10:36am 12 November 2026
NEWS
കോടതിയിലെ തിരിച്ചടി കൂടി താങ്ങാനാകില്ല; ‘പോറ്റിയെ കേറ്റിയേ’ ​പാട്ടിനെ അതിന്റെ 'പാട്ടിനുവിടാൻ' സംസ്ഥാന സർക്കാർ
19/12/2025  01:03 PM IST
nila
കോടതിയിലെ തിരിച്ചടി കൂടി താങ്ങാനാകില്ല; ‘പോറ്റിയെ കേറ്റിയേ’ ​പാട്ടിനെ അതിന്റെ പാട്ടിനുവിടാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വൻഹിറ്റായ ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തെച്ചൊല്ലി ആരംഭിച്ച നിയമനടപടികളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറി. ഗാനവുമായി ബന്ധപ്പെട്ട് ഇനി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും, നിലവിൽ എടുത്ത കേസുകളിൽ തുടർനടപടികൾ ഒഴിവാക്കണമെന്നും സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി.

അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നാരോപിച്ച് തിരുവാഭരണപാത സംരക്ഷണസമിതി നൽകിയ പരാതിയിലാണ് ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് സമാന പരാതികൾ വിവിധ സ്റ്റേഷനുകളിൽ എത്തി. എന്നാൽ ഈ കേസുകൾ നിയമപരമായി നിലനിൽക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും കോടതിയിൽ സർക്കാർ പ്രതിസന്ധിയിലാകുമെന്ന വിലയിരുത്തലാണ് നിലപാട് മാറ്റത്തിന് കാരണമായത്.

പാരഡി ഗാനത്തിനെതിരെ കേസെടുത്തതോടെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിനുമേൽ ആക്രമണമാണെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. വിഷയം രാഷ്ട്രീയ ആയുധമാക്കിയതോടെ വിവാദം സർക്കാരിന് അസ്വസ്ഥതയുണ്ടാക്കി. ഇതോടെ കേസുമായി മുന്നോട്ടുപോകുന്നതിന് പകരം പിന്തിരിയാനാണ് സർക്കാർ തീരുമാനിച്ചത്.

ഇതിനിടെ, പാരഡി ഗാനത്തിന്റെ ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കംചെയ്യണമെന്ന പൊലീസിന്റെ നിർദേശത്തിനെതിരെയും വിമർശനങ്ങൾ ശക്തമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മെറ്റയ്ക്ക് കത്തയച്ച്, കോടതി ഉത്തരവില്ലാതെ ഉള്ളടക്കം നീക്കംചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img