവരെല്ലാം അതിനുള്ള ടൂളുകൾ മാത്രം. താൽക്കാലിക നേട്ടത്തിനുവേണ്ടിയുള്ള ഈ അടവുനയം കേരളത്തിന്റെ സാമുദായിക സൗഹാർദ്ദത്തിന് വലിയക്ഷതം ഉണ്ടാക്കുമെന്ന് കരുതുന്നവർ ഇടതുപക്ഷത്ത് ഏറെയാണ്.

2019 ലെ ലോക്‌സഭാ ഇലക്ഷനുശേഷം സൃഷ്ടിക്കപ്പെട്ട ക്രിസ്ത്യൻ- മുസ്ലീം ഭിന്നതയുടെ കാലത്ത് രൂപീകരിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. കമ്മീഷൻ റിപ്പോർട്ട് അനക്കാതെ വച്ചിരിക്കുകയായിരുന്നെങ്കിലും ക്രൈസ്തവ സഭകളുടെ അകലം മാറ്റാൻ ജസ്റ്റിസ് ജെ.ബി. കമ്മീഷൻ റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ നടപ്പാക്കാനുള്ള തിരക്കിട്ട ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 2021 ൽ പാർട്ടി കൊണ്ടുവന്ന മാനദണ്ഡങ്ങളൊന്നും തന്നെ ഇത്തവണ നിർബന്ധമാക്കാനിടയില്ല. ഓരോ മണ്ഡലത്തിലും വിജയിക്കാൻ കഴിയുന്ന സ്ഥാനാർത്ഥി എന്നതുമാത്രമായിരിക്കും ഏകമാനദണ്ഡം. രണ്ടുടേം ഉൾപ്പെടെയുള്ള വ്യവസ്ഥ ഇത്തവണ ഉപേക്ഷിക്കുമത്രേ. 2021 ൽ 75 ഔദ്യോഗിക സ്ഥാനാർത്ഥികളം 11 സ്വതന്ത്രരുമടക്കം 86 സീറ്റിലാണ് സി.പി.എം മത്സരിച്ചത്. അഞ്ച് സ്വതന്ത്രരടക്കം 67 സീറ്റിലാണ് ജയിച്ചത്. രണ്ട് ടേം വിജയിച്ചവർ പാർലമെന്ററി രംഗത്തുനിന്നുമാറിനിൽക്കണമെന്നും. 2021 ലെ പാർട്ടി വ്യവസ്ഥ നടപ്പാക്കിയാൽ 23 പേർ മാറിനിൽക്കേണ്ടി വരും. അതെന്തായാലും ഉണ്ടാവില്ല. 75 വയസ് പ്രായനിബന്ധനയിളവ് മുന്നണിയെ നയിക്കുന്ന പിണറായി വിജയനൊഴിച്ച് മറ്റാർക്കെങ്കിലും നൽകാനിടയില്ല. എന്നാൽ കേവലഭൂരിപക്ഷം നേടാനാവശ്യമായ എന്തുവിട്ടുവീഴ്ചയും സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം ഉണ്ടായിക്കൂടെന്നുമില്ല.

സർക്കാരിന്റെ സാമ്പത്തിക സ്ഥിതി അതീവഗുരുതരമാണെങ്കിലും ക്ഷേമപരിപാടികൾ പരമാവധി ഒക്‌ടോബർ 29 ന് പ്രഖ്യാപിച്ചുകഴിഞ്ഞതാണെങ്കിലും വോട്ടർമാരെ ആകർഷിക്കുന്ന ചില പ്രഖ്യാപനങ്ങൾ പുതിയ ബജറ്റിലും ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് വിലയിരുത്തിയ മന്ത്രിസഭായോഗത്തിൽ സർക്കാർ നടപ്പാക്കിയ വികസനപദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും ഉയർത്തിക്കാട്ടി 110 സീറ്റുകൾ നേടാൻ കഴിയും എന്ന് മുഖ്യമന്ത്രി സമർത്ഥിച്ചു.

അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉജ്ജ്വല വിജയം നൽകുന്ന ആത്മവിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ സുൽത്താൻ ബത്തേരിയിൽ നടന്ന 'ലക്ഷ്യ 2026' ലീഡർ സമ്മിറ്റ് നൂറ് പ്ലസ് സീറ്റുകൾ നേടുന്നതിനുള്ള സമഗ്രനിർദ്ദേശങ്ങൾക്ക് രൂപം നൽകിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ മുമ്പില്ലാത്തവിധം ചിട്ടയായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണം എന്നതു സംബന്ധിച്ച വ്യക്തമായ മാർഗ്ഗരേഖ ബത്തേരി സമ്മിറ്റിൽ പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചിരുന്നു. ഇതിന് മുന്നോടിയായി ഉത്തര-മധ്യ- ദക്ഷിണ മേഖല തിരിച്ച് പ്രധാനപ്പെട്ട നേതാക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചർച്ച ചെയ്യുകയും അതിലുയർന്ന വിഷയങ്ങൾ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് എന്നിവർ ക്രോഡീകരിച്ച് അവതരിപ്പിക്കുകയുണ്ടായി.

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആര് മുഖ്യമന്ത്രിയാകുമെന്നതിൽ കോൺഗ്രസിൽ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ തുടങ്ങിയനേതാക്കൾ തമ്മിൽ രൂക്ഷമായ കിടമത്സരമാണെന്ന പ്രചാരണവും മാധ്യമ റിപ്പോർട്ടുകളും കോൺഗ്രസ് അണികളിൽ വലിയ നിരാശക്കിടയാക്കിയിരുന്നു. എന്നാൽ ഡെൽഹിയിൽ രാഹുൽഗാന്ധിയും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗെയും മുൻകയ്യ് എടുത്തുനടത്തിയ ചർച്ചകളും നേതാക്കൾക്കിടയിൽ രൂപമെടുത്ത പരസ്പരധാരണയും ഫലം കണ്ടു എന്നതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ കോൺഗ്രസ് അണികൾ.

ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ മുഖ്യമന്ത്രി സ്ഥാനം രണ്ടരവർഷം പങ്കിടാനുള്ള ആലോചനയൊന്നും നടന്നിട്ടില്ല. എന്നാൽ ജയിച്ചാൽ മുഖ്യമന്ത്രിയാരെന്ന് ഹൈക്കമാൻഡ് നിർദ്ദേശിക്കും എന്നു രാഹുൽഗാന്ധിയും മല്ലികാർജ്ജുന ഖാർഗെയും മുഖ്യമന്ത്രി പദമോഹികളായ നേതാക്കളോട് നേരിട്ട് പറയുകയും കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ എല്ലാ നേതാക്കളും ഒരുമിച്ചു പരിശ്രമിക്കണം എന്ന് നിർദ്ദേശിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രിക്കസേരക്കായുള്ള കിടമത്സരങ്ങൾക്കയവ് വന്നു.  ഈ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചകളും ആശയവിനിമയവും സൗഹാർദ്ദ അന്തരീക്ഷത്തിലായി. നേതാക്കൾ ഒരുമിച്ച് ഒരേ മുറിയിൽ വിശ്രമിക്കുകയും ഒരേ കാറിൽ സഞ്ചരിക്കുകയും ചെയ്യുന്നത് രണ്ടാം നിര നേതാക്കൾക്കും ആവേശകരമായി. താൻ മുഖ്യമന്ത്രിയാകാനില്ലെന്ന് വെളിപ്പെടുത്തിയ ശശി തരൂരും ബത്തേരിയിൽ പാർട്ടി ഐക്യത്തിന്റെ ഭാഗമാകുകയുണ്ടായി.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെയും കോൺഗ്രസിന് ഫിക്‌സഡ് ഡിപ്പോസിറ്റ് എന്നുകരുതപ്പെട്ടിരുന്ന വോട്ടുബാങ്കുകൾക്ക് കോൺഗ്രസ് നേതൃത്വത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെയും പശ്ചാത്തലത്തിൽ കോൺഗ്രസും യു.ഡി.എഫും ബഹുജന അടിത്തറ നഷ്ടപ്പെട്ട് നിലംപരിശായി എന്നുപലരും വിധിയെഴുതിയ സന്ദർഭത്തിലാണ് ഹൈക്കമാൻഡ് പ്രതിപക്ഷത്തേയും കോൺഗ്രസിനേയും നയിക്കാൻ പുതിയ മുഖങ്ങളെ നിയോഗിക്കുന്നത്. 

