
തിരുവനന്തപുരം: അരി, ഗോതമ്പ് ഉൾപ്പെടെയുള്ള റേഷൻധാന്യങ്ങൾ എ.ടി.എം. മാതൃകയിലെ സ്വയംസേവന യന്ത്രങ്ങളിലൂടെ വിതരണം ചെയ്യുന്ന പദ്ധതി കേരളത്തിലും നടപ്പാക്കാൻ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് ആലോചിക്കുന്നു. പദ്ധതിയുടെ പ്രാഥമിക നടപടികൾ വകുപ്പ് ആരംഭിച്ചതായാണ് വിവരം. ഒഡീഷയിൽ വിജയകരമായി പരീക്ഷിച്ച മാതൃകയാണ് സംസ്ഥാനത്തും പരിഗണിക്കുന്നത്.
ഭുവനേശ്വറിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ധാന്യവിതരണ യന്ത്രമാണ് നിലവിലുള്ളത്. ഉപഭോക്താക്കൾ റേഷൻ കാർഡും ആധാർ വിവരങ്ങളും നൽകി ബയോമെട്രിക് വിരലടയാള പരിശോധന പൂർത്തിയാക്കിയാൽ അഞ്ചു മിനിറ്റിനുള്ളിൽ ആവശ്യമായ ധാന്യങ്ങൾ മെഷീനിൽ നിന്ന് ലഭ്യമാകും.
പദ്ധതിയുടെ സാങ്കേതികവും പ്രായോഗികവുമായ സാധ്യതകൾ സംബന്ധിച്ച് സിവിൽ സപ്ലൈസ് വകുപ്പ് വിശദമായ പഠനം നടത്തും. അതിനുശേഷമായിരിക്കും സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുക.
'ഒരു രാജ്യം, ഒരു റേഷൻ കാർഡ്' സംവിധാനത്തിന്റെ ഭാഗമായി കാർഡുടമകൾക്ക് രാജ്യത്തെ ഏത് ഭാഗത്തുനിന്നും റേഷൻ വാങ്ങാൻ സാധിക്കും. ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ സഹകരണത്തോടെയാണ് ഒഡീഷ സർക്കാർ ആദ്യ ധാന്യ എ.ടി.എം. സ്ഥാപിച്ചത്.
പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പദ്ധതി ആരംഭിക്കുക. ഇതിലൂടെ നിലവിലെ റേഷൻ കടയുടമകളുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.











