
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. നാളെ രണ്ട് ജില്ലകളിൽ റെഡ് അലർട്ടും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് കാലവർഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.
കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾക്കാണ് യെല്ലോ അലർട്ടുള്ളത്.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നതെന്നും അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാമെന്നും മുന്നറിയിപ്പിൽ പറയുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ എന്നിവയ്ക്കും സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.











