
തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനം കേരളത്തിലും വിപുലമായ പരിപാടികളോടെ ആചരിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയപതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു പതാക ഉയർത്തൽ. സർക്കാർ സംഘടിപ്പിച്ച ചടങ്ങുകളിലും സംസ്ഥാനത്തെ സ്കൂളുകളിലും ഇത്തവണ വന്ദേമാതരം ആലാപനം ഉണ്ടായില്ല.
പതാക ഉയർത്തലിന് പിന്നാലെ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്ന് പുഷ്പവൃഷ്ടിയും നടന്നു. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻ.സി.സി., സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങൾ അണിനിരന്ന പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലും സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. ജില്ലാ ആസ്ഥാനങ്ങളിലെ ചടങ്ങുകളിൽ മന്ത്രിമാർ പങ്കെടുത്തു.
‘പ്രളയം പ്രതിരോധിക്കാൻ ശാസ്ത്രീയ സംവിധാനം’
സംസ്ഥാനത്തെ പ്രളയഭീഷണി നേരിടാൻ ശാസ്ത്രീയമായ പ്രതിരോധ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ദുരന്തങ്ങളിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
രാഷ്ട്രീയ അന്ധതയും വിദ്വേഷവും ഉപേക്ഷിച്ച് കേരളം ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമപ്രവർത്തനങ്ങൾ ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരേ ഭാഷയും വിശ്വാസവും ജീവിതശൈലിയും പിന്തുടരുന്ന ‘ഒരേയിനം മനുഷ്യരെ’ സൃഷ്ടിച്ച് വെറുപ്പിന്റെ തുരുത്തുകൾ ഉണ്ടാക്കുന്നതല്ല ജനാധിപത്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുതലമുറയ്ക്ക് സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരിക്കെതിരെ ശക്തമായ ഇടപെടൽ
ലഹരി എന്ന വിപത്തിനെ സമൂഹത്തിൽ നിന്ന് പടിയിറക്കുക സർക്കാരിന്റെ പ്രധാന മുൻഗണനകളിലൊന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുവതലമുറയെ സംരക്ഷിക്കുന്നതിനും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള ഇടപെടലുകൾ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖർഗെയ്ക്ക് നേരിട്ട വിവേചനവും പരാമർശിച്ചു
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നേരിടേണ്ടിവന്ന വിവേചനം പരാമർശിച്ച മുഖ്യമന്ത്രി, രാജ്യത്തെ പ്രധാന നേതാവിന് പോലും വിവേചനം നേരിടേണ്ട സാഹചര്യമുണ്ടായെന്ന് ചൂണ്ടിക്കാട്ടി.
യുവതലമുറ രാഷ്ട്രീയബോധ്യമില്ലാത്തവരല്ലെന്നും തിരുത്തൽ ശക്തിയായി മാറാൻ അവർക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമീപകാല സംഭവങ്ങൾ ഇക്കാര്യം തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.










