
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും സീറ്റുകൾ വർധിപ്പിക്കുന്നതിനും കൂടുതൽ ഇളവുകൾ അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ മാർഗനിർദ്ദേശം. ഇനി മുതൽ കോഴ്സുകൾക്കുള്ള എൻഒസി വർഷംതോറും പുതുക്കേണ്ടതില്ല. പകരം മൂന്ന് വർഷത്തിലൊരിക്കൽ അനുമതി പുതുക്കിയാൽ മതിയാകും. അതേസമയം, പുതിയ കോഴ്സുകൾ ആരംഭിക്കുന്നതും സീറ്റ് വർധിപ്പിക്കുന്നതും സംബന്ധിച്ച വിവരങ്ങൾ സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്ന വ്യവസ്ഥയുണ്ട്.
സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും സ്വാശ്രയ സ്ട്രീമിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്നതിനും സീറ്റ് വർധിപ്പിക്കുന്നതിനും ഇനി പ്രത്യേക സർക്കാർ അനുമതി ആവശ്യമില്ലെന്നാണ് സർക്കുലറിലെ പ്രധാന നിർദേശം. എന്നാൽ സാധാരണ സ്വാശ്രയ കോളേജുകളിൽ പുതിയ കോഴ്സുകൾ തുടങ്ങുന്നതിന് സർക്കാർ അനുമതി നിർബന്ധമാണ്.
സർക്കാർ, എയ്ഡഡ്, സ്വയംഭരണ എയ്ഡഡ് കോളേജുകളിൽ എയ്ഡഡ് സ്ട്രീമിൽ പുതിയ കോഴ്സുകൾ ആരംഭിക്കാനും നിലവിലുള്ള കോഴ്സുകളിൽ സ്ഥിരമായി സീറ്റുകൾ വർധിപ്പിക്കാനും സർക്കാരിന്റെ അനുമതി വേണം. ഇതിനായി പ്രത്യേക ഫീസ് ഈടാക്കില്ലെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
സ്വാശ്രയ കോളേജുകളിലെ നിലവിലുള്ള കോഴ്സുകളിൽ സീറ്റ് വർധിപ്പിക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ട സർവകലാശാലകൾക്കോ നിയന്ത്രണ അതോറിറ്റികൾക്കോ തീരുമാനമെടുക്കാം. ഇതിനായി വീണ്ടും സർക്കാരിന്റെ അനുമതി തേടേണ്ടതില്ല.
പുതിയ ചട്ടപ്രകാരം ഒരു കോഴ്സിന്റെ മൂന്ന് വർഷത്തേക്കുള്ള അനുമതി പത്രത്തിനായി 650 രൂപ ചലാൻ ഫീസും 810 രൂപ അഫിഡവിറ്റ് ഫീസും അടയ്ക്കണം. 2026-27 അധ്യയന വർഷത്തിൽ അനുമതി ലഭിച്ച കോളേജുകൾ 2029-30ൽ പുതുക്കുന്നതിനായി 2027-28, 2028-29 വർഷങ്ങളിലെ ഫീസ് മാത്രം അടച്ചാൽ മതിയാകും.
ഓരോ അധ്യയന വർഷത്തിലും പ്രവേശന നടപടികൾ പൂർത്തിയായ ശേഷം പുതിയ കോഴ്സുകളുടെയും സീറ്റ് വർധനയുടെയും വിശദാംശങ്ങൾ സർവകലാശാലകൾ സർക്കാരിന് നിർബന്ധമായും കൈമാറണം. നിലവിലുള്ള നിയമങ്ങളിൽ ഉൾപ്പെടാത്ത വിഷയങ്ങളിലും സർവകലാശാലകളുടെയോ നിയന്ത്രണ അതോറിറ്റികളുടെയോ തീരുമാനങ്ങളിൽ പുനഃപരിശോധനയോ സർക്കാർ ഇടപെടലോ ആവശ്യമായ സാഹചര്യങ്ങളിലും പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്.
അതേസമയം, സർക്കാർ നടപടി സ്വയംഭരണ കോളേജുകൾക്ക് കൊള്ളലാഭം കൊയ്യാനുള്ള അവസരമൊരുക്കുമെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി.










