01:26am 12 June 2026
NEWS
കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിലും മഴ തന്നെ
11/06/2026  05:57 PM IST
nila
കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിലും മഴ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴയും മണിക്കൂറിൽ ഉയർന്ന വേഗതയിൽ കാറ്റും വീശാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ജൂൺ 12-ന് എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ട് നിലവിലുണ്ട്. ഈ പ്രദേശങ്ങളിൽ 24 മണിക്കൂറിനിടെ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെ സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ ജൂൺ 11 മുതൽ 15 വരെ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാറ്റും മഴയും ഉള്ള സമയങ്ങളിൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. ജനലുകളും വാതിലുകളും സുരക്ഷിതമായി അടച്ചിടുകയും അവയുടെ സമീപത്ത് നിൽക്കുന്നത് ഒഴിവാക്കുകയും വേണം. വീടുകളുടെ ടെറസുകളിലും തുറസ്സായ സ്ഥലങ്ങളിലും തുടരുന്നതും അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ ആയ സുരക്ഷിതമല്ലാത്ത വീടുകളിൽ കഴിയുന്നവർ ആവശ്യമായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ തയ്യാറാകണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെയും നദീതീരങ്ങളിലെയും താമസക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ച് പകൽ സമയത്ത് തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുന്നതാണ് ഉചിതമെന്ന് നിർദേശമുണ്ട്.

ശക്തമായ കാറ്റിൽ വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകരാൻ സാധ്യതയുള്ളതിനാൽ കർഷകർ, നിർമാണ തൊഴിലാളികൾ, പത്ര-പാൽ വിതരണക്കാർ തുടങ്ങിയവർ കൂടുതൽ ശ്രദ്ധ പുലർത്തണം. വൈദ്യുതി സംബന്ധമായ അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കെഎസ്ഇബിയുടെ 1912 ഹെൽപ്‌ലൈൻ നമ്പറിലോ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 1077 നമ്പറിലോ വിവരം അറിയിക്കണം.

മഴ കനക്കുമ്പോൾ നദികൾ മുറിച്ചുകടക്കുന്നതും ജലാശയങ്ങളിൽ ഇറങ്ങുന്നതും മീൻപിടിത്തത്തിനായി പോകുന്നതും ഒഴിവാക്കണം. പാലങ്ങൾക്കും ജലാശയങ്ങൾക്കും സമീപം സെൽഫി എടുക്കാനോ കാഴ്ച കാണാനെന്ന പേരിൽ കൂട്ടംകൂടി നിൽക്കാനോ പാടില്ല. മലയോര മേഖലയിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്രകൾ കാലാവസ്ഥ അനുകൂലമാകുന്നത് വരെ മാറ്റിവെക്കണമെന്നും അധികൃതർ നിർദേശിച്ചു.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ സാധനങ്ങളടങ്ങിയ എമർജൻസി കിറ്റ് തയ്യാറാക്കി സൂക്ഷിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സഹായങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. കാലാവസ്ഥാ മുന്നറിയിപ്പുകൾക്കായി ഔദ്യോഗിക വെബ്സൈറ്റുകളും സാമൂഹിക മാധ്യമ പേജുകളും നിരന്തരം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img