
സ്കൂൾ പ്രവർത്തിസമയം പരിഷ്കരിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഹൈസ്കൂളിൽ അരമണിക്കൂർ അധികപഠനം ഉറപ്പാക്കുന്നതാണ് പുതിയ ടൈംടേബിൾ. പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ഹൈസ്കൂളുകളിൽ എല്ലാ ശനിയാഴ്ച്ചകളും പ്രവർത്തിദിനമാണ്. യുപിയിൽ ആഴ്ചയിൽ ആറ് പ്രവൃത്തിദിനം തുടർച്ചയായി വരാത്ത വിധത്തിൽ രണ്ടുശനിയാഴ്ചകളിൽ സ്കൂൾ പ്രവർത്തിക്കും. അതേസമയം, എൽപിയിൽ ശനിയാഴ്ച പ്രവൃത്തിദിനമില്ല.
രാവിലെ ഒമ്പതേമുക്കാലിന് തുടങ്ങി വൈകീട്ട് നാലേകാൽവരെയാണ് പുതിയ സമയക്രമം. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് 1100 മണിക്കൂർ പഠനസമയം ഉറപ്പാക്കാനാണ് പരിഷ്കാരം. ദിവസത്തിൽ എട്ടുപിരിയഡുണ്ടാവും. എല്ലാ പിരിയഡിനും ഒരേ സമയദൈർഘ്യമല്ല. ആദ്യ രണ്ടുപിരിയഡുകൾ മുക്കാൽ മണിക്കൂർ വീതവും പിന്നീട് നാലെണ്ണം 40 മിനിറ്റു വീതവും വൈകീട്ടത്തെ രണ്ടു പിരിയഡുകൾ 35 മിനിറ്റും 30 മിനിറ്റും വരുന്ന തരത്തിലാണ് ക്രമീകരണം. വെള്ളിയാഴ്ചകളിൽ ഇത് ബാധകമല്ല. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങളെല്ലാം പുതിയ സമയക്രമം പാലിക്കണം.
യുപി ക്ലാസുകൾക്ക് ജൂലായ് 26-നും ഒക്ടോബർ 25-നുമാണ് ശനിയാഴ്ച പ്രവൃത്തിദിനം. ഹൈസ്കൂളിൽ ജൂലായ് 26, ഓഗസ്റ്റ് 16, ഒക്ടോബർ നാല്, ഒക്ടോബർ 25, 2026 ജനുവരി മൂന്ന്, ജനുവരി 31 എന്നീ ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കും.











