
കൊച്ചി: കള്ളുഷാപ്പുകളിലെ തസ്തികകളിൽ സ്ത്രീകളെ നിയമിക്കുന്നത് വിലക്കിയിരുന്ന ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. കേരള അബ്കാരി ഷാപ്പ് ഡിസ്പോസൽ ചട്ടങ്ങളിലെ 7(37)-ാം ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. തൃശൂർ സ്വദേശിനിയായ സോഫി സമർപ്പിച്ച ഹർജിയിലാണ് നിർണായക വിധി.
കള്ളുഷാപ്പിൽ ജീവനക്കാരനായിരുന്ന ഭർത്താവ് 2024-ൽ മരിച്ചതിനെത്തുടർന്ന് സോഫി ആശ്രിത നിയമനത്തിനായി അപേക്ഷിച്ചിരുന്നു. എന്നാൽ, സ്ത്രീകളെ കള്ളുഷാപ്പുകളിൽ നിയമിക്കാൻ അനുവദിക്കുന്നില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടി അധികൃതർ അപേക്ഷ നിരസിച്ചു. ഇതോടെയാണ് മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് തമ്പാന്റെ സഹായത്തോടെ സോഫി ഹൈക്കോടതിയെ സമീപിച്ചത്.
സ്ത്രീകളെ ചൂഷണത്തിൽനിന്നും ജോലിസ്ഥലത്തെ ഉപദ്രവങ്ങളിൽനിന്നും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നായിരുന്നു സർക്കാർ വാദം. എന്നാൽ, സ്ത്രീകൾക്ക് തൊഴിൽ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുകയും ലിംഗവിവേചനം മൂലമുണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നതിലായിരിക്കണം സർക്കാരിന്റെ ശ്രദ്ധയെന്ന് കോടതി വ്യക്തമാക്കി.
സ്ത്രീകൾക്ക് തങ്ങൾ ആഗ്രഹിക്കുന്ന തൊഴിൽമേഖലകളിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ സുരക്ഷിതമായ സാഹചര്യം ഒരുക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സംരക്ഷണമെന്ന പേരിൽ സ്ത്രീകൾക്ക് തൊഴിൽ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
വിദേശമദ്യഷാപ്പുകളിൽ സ്ത്രീകളെ നിയമിക്കുന്നത് വിലക്കിയിരുന്ന ചട്ടവും ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. സമാനമായ സാഹചര്യത്തിൽ കള്ളുഷാപ്പുകളിലെ നിയമനവിലക്കും ന്യായീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്ന മേഖലകളിൽ ജോലി ചെയ്യാനുള്ള അവസരവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.