പരമ്പരാഗതമായി കോൺഗ്രസിനെയും യു.ഡി.എഫിനെയും പിന്തുണച്ചിരുന്ന സാമൂഹിക വിഭാഗങ്ങളുടെ വിശ്വാസവും പിന്തുണയും വേറിട്ട ഇടപെടലുകളിലൂടെ കണ്ടെത്തുകയും. പ്രമാദമായ വിഷയങ്ങളിലൂടെ നൈതികമായ നിലപാടുകളിലൂടെ കക്ഷിരാഷ്ട്രീയമില്ലാത്ത നിക്ഷ്പക്ഷമതികളുടെ മതിപ്പ് ആർജ്ജിച്ചും യു.ഡി.എഫിനെ വിജയവഴിയിലെത്തിച്ച പ്രതിപക്ഷ നേതാവ് എന്ന പ്രതിഛായ വി.ഡി. സതീശന് കൈവന്നിരിക്കുന്നു എന്നത് സി.പി.എമ്മിനേയും എൽ.ഡി.എഫിനേയും വല്ലാതെ അലട്ടുന്നുണ്ട്. ചിട്ടയായ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റും, അസാധാരണ വാക്‌ധോരണിയും കൊണ്ട് മുന്നിൽ നിന്നുനയിച്ചത് തൃക്കാക്കര മുതൽ തദ്ദേശ തിരഞ്ഞെടുപ്പ് വരെ ആധികാരികവിജയം നേടി. വി.ഡി. സതീശന്റെ ലീഡർഷിപ്പിനെ സി.പി.എമ്മും എൽ.ഡി.എഫും ഭയപ്പെടുന്നുണ്ട്. അതിനാലാണ് സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റേയും ശത്രുപക്ഷത്തേക്കുള്ള കടന്നാക്രമണങ്ങളുടെ കുന്തമുന യു.ഡി.എഫ് ചെയർമാൻ വി.ഡി. സതീശനെതിരെ തിരിക്കാനവർ തീരുമാനിച്ചിട്ടുള്ളത്.

ഇടതുമുന്നണിയുടെ ഈ തന്ത്രം തിരിച്ചറിയുന്നതുകൊണ്ടുതന്നെയാണ് പ്രളയാന്തരകാലത്ത് പറവൂർ നിയോജകമണ്ഡലത്തിൽ മഞ്ഞപ്പട്ട് ഫൗണ്ടേഷൻ എന്ന ട്രസ്റ്റിന്റെ ചുമതലയിൽ നടപ്പാക്കിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ നടന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിലെ വ്യത്യസ്ത ശുപാർശകൾ പുറത്തുവിട്ട് വിവാദമാക്കാനുള്ള രാഷ്ട്രീയനീക്കത്തെ കോൺഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി എതിർത്തത് എന്നുവേണം കരുതാൻ. സർക്കാരിന്റെ ഈ രാഷ്ട്രീയനീക്കം പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിനെതിരെ കേസ് എടുത്ത നടപടി പിൻവലിക്കേണ്ടി വന്നതുപോലെ തന്നെ സർക്കാരിന് രാഷ്ട്രീയമായ മണ്ടത്തരമായി മാറും എന്നാണ് മിക്കവരും കരുതുന്നത്.
കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയ സ്‌ക്രീനിംഗ് കമ്മിറ്റി മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിൽ ജോലികൾ ആരംഭിച്ചുകഴിഞ്ഞു. ഹൈക്കമാൻഡ് കേരളത്തിലെ നിരീക്ഷകരായി സച്ചിൻ പൈലറ്റ്, കർണ്ണാടക നേതാവ് കൊച്ചുജോർജ്ജ്, ഇമ്രാൻ പ്രതാപ്ഹഡി, കനയ്യകുമാർ എന്നിവരെ നിയോഗിച്ചിട്ടുണ്ട്.

തദ്ദേശതിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ കോൺഗ്രസ് പ്രതിനിധികളെയും പങ്കെടുപ്പിച്ചുള്ള മഹാസംഗമം അഥവാ മെഗാപഞ്ചായത്ത് ജനുവരി 19 ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ശബരിമല സ്വർണ്ണക്കൊള്ളയ്‌ക്കെതിരെ ജനുവരി 23 ന് നിയമസഭാ മാർച്ചും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടിയും നടത്തും. ലക്ഷ്യലീഡർഷിപ്പ് ക്യാംപിന്റെ തീരുമാനങ്ങൾ വിശദീകരിക്കാനായി കോൺഗ്രസിന്റെ ജില്ലാ ജനറൽ ബോഡി യോഗങ്ങൾ ചേരും. തുടർന്ന് പഞ്ചായത്ത് മണ്ഡലം തലങ്ങളിൽ നിശാക്യാമ്പുകൾ നടത്താനും പരിപാടിയുണ്ട്. ബൂത്ത് പ്രസിഡന്റുമാരുടെയും ഏജന്റുമാരുടെയും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ നിയോജകമണ്ഡലം തലത്തിലുള്ളള യോഗങ്ങൾ ജനുവരി 15, 16 തീയതികളിൽ സംഘടിപ്പിക്കപ്പെടും.

