03:26am 07 November 2026
NEWS
എട്ടു ക്രിമിനൽ കേസുകളിൽ പ്രതി; ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാരല്ല, കാലന്മാർ: ഹൈക്കോടതിയുടെ രൂക്ഷവിമർശനം
06/11/2026  07:28 PM IST
nila
എട്ടു ക്രിമിനൽ കേസുകളിൽ പ്രതി; ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാരല്ല, കാലന്മാർ: ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: കാക്കനാട്ട് ഐടി ജീവനക്കാരി ബസിടിച്ച് മരിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവർ എട്ടു ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന വിവരം ഞെട്ടിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. റോഡുകളിൽ സ്വകാര്യ ബസ് ഡ്രൈവർമാർ തമ്പുരാക്കന്മാരല്ലെന്നും ജനങ്ങളുടെ ജീവനെടുക്കുന്ന കാലന്മാരായി മാറുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.

കാക്കനാട് ഇൻഫോപാർക്കിൽ ജോലി ചെയ്തിരുന്ന തൃശൂർ സ്വദേശിനി അക്ഷര (28) ബസിടിച്ച് മരിച്ച സംഭവമാണ് കോടതിയുടെ കടുത്ത പരാമർശങ്ങൾക്ക് ഇടയാക്കിയത്. ചൊവ്വാഴ്ച രാവിലെ ജിമ്മിൽനിന്ന് മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ 'മലയിൽ' ബസ് അക്ഷരയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയതോടെ യുവതി തൽക്ഷണം മരിച്ചു.

അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവർ സി.കെ. ബിനോയി (43) ലഹരിമരുന്ന്, അടിപിടി തുടങ്ങിയ കേസുകളിലായി എട്ടു ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ രണ്ട് ലഹരിമരുന്ന് കേസുകളിലും രണ്ട് അടിപിടി കേസുകളിലും പാലാരിവട്ടം സ്റ്റേഷനിൽ ഒരു ലഹരിമരുന്ന് കേസിലും ഒരു വാഹനാപകട കേസിലും ഇയാൾ പ്രതിയാണ്. നിലവിൽ റിമാൻഡിലാണ് ബിനോയ്.

ഇത്രയധികം കേസുകളിൽ പ്രതിയായ വ്യക്തിയുടെ പശ്ചാത്തലം ബസ് ഉടമ മറച്ചുവച്ചതായും പൊലീസ് അറിയിച്ചു. അപകടസമയത്ത് ബിനോയിയുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ബസ് ഉടമ അപേക്ഷ നൽകിയിരുന്നുവെന്ന വിവരവും പുറത്തുവന്നു. ഡ്രൈവറെ അറസ്റ്റ് ചെയ്തതുകൊണ്ടു മാത്രം ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്നും ബസ് ഉടമയ്ക്കും നടത്തിപ്പുകാർക്കും വീഴ്ചയിൽ പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

ബസുകൾ പിന്നിൽനിന്ന് ഉച്ചത്തിൽ ഹോൺ മുഴക്കി മറ്റു വാഹനങ്ങളെയും യാത്രക്കാരെയും ഭയപ്പെടുത്തി ഓടിക്കുന്ന പ്രവണത രൂക്ഷമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭ്രാന്തുപിടിച്ച രീതിയിലാണ് ചില ഡ്രൈവർമാർ വാഹനമോടിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഉറപ്പാക്കണം. അപകടമുണ്ടാക്കിയാൽ പിന്നീട് ആ വ്യക്തി ഒരിക്കലും വാഹനമോടിക്കില്ലെന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള കർശന നടപടികളാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

പ്രശ്നത്തിന് ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരം കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു. ഉരുക്കുമുഷ്ടിയോടെ തന്നെ ഇത്തരം പ്രവണതകളെ നേരിടണം. സമയക്രമം പാലിക്കാനെന്ന പേരിൽ ബസുകൾ നടത്തുന്ന മത്സരയോട്ടം അനുവദിക്കരുത്. ബസുകൾ സമയത്തിന് ഓടുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത് മോട്ടർ വാഹന വകുപ്പിന്റെ ചുമതലയാണ്. എന്നാൽ ജനങ്ങളുടെ ജീവനു ഭീഷണിയാകാതെ നിയമം പാലിച്ചാണോ വാഹനമോടിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനത്തെ റോഡുകളിൽ നടപ്പാതകളുടെ അഭാവവും കോടതി ചൂണ്ടിക്കാട്ടി. നടപ്പാതകളില്ലാത്തതിനാൽ കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ടിവരുന്നു. നടപ്പാതകൾ വാഹനങ്ങളും മറ്റു തടസ്സങ്ങളും കൈയടക്കിയിരിക്കുകയാണ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. റോഡുകൾ കാൽനടയാത്രക്കാർക്കും സുരക്ഷിതമാക്കണമെന്നും കോടതി നിർദേശിച്ചു.

അക്ഷരയുടെ മരണത്തെത്തുടർന്ന് ഇൻഫോപാർക്ക് ജീവനക്കാരടക്കം വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ബസ് ഉടമയ്ക്കെതിരെയും പൊലീസ് നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. കർശന നടപടി ഉറപ്പാക്കണമെന്ന് കോടതിയിൽ ഹാജരായ ഡിസിപി അരുൺ കെ. പവിത്രനോടും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img