03:32pm 06 November 2026
NEWS
കേരളത്തിനെ പുകഴ്ത്തിയ തരൂരിനെ തള്ളി വി ഡി സതീശൻ

15/02/2025  12:29 PM IST
nila
കേരളത്തിനെ പുകഴ്ത്തിയ തരൂരിനെ തള്ളി വി ഡി സതീശൻ

തിരുവനന്തപുരം: വ്യവസായരംഗത്ത് കേരളം വലിയ നേട്ടങ്ങൾ കൈവരിച്ചെന്ന ശശി തരൂർ എംപിയുടെ ലേഖനം കോൺ​ഗ്രസിനുള്ളിൽ പുതിയ പോർമുഖം തുറക്കുന്നു.  ഒരു ഇംഗ്ലീഷ് പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശശി തരൂർ കേരളത്തിലെ വ്യവസായരംഗത്തെ നേട്ടങ്ങളെ പ്രശംസിച്ചത്. സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളർച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നു  എന്നാണ് തരൂർ ലേഖനത്തിൽ പറയുന്നത്. കമ്യൂണിസ്റ്റ് പാർട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ നേട്ടങ്ങൾ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു. ഇതിന് പിന്നാലെയാണ് തരൂരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കൾ രം​ഗത്തെത്തിയത്. 

കേരളം വ്യവസായ അനുകൂല സാഹചര്യമുള്ള സംസ്ഥാനമല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ശശി തരൂർ എന്ത് സാഹചര്യത്തിലും കണക്കുകളുടെ അടിസ്ഥാനത്തിലുമാണ് ലേഖനമെഴുതിയതെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനമല്ല കേരളം. അത് മെച്ചപ്പെട്ട് വരേണ്ടതുണ്ട്. അതാഗ്രഹിക്കുന്നവരാണ് ഞങ്ങൾ. ശശി തരൂർ എന്ത് സാഹചര്യത്തിന്റെ പുറത്ത്, എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആ ലേഖനമെഴുതിയതെന്ന് ഞങ്ങൾക്കറിയില്ല, വി.ഡി. സതീശൻ പറഞ്ഞു.

കേരളത്തിൽ കഴിഞ്ഞ മൂന്നരവർഷത്തിൽ പുതിയതായി മൂന്ന് ലക്ഷം സംരഭങ്ങൾ തുടങ്ങിയെന്നാണ് വ്യവസായ മന്ത്രി അവകാശപ്പെടുന്നത്. ഏതാണ് കേരളത്തിലെ മൂന്ന് ലക്ഷം സംരഭങ്ങളെന്ന് ഞാൻ അദ്ദേഹത്തോട് അത്ഭുതത്തോടെ ചോദിച്ചു. അങ്ങനെയെങ്കിൽ ഒരു മണ്ഡലത്തിൽ ശരാശരി രണ്ടായിരം സംരഭങ്ങൾ തുടങ്ങിയിട്ടുണ്ടാകില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. 

തരൂരിൻറെ പ്രസ്താവന സംബന്ധിച്ച് കോൺ​ഗ്രസിന്റെ ദേശീയ നേതൃത്വം മറുപടി പറയണമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ ആവശ്യപ്പെട്ടു. തരൂർ പറഞ്ഞത് കേരളത്തിലെ കോൺഗ്രസിന്റെ നിലപാടല്ലെന്നും അദ്ദേ​ഹം വ്യക്തമാക്കി. കേരളത്തിലെ കോൺഗ്രസുകാർക്ക് അംഗീകരിക്കാൻ പറ്റുന്ന നിലപാടല്ല തരൂരിന്റേത്. തരൂർ ദേശിയ നേതാവും വിശ്വപൗരനും ആണ്. ഒരു സാധരണ പ്രവർത്തകൻ എന്ന നിലയിൽ തരൂരിന്റെ പ്രസ്താവയെ വിലയിരുത്താൻ ഇല്ലെന്നും മുരളീധരൻ പ്രതികരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img