
കൊച്ചി: നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികൾക്ക് ബാധകമായ പ്രായപരിധി 18ൽ നിന്ന് 16 വയസ്സായി കുറയ്ക്കുന്നതിനുള്ള നിയമഭേദഗതി നിയമനിർമാണ സഭകൾ പരിഗണിക്കേണ്ട സമയമായെന്ന് കേരള ഹൈക്കോടതി. കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുടെ സ്വഭാവവും 16 വയസ്സാകുമ്പോഴേക്കും അവർ കൈവരിക്കുന്ന പക്വതയും കണക്കിലെടുത്താണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം.
കേരള അബ്കാരി നിയമത്തിലെ 15എ, 15ബി വകുപ്പുകൾ പ്രകാരം 23 വയസ്സ് തികയാത്തവർക്ക് മദ്യം നൽകുന്നതിനുള്ള വിലക്ക് ഫലപ്രദമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ ഉൾപ്പെട്ട മാരക വാഹനാപകടമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. മദ്യലഹരിയിലായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന 19 വയസ്സുകാരനാണ് കാർ ഓടിച്ചിരുന്നതെന്നാണ് ഹർജിയിലെ വാദം.
അപകടത്തിനു മുമ്പ് എറണാകുളത്തെ ഒന്നിലധികം ബാറുകളിൽനിന്ന് 19 വയസ്സുള്ള പ്രതികൾക്ക് മദ്യം നൽകിയതായി അന്വേഷണത്തിൽ വ്യക്തമായെന്നാണ് ഓൺലൈൻ വാർത്താ പോർട്ടൽ നടത്തുന്ന മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ളയുടെ ഹർജിയിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് വകുപ്പ് അബ്കാരി നിയമപ്രകാരം കേസെടുത്തതായും ഹർജിയിൽ പറയുന്നു.
18 വയസ്സിനു താഴെയുള്ളവർ ഓടിച്ച വാഹനങ്ങൾ മാരകാപകടങ്ങളിൽപ്പെട്ട സമീപകാല സംഭവങ്ങളും നിയമവിലക്ക് മറികടന്ന് പ്രായപരിധിക്കു താഴെയുള്ളവർക്ക് മദ്യം ലഭിക്കുന്ന സാഹചര്യവും കണക്കിലെടുത്ത് ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി വ്യക്തമാക്കി. 23 വയസ്സ് തികയാത്തവർക്ക് മദ്യം നൽകുന്നത് തടയാൻ അബ്കാരി നിയമപ്രകാരം പുറപ്പെടുവിച്ച നിർദേശങ്ങൾ വ്യക്തമാക്കുന്ന പ്രസ്താവന സമർപ്പിക്കാൻ എക്സൈസ് കമ്മിഷണറോട് കോടതി ആവശ്യപ്പെട്ടു. ഹർജി നവംബർ 24ന് വീണ്ടും പരിഗണിക്കും.
എക്സൈസ് ഉദ്യോഗസ്ഥരും ചില ബാർ നടത്തിപ്പുകാരും തമ്മിൽ ഒത്തുകളിയുണ്ടെന്നും നിയമം നടപ്പാക്കുന്നതിലെ വീഴ്ച ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പാക്കുന്ന ജീവനും വ്യക്തിസുരക്ഷയ്ക്കുമുള്ള അവകാശത്തെ ബാധിക്കുന്നുവെന്നും ഹർജിക്കാരൻ ആരോപിച്ചു. ഉദ്യോഗസ്ഥർക്കെതിരെ സ്വതന്ത്ര വിജിലൻസ് അന്വേഷണം, മദ്യം നൽകുംമുമ്പ് തിരിച്ചറിയൽ രേഖ ഉപയോഗിച്ച് പ്രായം പരിശോധിക്കുന്ന ഇലക്ട്രോണിക് സംവിധാനം, വിലക്ക് ലംഘിക്കുന്ന ബാറുകൾക്കെതിരെ ലൈസൻസ് നടപടിയും ക്രിമിനൽ കേസും, പൊതുജനങ്ങൾക്ക് 24 മണിക്കൂറും വിവരം അറിയിക്കാനുള്ള ഹെൽപ്ലൈൻ എന്നിവയാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.










