കൊച്ചി: എടവനക്കാട് പ്രദേശത്ത് കടൽഭിത്തി അറ്റകുറ്റപ്പണികൾ നടക്കാത്തത് മൂലം കടൽ കയറ്റം രൂക്ഷമായതിനെ തുടർന്ന് അപകടാവസ്ഥയിൽ ആയ ഒരു സംഘം ആളുകൾ നൽകിയ പൊതുതാൽപര്യ ഹർജിയിൽ ജില്ലാ കളക്ടറോട് യോഗം വിളിച്ചുചേർക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അത്തരത്തിൽ യോഗം ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് നടപടിയെടുക്കുന്നുണ്ട് എന്ന് കാണിച്ച് ജില്ലാ കളക്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും സമയബന്ധിതമായി കടൽഭിത്തി നിർമ്മാണം ടെട്രോപാഡുകൾ സ്ഥാപിച്ച് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
അതേസമയം 35 കോടി രൂപ പ്രദേശത്ത് കടൽഭിത്തി പുനർ നിർമ്മിക്കുന്നതിന് ഗോശ്രീ ദ്വീപ് വികസന സമിതി വകയിരുത്തിയിട്ടുണ്ട് എന്ന് മറുപടി നൽകിയിരുന്നു എന്നും ഇപ്പോൾ GIDA ഫണ്ടിൽ 403 കോടി രൂപ ലഭ്യമാണ് എന്നാണ് വിവരം എന്നും എന്നും ഹർജിക്കാർ അറിയിച്ചു.
അത് സംബന്ധിച്ച് കോടതി നിർദേശപ്രകാരം ജില്ലാ കളക്ടർ സത്യവാങ്മൂലം ഫയൽ ആക്കിയെങ്കിലും സർക്കാർ ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് പണിപൂർത്തിയാക്കും എന്നാണ് പറഞ്ഞിരുന്നത്.
കടൽഭിത്തി പുനർനിർമ്മാണം അടിയന്തര ആവശ്യമാണെന്ന കാര്യത്തിൽ തർക്കമില്ലാത്തതിനാൽ അത്തരത്തിലുള്ള മറുപടി പോരെന്നും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ധൃതഗതിയിലുള്ള നടപടികൾ ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. സർക്കാർ ഭരണാനുമതി ഉത്തരവിനും ടെൻഡർ നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും ടൈംടേബിൾ തയ്യാറാക്കി നൽകാൻ കോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടു. കേസ് വീണ്ടും നവംബർ ആറിന് പരിഗണിക്കും.







