
കൊച്ചി: സങ്കീർണ്ണമായ കേസുകളിൽ വിധി നിർണയത്തിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ടൂളുകൾ ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് കേരള ഹൈക്കോടതി സുപ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രാജ്യത്ത് ഇത്തരമൊരു നടപടി ആദ്യമായാണെന്നത് ശ്രദ്ധേയമാണ്. വിചാരണക്കോടതികൾക്കും ജുഡീഷ്യൽ സ്റ്റാഫിനുമായാണ് പുതിയ നിർദ്ദേശങ്ങൾ.
സമീപകാലത്ത് മസ്തിഷ്ക മരണം സംബന്ധിച്ച ഒരു ഹർജി പരിഗണിക്കവെ, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ നയങ്ങൾ അറിയുന്നതിനായി കേരള ഹൈക്കോടതി ചാറ്റ് ജി.പി.ടിയുടെ സഹായം തേടിയിരുന്നു. ചാറ്റ് ബോട്ട് നൽകിയ വിവരങ്ങൾ ഉത്തരവിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തിൽ പല കോടതികളും AI ടൂളുകൾ ഉപയോഗിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഈ നിയന്ത്രണങ്ങൾ.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത് പോലെ, മനുഷ്യൻ്റെ വിധിന്യായങ്ങളെ മെഷീൻ്റെ തീർപ്പുകൾക്ക് പകരം വയ്ക്കാനാകില്ല എന്ന ആശയത്തെയാണ് ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുണയ്ക്കുന്നത്. നിയമവ്യവസ്ഥകളും സാങ്കേതികത്വവും മാത്രം വിലയിരുത്തി AI ടൂളുകൾ എത്തിച്ചേരുന്ന നിഗമനങ്ങളിൽ മനുഷ്യത്വം, ധാർമ്മികത, സഹാനുഭൂതി എന്നിവയുടെ അഭാവമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ:
- സുപ്രീം കോടതിയോ ഹൈക്കോടതിയോ അംഗീകരിച്ച AI ടൂളുകൾ മാത്രമേ ഉപയോഗിക്കാവൂ.
- ജുഡീഷ്യൽ അക്കാദമിയിലോ ഹൈക്കോടതിയിലോ നടക്കുന്ന AI പരിശീലന പരിപാടികളിൽ പങ്കെടുക്കണം.
- അംഗീകൃത AI ടൂളുകളിൽ അപാകതകൾ കണ്ടാൽ ഹൈക്കോടതിയുടെ ഐ.ടി. വിഭാഗത്തെ അറിയിക്കണം.
- മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ നടപടിയുണ്ടാകും.
- ഉത്തരവുകളിൽ ഉപയോഗിച്ച AI ടൂളുകൾ ഏതെന്ന് വ്യക്തമാക്കണം.
- ചാറ്റ് ജി.പി.ടി പോലുള്ള ക്ലൗഡ് അധിഷ്ഠിത AI ടൂളുകൾ ഉപയോഗിക്കരുത്.
- ഡാറ്റാ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ AI ഉപയോഗത്തിൽ ജാഗ്രത പാലിക്കണം.
രേഖകളുടെ ഡോക്യുമെൻ്റേഷൻ, പ്രാദേശിക ഭാഷകളിലേക്കുള്ള തർജ്ജമ തുടങ്ങിയ കാര്യങ്ങളിൽ സുപ്രീം കോടതി ഉൾപ്പെടെ AI ടൂളുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും, വിധി നിർണയത്തിൽ അവയുടെ അമിതമായ ഉപയോഗം തടയുകയാണ് ഹൈക്കോടതി ലക്ഷ്യമിടുന്നത്. കോടതി ഉത്തരവുകൾക്ക് "മജ്ജയും മാംസവും" ഉണ്ടാകണം എന്നും സാങ്കേതികത്വം മാത്രം പോരാ എന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ ഊന്നിപ്പറയുന്നു. AI ടൂളുകളുടെ ഉപയോഗത്തിൽ മാറ്റങ്ങൾ വരാം എന്നും ഹൈക്കോടതി സൂചിപ്പിക്കുന്നുണ്ട്.











