08:09pm 26 October 2026
NEWS
സിഎംആർഎൽ–എക്‌സാലോജിക് കേസിൽ പിണറായിക്ക് ആശ്വാസം; വിജിലൻസ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു
26/10/2026  05:34 PM IST
nila
സിഎംആർഎൽ–എക്‌സാലോജിക് കേസിൽ പിണറായിക്ക് ആശ്വാസം; വിജിലൻസ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് കേസിൽ വിജിലൻസ് അന്വേഷണം നടത്താനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടിയിൽ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ അന്വേഷണമാണ് കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞത്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സമർപ്പിച്ച നാല് അപ്പീലുകൾ പരിഗണിച്ചാണ് നടപടി.

ജസ്റ്റിസുമാരായ കെ.എം. നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീലുകളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത വാദം കേൾക്കുന്നതുവരെ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുന്നതായും എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ അടുത്ത ഉത്തരവ് വരുന്നതുവരെ നിർത്തിവയ്ക്കുന്നതായും കോടതി വ്യക്തമാക്കി.

സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടി നേരത്തെ നൽകിയ ഹർജികൾ ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷൻ ബെഞ്ച് മെറിറ്റിലേക്ക് കടക്കാതെ തള്ളിയിരുന്നു. ഇതിനെത്തുടർന്ന് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചു. അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിശദമായി പരിഗണിക്കണമെന്ന് കഴിഞ്ഞയാഴ്ച സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്പീലുകൾ പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ അനുവദിച്ചത്.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹർജിക്കാർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഹരിഹരൻ ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് തീരുമാനമെടുത്തതെന്ന് അദ്ദേഹം വാദിച്ചു. സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ച് പ്രാഥമിക അന്വേഷണം നടത്താനുള്ള തീരുമാനത്തിൽ, കേസിൽ കക്ഷിയല്ലാത്ത രാഷ്ട്രീയ താൽപ്പര്യങ്ങളുള്ള ഒരാൾ ഇടപെട്ടുവെന്നും അഭിഭാഷകൻ ആരോപിച്ചു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചതിലൂടെ സിംഗിൾ ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാരം ഏറ്റെടുക്കുകയും അധികാരപരിധി മറികടക്കുകയും ചെയ്തുവെന്നാണ് ഹർജിക്കാരുടെ വാദം. ഇത്തരം നടപടികൾ സ്വീകരിക്കേണ്ടത് എക്സിക്യൂട്ടീവാണെന്നും പൊതുതാൽപ്പര്യ ഹർജിയായി പരിഗണിച്ച കേസിൽ ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ആവശ്യമായ കുറ്റകൃത്യങ്ങളൊന്നും ഇവിടെ വെളിപ്പെട്ടിട്ടില്ലെന്നും ഹർജിക്കാർ വാദിച്ചു. വീണയുടെ കമ്പനി നൽകിയ സേവനങ്ങൾക്ക് പ്രതിഫലമായാണ് പണം ലഭിച്ചത്. ഈ തുക പിണറായി വിജയന്റെയോ മുഹമ്മദ് റിയാസിന്റെയോ കൈകളിലെത്തിയതിന് തെളിവുകളില്ലെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

അതേസമയം, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിയോട് പൂർണമായി യോജിക്കുന്നില്ലെങ്കിലും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കൈവശമുള്ള രേഖകൾ പരിശോധിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നതിനാൽ സർക്കാർ അത് മാനിക്കുകയായിരുന്നുവെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ അറിയിച്ചു.

കുറ്റകൃത്യം നടന്നതായി സൂചിപ്പിക്കുന്ന രേഖകളോ വസ്തുതകളോ ലഭിച്ചാൽ സംസ്ഥാന അന്വേഷണ ഏജൻസി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഇ.ഡിയുടെ നിലപാട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമുള്ള കേസുകളിൽ അന്വേഷണം നടത്താൻ എസ്‌എഫ്‌ഐഒയ്ക്ക് മാത്രമാണ് അധികാരമെന്ന വാദം നിലനിൽക്കില്ലെന്നും ഇ.ഡി. കോടതിയിൽ വാദിച്ചു.

അപ്പീലുകളിൽ ഹൈക്കോടതിയുടെ തുടർപരിഗണനയ്ക്കുശേഷമായിരിക്കും കേസിലെ അടുത്ത നടപടികൾ സംബന്ധിച്ച് വ്യക്തതയുണ്ടാകുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img