04:18pm 24 October 2026
NEWS
കേരളത്തിൽ അതിതീവ്രമഴ മുന്നറിയിപ്പ്; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
24/10/2026  02:58 PM IST
nila
കേരളത്തിൽ അതിതീവ്രമഴ മുന്നറിയിപ്പ്; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. നാളെ (ഒക്ടോബർ 25) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബർ 26ന് ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലർട്ട് നിലവിലുണ്ടാകും. അന്നേദിവസം പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (ഒക്ടോബർ 24) തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

24 മണിക്കൂറിനുള്ളിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് അതിതീവ്രമഴയായി കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ പെയ്യുന്നത് മലവെള്ളപ്പാച്ചിൽ, മിന്നൽപ്രളയം തുടങ്ങിയ അപകടങ്ങൾക്ക് കാരണമായേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.

തുടർച്ചയായ മഴ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും ഇടയാക്കാമെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img