യു.ഡി.എഫ് ചെയർമാനും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശൻ നയിക്കുന്ന 140 നിയോജകമണ്ഡലങ്ങളിലും എത്തുന്ന വാഹനപ്രചാരണ സംസ്ഥാന ജാഥ ഫെബ്രുവരി 6 ന് തുടങ്ങാനാണിപ്പോൾ തീരുമാനിച്ചിട്ടുള്ളത്. യു.ഡി.എഫിൽ നിന്നു അകന്നുപോയ സാമൂഹിക വിഭാഗങ്ങളെല്ലാം തിരിച്ചെത്തിയെന്നതിന്റെ തെളിവായി തദ്ദേശ തിരഞ്ഞടുപ്പിലെ കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ യു.ഡി.എഫിന്റെ വൻവിജയമെന്നാണ് യു.ഡി.എഫ് വിലയിരുത്തുന്നത്. പി.വി. അൻവർ, സി.കെ. ജാനു മുതലായവർ കൂടിയെത്തിയത് യു.ഡി.എഫിന്റെ ബഹുജന അടിത്തറ വിപുലപ്പെടുത്തിയതായും അവർ കണക്കാക്കുന്നുണ്ട്.

കേരളത്തിൽ 10 വർഷം കൊണ്ട് വൻവികസനം കൊണ്ടുവന്നുവെന്ന അവകാശവാദവുമായി എൽ.ഡി.എഫ് ജനങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഉന്നതവിദ്യാഭ്യാസം, ആരോഗ്യ, കാർഷിക, തീരമേഖല, മനുഷ്യവന്യജീവി സംഘർഷം, കാലാവസ്ഥാ വ്യതിയാനം, അഭ്യസ്തവിദ്യരായ യുവാക്കൾ തൊഴിൽതേടി വിദേശത്തേക്ക് ചേക്കേറുക, സാമ്പത്തിക പ്രതിസന്ധി, കടക്കെണി, കുത്തഴിഞ്ഞ പോലീസും ഉദ്യോഗസ്ഥ സംവിധാനവും, ആശമാരുടെ പ്രശ്‌നങ്ങൾ തുടങ്ങി പിണറായി സർക്കാർ പരാജയപ്പെട്ട സമസ്തമേഖലകളിലും, സംസ്ഥാനത്തെ മികവിലേക്കുയർത്തുന്ന ബദൽനയങ്ങൾ അവതരിപ്പിച്ചുകൊണ്ടാവും യു.ഡി.എഫ് ജനങ്ങളെ അഭിമുഖീകരിക്കുക.

ഘടകകക്ഷികളുമായുള്ള സീറ്റുവിഭജനം ഒട്ടും വൈകാതെ പൂർത്തിയാക്കാനാണ് നീക്കം. ലീഗിന് കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റിൽ കൂടുതൽ സീറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ടില്ല. 10 സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് ജോസഫിൽ നിന്ന് കുട്ടനാട് അടക്കം രണ്ട് മൂന്ന് സീറ്റുകൾ കോൺഗ്രസ് ഏറ്റെടുത്തേക്കും. സി.പി. ജോൺ, ഷിബുബേബിജോൺ എന്നിവർക്ക് വിജയിക്കുന്ന സീറ്റുകൾ തന്നെ നൽകണമെന്ന് യു.ഡി.എഫിൽ പൊതു അഭിപ്രായമുണ്ട്. അൻവറിനും നിലമ്പൂരല്ലാതെ ഒരു സീറ്റ് ഉണ്ടാവും.

എൻ.ഡി.എയുടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാവും തുടക്കം കുറിക്കുക. കോർപ്പറേഷൻ ഭരണം ലഭിച്ച തിരുവനന്തപുരത്ത് നഗരവികസന രേഖയുടെ പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തും. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനെ അപേക്ഷിച്ച് തദ്ദേശ ഇലക്ഷനിൽ വോട്ടുവിഹിതത്തിൽ ബി.ജെ.പിക്ക് കാര്യമായ കുറവുണ്ടായതിന്റെ നിരാശ നേതൃത്വത്തിനുണ്ട്. എങ്കിലും തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലഭിച്ചതിന്റെ ആവേശത്തിൽ അണികളത് കാര്യമാക്കില്ലെന്നാണ് നേതൃത്വം കരുതുന്നത്.

