12:51pm 05 June 2026
NEWS
​കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; 48,733 കോടിയുടെ കുടിശ്ശികയെന്ന് ധവളപത്രം; പെൻഷൻ പ്രായം കൂട്ടാനും ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കലാക്കാനും ശുപാർശ
05/06/2026  09:15 AM IST
സുരേഷ് വണ്ടന്നൂർ
​കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; 48,733 കോടിയുടെ കുടിശ്ശികയെന്ന് ധവളപത്രം; പെൻഷൻ പ്രായം കൂട്ടാനും ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കലാക്കാനും ശുപാർശ

​തിരുവനന്തപുരം: പറഞ്ഞുകേട്ടതിനേക്കാൾ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് സർക്കാർ ഇന്നലെ നിയമസഭയിൽ ധവളപത്രം പുറത്തിറക്കി. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ച ധവളപത്രത്തിൽ, സർക്കാർ ജീവനക്കാർക്കും കരാറുകാർക്കുമായി മാത്രം 48,733 കോടി രൂപയുടെ കുടിശ്ശിക നൽകാനുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനം ഒരു വർഷം ആകെ എടുക്കുന്ന വായ്പ തുകയേക്കാൾ കൂടുതലാണിത്.
​ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, കെ.എം.ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള സാമ്പത്തിക വിദഗ്ദ്ധ സമിതിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
​കടം 5.07 ലക്ഷം കോടി; വരുമാനം ഇടിഞ്ഞു
​സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടിയായി പെരുകിയെന്നാണ് ധവളപത്രം ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ സംസ്ഥാന വരുമാനത്തിന്റെ അഞ്ചിലൊന്നും പലിശ അടയ്ക്കാനാണ് വിനിയോഗിക്കുന്നത്. ഇടതുസർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന കിഫ്ബി (KIIFB) സംവിധാനം വലിയൊരു ബാധ്യതയായി മാറിയെന്നും, പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം ഉൾപ്പെടെ മൊത്തം ബാധ്യത 78,851 കോടി രൂപയായി ഉയർന്നെന്നും റിപ്പോർട്ടിലുണ്ട്.
​ദേശീയ ശരാശരി 4.5% ആയിരിക്കെ, കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 20.7% ആയി കുതിച്ചുയർന്നത് ആശങ്കാജനകമാണ്. വികസന ചെലവുകൾ വെട്ടിക്കുറച്ചും, ഡി.എ വിതരണം മാറ്റിവെച്ചും താല്ക്കാലികമായി ചെലവ് ചുരുക്കുന്ന രീതി സംസ്ഥാനത്തെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുമെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
​പെൻഷൻ പ്രായം കൂട്ടിയാൽ 6,000 കോടി ലാഭിക്കാം
​ശമ്പളത്തിനും പെൻഷനുമായി സംസ്ഥാന ചെലവിന്റെ മുക്കാൽ പങ്കും നീക്കിവെക്കേണ്ടി വരുന്ന സാഹചര്യത്തിൽ കടുത്ത പരിഷ്കരണങ്ങൾക്കാണ് ധവളപത്രം ശുപാർശ ചെയ്യുന്നത്:
​പെൻഷൻ പ്രായം ഉയർത്തൽ: സ്റ്റാറ്റ്യൂട്ടറി പെൻഷൻകാരുടെ വിരമിക്കൽ പ്രായം നിലവിലെ 56-ൽ നിന്നും ഉയർത്തിയാൽ 6,000 കോടി രൂപ ലാഭിക്കാൻ സാധിക്കും. (പങ്കാളിത്ത പെൻഷൻകാരുടേത് നിലവിൽ 60 വയസ്സാണ്).
​ശമ്പള പരിഷ്കരണം: നിലവിലെ അഞ്ച് വർഷത്തിന് പകരം ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കലാക്കണം.
​ക്ഷേമപെൻഷൻ പരിഷ്കാരം: സഹകരണ ബാങ്കുകൾ വഴി നേരിട്ട് വീട്ടിലെത്തിക്കുന്ന രീതി ഒഴിവാക്കി, ക്ഷേമപെൻഷനുകൾ പൂർണ്ണമായും ഷെഡ്യൂൾഡ് ബാങ്കുകൾ വഴി നേരിട്ട് മാത്രമാക്കണം.
​വരുമാന വർദ്ധനവ്: ജി.എസ്.ടി വിപുലീകരിക്കാനും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൺസോളിഡേറ്റഡ് ഫണ്ട് രൂപീകരിച്ച് ബാധ്യതകൾ തീർക്കാനും നിർദ്ദേശമുണ്ട്. കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി എന്നിവ മെച്ചപ്പെടുത്താൻ പ്രത്യേക പഠനം നടത്തണം. കെ-ഡിസ്ക്, കെ-റെയിൽ എന്നിവയുടെ പ്രയോജനം വിലയിരുത്തണമെന്നും റിപ്പോർട്ടിലുണ്ട്.
​രാഷ്ട്രീയ പോര് മുറുകുന്നു
​"മുൻ സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ നേർക്കുപിടിച്ച കണ്ണാടിയാണ് ഈ ധവളപത്രം. ക്ളീഷേയായ കമ്മ്യൂണിസ്റ്റ് പദപ്രയോഗങ്ങൾ കൊണ്ട് മുൻ സർക്കാർ തങ്ങളുടെ പരാജയങ്ങളെ ന്യായീകരിക്കുകയായിരുന്നു."
— വി.ഡി.സതീശൻ, മുഖ്യമന്ത്രി
​"സ്വകാര്യവൽക്കരണത്തിന് വഴിമരുന്നിടാനും അതിനെ ന്യായീകരിക്കാനുമാണ് ഈ ധവളപത്രം ഉപയോഗിക്കുന്നത്. കേരളം കടക്കെണിയിലല്ലെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്." കെ.എൻ.ബാലഗോപാൽമുൻ ധനമന്ത്രി


​"ബി.ജെ.പി പ്രകടനപത്രികയിൽ മുന്നോട്ട് വെച്ച കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ ധവളപത്രത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനം യാഥാർത്ഥ്യബോധത്തോടെ കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ട് പോകണം."
— രാജീവ് ചന്ദ്രശേഖർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img