
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിൽ കൂടുതൽ അഴിച്ചുപണികൾ ഉണ്ടാകുമെന്ന സൂചന നൽകി ആരോഗ്യ മന്ത്രി. സർക്കാരിന്റെ പ്രവർത്തനങ്ങളുമായി പൂർണമായി സഹകരിക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥരെ സ്ഥാനങ്ങളിൽ തുടരാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ് (ഡിഎച്ച്എസ്) സ്ഥാനമാറ്റം അതിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിപ്പ വൈറസ് പരിശോധനാഫലം ലഭിച്ചിട്ടും അത് ഔദ്യോഗികമായി മന്ത്രിയെ അറിയിക്കുന്നതിൽ ഡിഎച്ച്എസ് ഗുരുതര വീഴ്ച വരുത്തിയെന്നാണ് മന്ത്രിയുടെ ആരോപണം. ആശയവിനിമയത്തിൽ ബോധപൂർവമായ തടസ്സങ്ങൾ സൃഷ്ടിച്ചുവെന്നും ചിലർ വകുപ്പിനുള്ളിൽ അനാവശ്യ ഇടപെടലുകൾ നടത്തിയെന്നും അദ്ദേഹം വിമർശിച്ചു.
നിപ്പ പരിശോധനാഫലം പോസിറ്റീവാണെന്ന വിവരം തനിക്ക് ലഭിക്കുന്നതിന് മുൻപ് തന്നെ കോഴിക്കോട് മാധ്യമപ്രവർത്തകർക്ക് വിവരം ലഭിച്ചിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഉച്ചയ്ക്ക് ഒരു മണിയോടെ പരിശോധനാഫലം ലഭിച്ചിരുന്നെങ്കിലും വൈകിട്ട് അഞ്ചരയ്ക്ക് നടത്തിയ വാർത്താസമ്മേളനം വരെ ഔദ്യോഗികമായി വിവരം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരുമായി സഹകരിക്കാത്ത ഉദ്യോഗസ്ഥരെ ആവശ്യമില്ലെന്നും ഡിഎച്ച്എസിനെതിരായ നടപടി അച്ചടക്കനടപടിയുടെ ഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി.
നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടവുമായി ആശയവിനിമയത്തിലെ പോരായ്മകളും ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി പറഞ്ഞു. അതേസമയം, കോഴിക്കോട് നേരിട്ട് എത്താതെ തിരുവനന്തപുരത്തിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നുവെന്ന പ്രതിപക്ഷ വിമർശനം അദ്ദേഹം തള്ളി. ആവശ്യമായാൽ എപ്പോൾ വേണമെങ്കിലും കോഴിക്കോട് എത്താൻ തനിക്ക് സാധിക്കുമെന്നും ആധുനിക യാത്രാസൗകര്യങ്ങൾ അതിന് സഹായകരമാണെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയ വിമർശനങ്ങൾ പുതുമയുള്ള കാര്യമല്ലെന്നും അവയെ ഭയക്കുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. നിപ്പ ബാധിതനായ രോഗിയുടെ ജീവൻ രക്ഷിക്കാൻ ആരോഗ്യപ്രവർത്തകർ വലിയ പോരാട്ടമാണ് നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ശ്രമിക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു.
ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങി മുഴുവൻ ജീവനക്കാരും ആത്മാർഥമായി പ്രവർത്തിക്കുന്നുണ്ടെന്നും നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.










