02:12am 13 November 2026
NEWS
​ഫോറൻസിക് റിപ്പോർട്ടുകൾ വൈകുന്നു: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായികേരള ഹൈക്കോടതി
21/02/2026  08:07 AM IST
സുരേഷ് വണ്ടന്നൂർ
​ഫോറൻസിക് റിപ്പോർട്ടുകൾ വൈകുന്നു: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായികേരള ഹൈക്കോടതി

കൊച്ചി:​സംസ്ഥാനത്തെ ക്രിമിനൽ കേസുകളുടെ വിചാരണ വൈകുന്നതിൽ സർക്കാരിനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് കേരള ഹൈക്കോടതി. ഫോറൻസിക് പരിശോധനാ ഫലങ്ങൾ സമയബന്ധിതമായി ലഭിക്കാത്തത് നീതിന്യായ വ്യവസ്ഥയുടെ താളം തെറ്റിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
​ഫോറൻസിക് സയൻസ് ലബോറട്ടറികളിലെ പ ജീവനക്കാരുടെ കുറവ് കാരണം റിപ്പോർട്ടുകൾ മാസങ്ങളോളം വൈകുന്നത് വിചാരണ നടപടികളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് ലഹരിമരുന്ന് കേസുകളിലും മറ്റ് ഗൗരവകരമായ കുറ്റകൃത്യങ്ങളിലും ശാസ്ത്രീയ തെളിവുകൾ നിർണ്ണായകമാണ്. റിപ്പോർട്ടുകൾ ലഭിക്കാതെ വിചാരണ തുടങ്ങാൻ കഴിയാത്ത സാഹചര്യം പ്രതികൾ ദീർഘകാലം ജയിലിൽ കഴിയേണ്ടി വരുന്നതിനും ഇരകൾക്ക് നീതി നിഷേധിക്കപ്പെടുന്നതിനും കാരണമാകുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് വേഗത്തിലുള്ള വിചാരണയ്ക്കുള്ള പൗരന്റെ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കോടതി ഓർമ്മിപ്പിച്ചു.  
​കൂടുതൽ സയന്റിഫിക് ഓഫീസർമാരുടെ തസ്തികകൾ സൃഷ്ടിക്കണമെന്ന സ്റ്റേറ്റ് പോലീസ് മേധാവിയുടെ മുൻ ശുപാർശകൾ നടപ്പിലാക്കുന്നതിൽ ഉണ്ടായ കാലതാമസത്തെയും കോടതി ചോദ്യം ചെയ്തു. ഫോറൻസിക് ലാബുകളിൽ നിലവിലുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ എന്ത് നടപടികൾ സ്വീകരിച്ചുവെന്നും പുതിയ നിയമനങ്ങൾ എന്ന് പൂർത്തിയാക്കാൻ കഴിയുമെന്നും വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി  സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഇടപെടൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img