
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ടാകും. ഓഗസ്റ്റ് 1-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഓഗസ്റ്റ് 1-ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, ഓഗസ്റ്റ് 2-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിനിടെ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. യെല്ലോ അലർട്ട് ജില്ലകളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
മോശം കാലാവസ്ഥയെ തുടർന്ന് ഞായറാഴ്ച വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജാഗ്രതാ നിർദേശങ്ങൾ
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. നദീതീരങ്ങളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം.
ദുരന്തസാധ്യതയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളെക്കുറിച്ച് മുൻകൂട്ടി വിവരം ശേഖരിക്കുകയും ആവശ്യമായാൽ പകൽ സമയത്ത് തന്നെ അവിടേക്ക് മാറുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ബലക്ഷയം സംഭവിച്ച വീടുകളിലും സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിലുമുള്ളവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.











