
കേരളത്തിൽ ഇന്ന് കനത്ത മഴയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്നു യെലോ അലർട്ടുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ സാധ്യതയും അറബിക്കടലിൽ ഉയർന്ന തോതിൽ കേരളതീരത്തിനു സമീപമുള്ള ചക്രവാതച്ചുഴിയുമാണ് കേരളത്തിൽ മഴ കനക്കാൻ കാരണം. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് കനത്തമഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് അധികൃതരുടെ നിർദേശപ്രകാരം ജനങ്ങൾ മാറിത്താമസിക്കണമെന്നു സർക്കാർ അറിയിച്ചു. മഴയ്ക്കൊപ്പം മിന്നലും മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 24 വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.











