12:34am 07 November 2026
NEWS
കേരളം നിക്ഷേപക ഹബ്ബായി കുതിക്കുന്നു:മുഖ്യമന്ത്രി
21/02/2025  03:32 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേരളം നിക്ഷേപക ഹബ്ബായി കുതിക്കുന്നു:മുഖ്യമന്ത്രി

കൊച്ചി: മാനുഷിക വിഭവശേഷിയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളം ഇൻവെസ്റ്റ്മെൻ്റ് ഹബ്ബ് എന്ന സ്ഥാനത്തേക്ക് കുതിച്ചു ചാട്ടം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലുലു ബോൾഗാട്ടി ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനുള്ള സൗകര്യമൊരുക്കുന്നതിൽ സർക്കാരിന് വലിയ പങ്ക് വഹിക്കാനുണ്ട്.
 കേരളത്തിൽ നിക്ഷേപം നടത്താൻ വരുന്നവർക്ക് നടപടിക്രമങ്ങൾ മൂലം കാലതാമസം നേരിടരുതെന്നും ചുവപ്പുനാടയിൽ കുടുങ്ങരുതെന്നും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. നിക്ഷേപവുമായി ബന്ധപ്പെട്ട നടപടികൾ ലഘൂകരിക്കുന്ന കാര്യത്തിൽ പ്രധാനപ്പെട്ട ചുവടുവെയ്പ്പുകൾ ഇതിനകം നടത്തിയിട്ടുണ്ട്. 2019 ലെ കേരള മൈക്രോ , സ്മാൾ, മീഡിയം എൻ്റർപ്രൈസസ് ഫെസിലിറ്റേഷൻ ആക്റ്റ് ഉദാഹരണമാണ്.
 ഇതോടൊപ്പം ഉയർന്ന ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും സർക്കാർ മുൻതൂക്കം നൽകുന്നു. ഇതിൻ്റെ ഭാഗമായിട്ടാണ് സാമ്പത്തിക പരാധീനതയുണ്ടായിട്ടും ദേശീയപാത 66  വികസിപ്പിക്കാൻ ആവശ്യമായ തുകയുടെ 25% ബാധ്യത സംസ്ഥാനം ഏറ്റെടുത്തത്. അതിവേഗ ട്രെയ്നുകൾ തുടങ്ങുന്നതിനാവശ്യമായ അനുമതി നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്. ദേശീയപാതയ്ക്കൊപ്പം സംസ്ഥാനത്തെ മറ്റ് പാതകൾ വികസിപ്പിക്കുന്നതിനും സർക്കാർ മുൻഗണന നൽകുന്നു .വ്യവസായ വികസനത്തിന് മറ്റ് രാജ്യങ്ങളുമായി കണക്റ്റിറ്റിവിറ്റി ആവശ്യമാണ്.
കേരളത്തിൽ നാല്  വിമാനത്താവളങ്ങളാണുള്ളത്. എല്ലാ തരത്തിലുമുള്ള എയർക്രാഫ്റ്റുക്കും ലാൻഡ് ചെയ്യാൻ സാധിക്കുന്ന തരത്തിൽ സംവിധാനങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കാനായി പവർ ഹൈവേകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കും. കേരളം പവർ കട്ടില്ലാത്ത സംസ്ഥാനമായി മാറിക്കഴിഞ്ഞു.
 കേരളത്തിൽ സ്ഥല ലഭ്യതക്കുറവ് മൂലം ഒരു നിക്ഷേപകനും വ്യവസായം തുടങ്ങാനാകാതെ മടങ്ങിപ്പോകേണ്ടി വരില്ല. ഇതിനാവശ്യമായ പ്രത്യേക നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
വലിയ തോതിലുള്ള  ചർച്ചകളും വിമർശനവും കേരളീയ സമൂഹത്തിൻ്റെ പ്രത്യേകതകളാണ്. നമ്മൾ കൈവരിച്ച നേട്ടങ്ങൾ വിമർശകർ ഒരിക്കലും അംഗീകരിക്കില്ലെന്ന് ചില സമയത്ത് തോന്നിപ്പോകും. ലക്ഷ്യത്തിലെത്തിച്ചേരാനുള്ള ഉപാധിയെന്ന നിലയിൽ വിമർശനം നല്ലതാണെങ്കിലും വിമർശനം തന്നെ ലക്ഷ്യമായി മാറുമ്പോൾ അത് പ്രതിബദ്ധതയില്ലാത്ത വിമർശനമായി മാറും. വിമർശനം എന്തു തന്നെയായാലും,  പ്രകടമായ മാറ്റങ്ങൾ ജനങ്ങൾക്ക് തിരിച്ചറിയാനും അഭിനന്ദിക്കാനും സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പ്രസംഗത്തിനു ശേഷം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിഥിന്‍ ഗഡ്കരി(ഓണ്‍ലൈന്‍), വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി, യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തുക് അല്‍മാരി, ബഹ്റൈന്‍ വാണിജ്യ-വ്യവസായമന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ എം എ യൂസഫ് അലി, സിഐഐ പ്രസിഡന്‍റ് സഞ്ജീവ് പൂരി, അദാനി പോര്‍ട്സ് എം ഡി കരണ്‍ അദാനി തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന മന്ത്രിമാര്‍, നീതി ആയോഗ് മുന്‍ ചെയര്‍മാനും ജി20 ഷെര്‍പയുമായ അമിതാഭ് കാന്ത്, വ്യവസായ പ്രമുഖരായ എം ഡി അദീബ് അഹമ്മദ്, അനസൂയ റേ, അനില്‍ ഗാന്‍ജു, ഡോ. ആസാദ് മൂപ്പന്‍, ഗോകുലം ഗോപാലന്‍, ജീന്‍ മാനേ, ജോഷ് ഫോള്‍ഗര്‍, മാര്‍ട്ടിന്‍ സൊന്‍റാഗ്, മാത്യു ഉമ്മന്‍, മുകേഷ് മേഹ്ത്ത, എം എം മുരുഗപ്പന്‍, രവി പിള്ള, ടി എസ് കല്യാണരാമന്‍ ശശികുമാര്‍ ശ്രീധരന്‍, ശ്രീപ്രിയ ശ്രീനിവാസന്‍, വിനീത് വര്‍മ്മ, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവരും സംബന്ധിച്ചു. ദ്വിദിന സംഗമത്തിൽ വിദേശികളുൾപ്പെടെ 3000 പ്രതിനിധികൾ പങ്കെടുക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img