04:18am 08 November 2026
NEWS
അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് പദ്ധതി കേരളത്തിലെ വാ​ഹന ഉടമകൾക്ക് കെണിയാകുന്നു
19/03/2025  01:31 PM IST
nila
 അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് പദ്ധതി കേരളത്തിലെ വാ​ഹന ഉടമകൾക്ക് കെണിയാകുന്നു

തിരുവനന്തപുരം: കേരളത്തിൽ അതിസുരക്ഷാ നമ്പർപ്ലേറ്റ് പദ്ധതി നടപ്പാക്കാത്തതിന് മറ്റു സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങളുമായി പോകേണ്ടി വരുന്നവർ നൽകേണ്ടത് വലിയ പിഴ. അതിസുരക്ഷാ നമ്പർപ്ലേറ്റ് ഇല്ലാത്തതിന്റെ പേരിൽ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന കേരള വാഹനങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽ വൻ തുകയാണ് പിഴയായി ഈടാക്കുന്നത്. രജിസ്ട്രേഷൻ വ്യവസ്ഥ ലംഘിച്ചെന്നപേരിലാണ് ഫൈനടിക്കുന്നത്. അയ്യായിരം രൂപവരെയാണ് ഇത്തരത്തിൽ പിഴയായി നൽകേണ്ടി വരുന്നത്. ചില ഉദ്യോ​ഗസ്ഥർ ഇതിനെ കൈക്കൂലി വാങ്ങാനുള്ള മാർ​ഗമായും കാണുന്നുണ്ടെന്നാണ് റിപ്പോർട്ട്. 

സംസ്ഥാനത്ത്, 2019-നുശേഷം ഇറങ്ങുന്ന പുതിയ വാഹനങ്ങൾക്ക് ഡീഡലർതന്നെ അതിസുരക്ഷാ നമ്പർപ്ലേറ്റ് നൽകുന്നുണ്ട്. പഴയവാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് പഴയവാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർപ്ലേറ്റിനായി സംവിധാനം ഇനിയും സജ്ജമായിട്ടില്ല. മുകൾതട്ടിലെ ഉദ്യോഗസ്ഥരുടെ തർക്കമാണ് ഇതിന് കാരണം. ഇതാണ് അന്യസംസ്ഥാനങ്ങളിലേക്ക് സ്വന്തം വാഹനങ്ങളിൽ പോകുന്ന മലയാളികൾക്ക് പണിയാകുന്നത്.  

പഴയവാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിക്കാൻ ഇല്ലാത്തതിനാൽ സംസ്ഥാനത്ത് പരിശോധനയും പിഴചുമത്തലും തുടങ്ങിയിട്ടില്ല. എന്നാൽ, അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ സംസ്ഥാനങ്ങളിൽ കേന്ദ്രനിയമത്തിന്റെ ചുവടുപിടിച്ച് പഴയവാഹനങ്ങളിലും അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. പരിശോധനയും കർശനമാണ്. കേരളത്തിൽ നിർബന്ധമല്ലെന്ന് അറിയാവുന്നതിനാൽ കേരള വാഹനങ്ങൾ അവരുടെ ഹിറ്റ്ലിസ്റ്റിലാണ്.

ഗതാഗത കമ്മിഷണറായിരുന്ന എസ്. ശ്രീജിത്തും മന്ത്രി കെ.ബി. ഗണേഷ്‌കുമാറും തമ്മിലുണ്ടായ തർക്കം മൂർച്ഛിച്ചത് അതിസുരക്ഷാ നമ്പർപ്ലേറ്റിന് ടെൻഡർ നൽകുന്നതുമായി ബന്ധപ്പെട്ടാണ്. 1.80 കോടി വാഹനങ്ങളുള്ള സംസ്ഥാനത്തെ നമ്പർപ്ലേറ്റ് വിപണി ലക്ഷ്യമിട്ട് പത്തിലധികം കമ്പനികൾ രംഗത്തുണ്ട്. ബിസിനസ് സാധ്യത തേടിയുള്ള ഇവരുടെ തർക്കത്തിൽ ഉദ്യോഗസ്ഥരും പങ്കാളികളാകുന്നതാണ് പദ്ധതി മുടക്കുന്നത്.

പഴയവാഹനങ്ങളിൽ ഉടമകൾക്ക് തന്നെ അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിക്കാനാകും. സർക്കാർ നിരക്ക് നിശ്ചയിക്കാത്തതിനാൽ അധിക തുക നൽകേണ്ടിവരും. കാറുകൾക്ക് 1200 രൂപവരെ ഡീലർമാർ ഈടാക്കുന്നുണ്ട്. സർക്കാർനിരക്ക് നിശ്ചയിച്ചാൽ ഇതിന്റെ പകുതി തുകയ്ക്ക് ലഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img