കൊച്ചി: ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലകളിലെ മുന്‍നിര സ്ഥാനം നിലനിര്‍ത്തുന്നതിനൊപ്പം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മികച്ച അനുഭവവേദ്യ ടൂറിസം കേന്ദ്രമായി കേരളം വളരുകയാണെന്ന് കെടിഎമ്മില്‍ പങ്കെടുക്കുന്ന വിദേശ ബയര്‍മാര്‍ അഭിപ്രായപ്പെട്ടു.
കൊച്ചി വെല്ലിംഗ്ടൺ ഐലന്‍ഡിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം 2026) ഭാഗമായി നടന്ന ബി-ടു-ബി ചര്‍ച്ചകളിലാണ് പ്രതിനിധികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ ശാന്തസുന്ദരമായ അന്തരീക്ഷം, സ്വാഭാവിക പ്രകൃതിദൃശ്യങ്ങള്‍, ആകര്‍ഷകമായ പ്രാദേശിക ജീവിതരീതി, സവിശേഷമായ ഭക്ഷണ വിഭവങ്ങള്‍ തുടങ്ങിയവയിലൂടെയാണ് സംസ്ഥാനത്തിന്റെ മുന്‍നിര വളര്‍ച്ച സാധ്യമാകുന്നതെന്നും അവര്‍ പറഞ്ഞു.
അനുഭവവേദ്യ യാത്രകള്‍, പ്രകൃതി, വന്യജീവി സമ്പത്ത്, ആഡംബര താമസസൗകര്യങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന പാക്കേജുകളാണ് തങ്ങള്‍ കെടിഎമ്മില്‍ തേടുന്നതെന്ന് യുഎസിലെ 'വൈല്‍ഡ് ഗിഫ്റ്റ് അഡ്വഞ്ചര്‍ ട്രാവല്‍ കമ്പനി'യിലെ ജെസ്സി ഫ്‌ലെഗെയ്ന്‍ പറഞ്ഞു. പ്രകൃതിയും ചരിത്രവും ഒത്തുചേരുന്ന അന്തരീക്ഷമാണ് സഞ്ചാരികള്‍ ആഗ്രഹിക്കുന്നത്. ഗോള്‍ഡന്‍ ട്രയാംഗിള്‍ മേഖലയില്‍ നിന്ന് വേറിട്ട ഭൂപ്രകൃതിയും ശാന്തമായ അന്തരീക്ഷവും ബീച്ചുകളും തേയിലത്തോട്ടങ്ങളും കേരളത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. കൂടാതെ തിരക്ക് വളരെ കുറവാണെന്നത് പ്രധാനമാണെന്നും ഫ്‌ലെഗെയ്ന്‍ ചൂണ്ടിക്കാട്ടി.
പ്രകൃതിസൗന്ദര്യമാണ് കേരളത്തിന്റെ പ്രധാന ആകര്‍ഷണമെന്ന് തായ്വാനിലെ 'സിപി ട്രാവല്‍ സര്‍വീസ് കോര്‍പ്പറേഷനി'ലെ ജാന്‍ ആന്‍ പിംഗ്, ഹുവാങ് സുവോ-യന്‍ എന്നിവര്‍ പറഞ്ഞു. ഇന്ത്യാ സന്ദര്‍ശന വേളയില്‍ താജ്മഹല്‍ മാത്രം കണ്ട് മടങ്ങുന്ന തായ്വാനിലെ ജനങ്ങള്‍ക്ക് മുന്നില്‍ കേരളത്തിന്റെ വൈവിധ്യങ്ങള്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നതായി എഴുത്തുകാരന്‍ കൂടിയായ സൂ-യെന്‍ പറഞ്ഞു. കേരളത്തിലെ കായലുകളും കടല്‍ത്തീരങ്ങളും കലാരൂപങ്ങളായ കഥകളി, കളരിപ്പയറ്റ് എന്നിവയും വളരെ ആകര്‍ഷകമാണെന്ന് ജാന്‍ ആന്‍ പിംഗ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 30 വര്‍ഷത്തിലധികമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുകെയിലെ വെയില്‍സ് ആസ്ഥാനമായുള്ള 'വെയില്‍സ് ബെക്കണ്‍സ് ലിമിറ്റഡ്' കമ്പനിയില്‍ നിന്നുള്ള എറിക് ഹോളിഡേ 2002 മുതല്‍ കെടിഎമ്മില്‍ പങ്കാളിയാണ്. യുകെയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഇന്ത്യയെ പരിചയപ്പെടാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കേരളം. ശാന്തവും പച്ചപ്പു നിറഞ്ഞതുമായ അന്തരീക്ഷവും കായല്‍ത്തീരങ്ങളും ഏറെ പ്രിയപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ലളിതമായ ജീവിതരീതി, തനത് ഭക്ഷണവിഭവങ്ങള്‍, യോഗ, ആയുര്‍വേദം എന്നിവ ആഗോളതലത്തില്‍ മാര്‍ക്കറ്റ് ചെയ്യാനാകുമെന്ന് ന്യൂയോര്‍ക്കില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന മെയ്ല മെലോ പറഞ്ഞു. കേരളത്തിലെ ഗ്രാമീണ ജീവിതവും മത്സ്യവിഭവങ്ങളും ഹോംസ്റ്റേ സംസ്‌കാരവും സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവമാണ് നല്‍കുന്നത്. കേരളത്തിനായി ഒരു സമഗ്ര വിപണന പദ്ധതി തയ്യാറാക്കാന്‍ ആഗ്രഹിക്കുന്നു. ഹോട്ടലുകളില്‍ നിന്ന് വ്യത്യസ്തമായി പ്രാദേശിക ജീവിത രീതി നേരിട്ടറിയാന്‍ ഹോംസ്റ്റേകള്‍ സഹായകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ പ്രമുഖ യാത്രാ-ഹോസ്പിറ്റാലിറ്റി മേളകളിലൊന്നായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ പതിമൂന്നാം പതിപ്പില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി 1500 ലധികം ബയര്‍മാരാണ് പങ്കെടുക്കുന്നത്. ടൂറിസം സംരംഭകരുടെ 383 സ്റ്റാളുകളും കേരളം, തമിഴ്‌നാട്, ഇന്ത്യ ടൂറിസം തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ 25 സ്റ്റാളുകളും മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പങ്കാളികള്‍ക്കായി സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 3 വരെ സംസ്ഥാനത്തെ 12 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രത്യേക സന്ദര്‍ശന പരിപാടികളും ഒരുക്കിയിട്ടുണ്ട്.









