12:11pm 12 August 2026
NEWS
സ്വന്തം മകളെ പീഡിപ്പിച്ച കേസ്; അച്ഛനുമായി ഒത്തുതീർപ്പിന് അമ്മയ്ക്ക് അവകാശമില്ലെന്ന് കേരള ഹൈക്കോടതി
12/08/2026  11:14 AM IST
നിയമകാര്യ ലേഖകൻ
സ്വന്തം മകളെ പീഡിപ്പിച്ച കേസ്; അച്ഛനുമായി ഒത്തുതീർപ്പിന് അമ്മയ്ക്ക് അവകാശമില്ലെന്ന് കേരള ഹൈക്കോടതി

 

 

​കൊച്ചി: പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അച്ഛനുമായി ഒത്തുതീർപ്പിലെത്താൻ അമ്മയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് കേരള ഹൈക്കോടതി. പോക്സോ (POCSO) കേസ് കുടുംബങ്ങൾ തമ്മിലുള്ള സ്വകാര്യ തർക്കമല്ലെന്നും, അതുകൊണ്ടുതന്നെ അത്തരം കേസുകളിൽ ഒത്തുതീർപ്പ് അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് വ്യക്തമാക്കി.
​മകളെ പീഡിപ്പിച്ച കേസിൽ ജാമ്യം തേടി പ്രതിയായ അച്ഛൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. കേസിൽ കുട്ടിയുടെ അമ്മ തനിക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും വിഷയം ഒത്തുതീർപ്പായതാണെന്നുമുള്ള പ്രതിയുടെ വാദം കോടതി പൂർണ്ണമായും തള്ളി.
​കുട്ടിയുടെ ശരീരത്തോടും വ്യക്തിത്വത്തോടും ആത്മാഭിമാനത്തോടും കാണിക്കുന്ന ഇത്തരം ഗുരുതരമായ അതിക്രമങ്ങളിൽ മധ്യസ്ഥത വഹിക്കാനോ ക്ഷമിക്കാനോ മാതാപിതാക്കൾക്ക് അധികാരമില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. കുറ്റകൃത്യം ചെയ്തത് സ്വന്തം അച്ഛനാണെങ്കിൽ പോലും കുട്ടിയുടെ നിയമപരമായ സംരക്ഷണം വേണ്ടെന്നു വെക്കാൻ രക്ഷിതാക്കൾക്ക് കഴിയില്ല. പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ സമൂഹത്തിന് തന്നെ ഭീഷണിയായ ഗുരുതര കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് വരുന്നത്.
​കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്ന ഹൈക്കോടതി ഉത്തരവ്, പോക്സോ കേസുകൾ സ്വകാര്യമായി ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img