
കൊച്ചി: കേരള ഹൈക്കോടതി മുൻ ജഡ്ജിയേയും ഇരയാക്കി ഓൺലൈൻ തട്ടിപ്പ് സംഘം. റിട്ടയേർഡ് ജസ്റ്റിസ് ശശിധരൻ നമ്പ്യാരാണ് തട്ടിപ്പിനിരയായത്. 90 ലക്ഷം രൂപയാണ് ഇദ്ദേഹത്തിൽ നിന്നും ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തത്. റിട്ടയേർഡ് ജസ്റ്റിസ് ശശിധരൻ നമ്പ്യാരുടെ പരാതിയിൽ രണ്ടുപേർക്കെതിരെ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഡിസംബറിലാണ് തട്ടിപ്പ് നടന്നത്. ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇദ്ദേഹത്തിൻ്റെ അനുമതിയില്ലാതെ മൊബൈൽ നമ്പർ ഒരു വാട്സ്ആപ്പ് ഷെയർ ട്രേഡിങ് ഗ്രൂപ്പിൽ കൂട്ടിച്ചേർത്തിരുന്നു. പിന്നീട് ഇതുവഴി ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പണം അയക്കാനുള്ള ഒരു ലിങ്ക് തട്ടിപ്പ് സംഘം ഗ്രൂപ്പിൽ പങ്കുവയ്ക്കുകയായിരുന്നു. ജഡ്ജി ഇതുവഴി പണം അയക്കുകയും ചെയ്തു. ഘട്ടം ഘട്ടമായി ജഡ്ജിയുടെ അക്കൗണ്ടിൽ നിന്ന് 90 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.











