എസ്ഐആർ താത്ക്കാലികമായി നിർത്തിവെക്കണമെന്ന് സംസ്ഥാന സർക്കാർ; സുപ്രീംകോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) താൽക്കാലികമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന് കേരള ഹൈക്കോടതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനിടെയുള്ള എസ്ഐആർ നടപടികൾ താത്ക്കാലികമായി നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് ഈ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ പുതുക്കിയ പട്ടിക നിലവിലിരിക്കെ 2002ലെ പട്ടികയെ ആധാരമാക്കി വോട്ടർ പട്ടിക പുനപ്പരിശോധന നടത്താനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു. വോട്ടർ പട്ടികയുടെ തീവ്ര പരിശോധന നിയമപരമായി ചോദ്യം ചെയ്യണമെന്ന തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ച സർവ്വകക്ഷിയോഗത്തിൽ എടുത്തതായിരുന്നു. ബിജെപി ഒഴികെയുള്ള എല്ലാ കക്ഷികളും സർക്കാർ നിലപാടിനെ പിന്തുണച്ചു.
തീവ്ര പരിഷ്കരണം അടിയന്തരമായി നിർത്തിവെക്കണം എന്നാണ് സർക്കാർ നിലപാട്. ഡിസംബർ 20ന് ശേഷം മാത്രമേ തുടർച്ചയുണ്ടാകാവൂ. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ടു ഒരുലക്ഷത്തി എഴുപത്തിയെട്ടായിരം ജീവനക്കാരെയും അറുപത്തി അയ്യായിരം സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചു കൊണ്ടിരിക്കുന്നതിനാൽ ഈ സമയത്ത് കൂടുതൽ ഉദ്യോഗസ്ഥരെ മാറ്റിവെക്കുന്നത് ഭരണ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് സർക്കാർ നിലപാട്.
അതേസമയം, വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇരുപത്തി അയ്യായിരം ജീവനക്കാരെ വിന്യസിക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചത്. 2002ലെ പട്ടികയെ ആധാരമാക്കിയുള്ള പുനപ്പരിശോധനയിൽ സാങ്കേതികപ്രശ്നങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്ന് രാഷ്ട്രീയകക്ഷികളും യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എസ്ഐആർ നടപ്പിലാക്കുന്നത് പ്രത്യേക ഉദ്ദേശ്യത്തോടെയാണെന്ന ആശങ്കയും പാർട്ടികൾ ഉന്നയിച്ചു.










