07:41pm 06 November 2026
NEWS
10 സെന്റ് തണ്ണീര്‍ത്തട ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ
12/02/2025  12:35 PM IST
nila
10 സെന്റ് തണ്ണീര്‍ത്തട ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിൽ സംസ്ഥാന സർക്കാർ ഇളവ് അനുവദിച്ചതോടെ 10 സെന്റ് തണ്ണീർത്തട ഭൂമിയിൽ വീട് നിർമിക്കാനുള്ള തടസ്സങ്ങൾ ഒഴിവായി. 10 സെന്റ് വിസ്തൃതിയുള്ള തണ്ണീർത്തട ഭൂമിയിൽ 120 ചതുരശ്ര മീറ്റർ (1291.67 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വീട് നിർമിക്കുന്നതിന് ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ലെന്നാണ് സർക്കാർ ഉത്തരവ്.  അഞ്ച് സെന്റ് വിസ്തൃതിയുള്ള ഭൂമിയിൽ 40 ചതുരശ്ര മീറ്റർ (430.56 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന്റെ നിർമാണത്തിനും വിലക്കുണ്ടാകില്ല.  2018ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമത്തിലെ 27(എ) വകുപ്പു പ്രകാരമുള്ള ഭൂമി തരംമാറ്റ അനുമതി ഇത്തരം സാ​​ഹചര്യങ്ങളിൽ ആവശ്യമില്ലെന്നാണ്  തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നത്. 

ഇത്തരം വിടുകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും നിർമാണത്തിനായി തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പെർമിറ്റിന് അപേക്ഷിക്കുമ്പോൾ യാതൊരു കാരണവശാലും തരംമാറ്റ അനുമതി ആവശ്യപ്പെടാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ഈ ഒഴിവാക്കൽ ഒരിക്കൽ മാത്രമേ അനുവദിക്കാൻ പാടുള്ളുവെന്നും ഉത്തരവിൽ പറയുന്നു.

സെൽഫ് സർട്ടിഫിക്കേഷന് കൂടി അർഹതയുള്ള ലോ റിസ്‌ക് കെട്ടിടമായതിനാൽ കാലതാമസമില്ലാതെ അപേക്ഷകൾ തീർപ്പാക്കുന്നുവെന്നും സ്ഥലപരിശോധന മുതലായവ ആവശ്യമുള്ള കേസുകളിൽ സമയബന്ധിതമായി ഉദ്യോഗസ്ഥർ അത് നിർവഹിക്കുന്നുവെന്നും തദ്ദേശസ്ഥാപന സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

നിലവിൽ തദ്ദേശസ്ഥാപനങ്ങളിലെ ഈ ആനുകൂല്യം ലഭ്യമായ എല്ലാ അപേക്ഷകളും 2025 ഫെബ്രുവരി 28ന് മുൻപായി തീർപ്പാക്കണം. ഇക്കാര്യം അപേക്ഷകനെ അറിയിക്കണം. തീർപ്പാക്കുന്നതിനുവേണ്ടി കൂടുതൽ രേഖകൾ, അപേക്ഷകന്റെ സാന്നിധ്യം എന്നിവ ആവശ്യമുള്ള കേസുകളിൽ ഫെബ്രുവരി 27, 28 തീയതികളിലായി എല്ലാ തദ്ദേശസ്ഥാപനങ്ങളും അദാലത്തുകൾ സംഘടിപ്പിക്കണം. പൂർണമായി എല്ലാ അപേക്ഷകളും തീർപ്പാക്കണം. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img