2019 ലെ ലോക്‌സഭാ ഇലക്ഷനിൽ 15.61 ശതമാനമായിരുന്ന എൻ.ഡി.എയുടെ വോട്ടുവിഹിതം 2024 ൽ 19.40 ശതമാനമായി വർദ്ധിപ്പിക്കാൻ ബി.ജെ.പിക്ക് സാധിച്ചിരുന്നു. ആ വോട്ടുവിഹിതം ഇക്കഴിഞ്ഞ തദ്ദേശ ഇലക്ഷനിൽ 14.71 ആയി കുത്തനെ ഇടിയുകയായിരുന്നു. ഇത് രാജീവ് ചന്ദ്രശേഖരന്റെ നേതൃപരാജയമാണ്. വി. മുരളീധരനും കെ. സുരേന്ദ്രനുമടക്കമുള്ളവർ വ്യാഖ്യാനിക്കുന്നത് തിരഞ്ഞെടുപ്പ് സമയമായതുകൊണ്ട് അവരത് പരസ്യമായി പറയുന്നില്ലെന്നേയുള്ളൂ.

തദ്ദേശ ഇലക്ഷനിൽ ബി.ജെ.പി കരുത്ത് തെളിയിച്ച 34 നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെയാവും ആദ്യം പ്രഖ്യാപിക്കുക. നേമം, കാട്ടാക്കട, കഴക്കൂട്ടം, ചെങ്ങന്നൂർ, മലമ്പുഴ, ഏലത്തൂർ, കാസർകോട്, മഞ്ചേശ്വരം, അരൂർ മണ്ഡലങ്ങളിൽ 40000 വോട്ടിന് മുകളിൽ എൻ.ഡി.എയ്ക്ക് ലഭിച്ചിരുന്നു. ഇതിൽതന്നെ 5 മണ്ഡലങ്ങളിൽ 45000 വോട്ടുകൾക്കും മുകളിൽ ഉണ്ടായിരുന്നു. നേമത്തും, വട്ടിയൂർ കാവിലും ബി.ജെ.പിക്കാണ് എൽ.ഡി.എഫിനേക്കാളും യു.ഡി.എഫിനേക്കാളും വോട്ടുനേടാനായത്. നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖറും, കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് വി. മുരളീധരനും മുൻകൂട്ടി സ്വയം പ്രഖ്യാപിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല സ്വർണ്ണക്കൊള്ള തന്നെ മുഖ്യവിഷയമാക്കി മുന്നോട്ടുപോകാനാണ് ബി.ജെ.പി കോർകമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. ക്രൈസ്തവ സഭാനേതൃത്വത്തെയും വിശ്വാസികളെയും ഒപ്പം നിർത്താനായി ബി.ജെ.പി നടത്തിയ ക്രിസ്ത്യൻ ഔട്ട് രീയ്യ പരിപാടിയോ, മുനമ്പം പ്രശ്‌നത്തിലെ ഇടപെടലോ, കാസായുടെ ബി.ജെ.പി അനുകൂല പ്രചാരണമോ ഗുണം ചെയ്തിട്ടില്ലെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. തൃശൂരിലടക്കം ക്രൈസ്തവ വോട്ടുകളെല്ലാം എതിരാക്കിയതിൽ സുരേഷ്‌ഗോപിയുടെ പ്രവർത്തനശൈലിയും കാരണമായിട്ടുണ്ടെന്നും വിമർശനമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും എൽ.ഡി.എഫിനേയും സഹായിക്കാനെന്ന പോലെയാണെങ്കിലും വെള്ളാപ്പള്ളി നടേശൻ നടത്തുന്ന മുസ്ലീം വിമർശനങ്ങളിൽ ബി.ജെ.പി ആവേശത്തിലാണ്. അത്യന്തികമായി വെള്ളാപ്പള്ളി നടത്തുന്ന മുസ്ലീം വിരുദ്ധ പ്രസ്താവനകളുടെ ഗുണം തങ്ങൾക്കാണ് ലഭിക്കുക എന്ന് ബി.ജെ.പി കരുതുന്നു.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img