
കൊച്ചി: പഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളേജിന് വിട്ടുനൽകിയ മൃതദേഹം മക്കളുടെ ആവശ്യപ്രകാരം തിരികെ നൽകാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരാൾ ജീവനോടെ ഇരിക്കുമ്പോൾ സ്വന്തം ശരീരം മെഡിക്കൽ പഠനത്തിനായി ദാനം ചെയ്യാൻ എടുത്ത തീരുമാനം പിന്നീട് ബന്ധുക്കൾക്ക് ചോദ്യം ചെയ്യാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കൊച്ചി സ്വദേശിനിയായ മേരിയുടെ ഏഴ് മക്കളിൽ മൂന്ന് പേർ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. മതാചാരങ്ങളോടെ സംസ്കാരം നടത്തുന്നതിനായി അമ്മയുടെ മൃതദേഹം തിരികെ നൽകണമെന്നാവശ്യപ്പെട്ടാണ് മക്കളിൽ ചിലർ കോടതിയെ സമീപിച്ചത്.
ഈ വർഷം ഫെബ്രുവരി 23നാണ് മേരി അന്തരിച്ചത്. മറ്റ് സഹോദരങ്ങൾ തങ്ങളുടെ അനുമതിയില്ലാതെ അമ്മയുടെ മൃതദേഹം കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിന് കൈമാറിയെന്നാണ് ഹർജിക്കാരുടെ ആരോപണം. മൃതദേഹം തിരികെ ലഭിക്കാനായി പൊലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്ന് അവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, മരണാനന്തരം ശരീരം മെഡിക്കൽ പഠനത്തിനായി നൽകാൻ മേരി ജീവിച്ചിരിക്കുമ്പോൾ തന്നെ സമ്മതപത്രം നൽകിയിരുന്നുവെന്ന് മറ്റ് സഹോദരങ്ങൾ കോടതിയെ അറിയിച്ചു. ഈ രേഖ പരിശോധിച്ച കോടതി, പിന്നീട് അവർ തീരുമാനം പിൻവലിച്ചതായി തെളിയിക്കുന്ന യാതൊരു രേഖയും ഹർജിക്കാർ സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജി തള്ളിയത്.










