
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സസ്‌പെൻഷൻ നടപടികൾ നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിനെയും എൻ. പ്രശാന്തിനെയും പുതിയ സർക്കാർ സർവീസിൽ തിരിച്ചെടുത്തു. ഇടതു സർക്കാരിന്റെ ഭരണനയങ്ങളെയും ഉന്നത ഉദ്യോഗസ്ഥരുടെ നടപടികളെയും തുറന്നു വിമർശിച്ചതിലൂടെ ഇരുവരും പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.ഇരുവരുടെയും സസ്പെൻഷൻ പിൻവലിക്കുന്ന ഫയലിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഒപ്പിട്ടു.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടുമുമ്പായിരുന്നു ഡോ. ബി. അശോകിനെ സസ്‌പെൻഡ് ചെയ്തത്. ഇടത് സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങളാണ് നടപടിക്ക് കാരണമായതെന്നാണ് അന്ന് വിലയിരുത്തപ്പെട്ടത്. അതേസമയം, കഴിഞ്ഞ രണ്ട് വർഷത്തിനിടെ എൻ. പ്രശാന്ത് നിരവധി തവണ സസ്‌പെൻഷന് വിധേയനാവുകയും ചെയ്തിരുന്നു.
സസ്‌പെൻഷൻ ഉത്തരവിനെതിരെ അശോക് അന്ന് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ഘട്ടത്തിൽ കാവൽ സർക്കാർ സ്വീകരിച്ച നടപടി നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിനുമുമ്പും വിവിധ വിഷയങ്ങളിൽ സർക്കാരുമായി അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിരുന്ന അശോക്, കേര പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ കൃഷിവകുപ്പിൽ നിന്ന് മാറ്റപ്പെട്ടിരുന്നു. തുടർന്ന് കെ.ടി.ഡി.എഫ്.സി ചെയർമാൻ-മാനേജിങ് ഡയറക്ടർ, തദ്ദേശസ്വയംഭരണ കമ്മീഷണർ, ഉദ്യോഗസ്ഥ ഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയ തസ്തികകളിലേക്കുള്ള സ്ഥലംമാറ്റങ്ങൾ അദ്ദേഹം ട്രൈബ്യൂണലിനെ സമീപിച്ച് ചോദ്യം ചെയ്യുകയും ചില നടപടികൾ തടയുകയും ചെയ്തിരുന്നു.










