
കേരള സാങ്കേതിക (കെടിയു) സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ചത് നിയമപരമല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും. താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഗവർണർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി.
താത്കാലിക വിസി നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽനിന്ന് വേണം എന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. താൽക്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തിൽ കൂടുതലാകരുതെന്നും ഡിവിഷൻ ബഞ്ച് നിർദേശിച്ചു. സ്ഥിരം വിസി നിയമനത്തിലെ കാലതാമസം സർവകലാശാല നടപടികളെ ദോഷകരമായി ബാധിക്കുമെന്നും അത് വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.
സ്ഥിരം വിസി നിയമനത്തിൽ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
ഡോ. സിസ തോമസ് ആണ് നിലവിൽ ഡിജിറ്റൽ സർവ്വകലാശാലയുടെ വിസി. എപിജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി(കെടിയു) വിസി ഡോ. കെ. ശിവപ്രസാദാണ്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് 2024 നവംബറിൽ ഇവരുടെ താൽക്കാലിക നിയമനം നടത്തിയത്. അദ്ദേഹം കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ഗവർണറായ രാജേന്ദ്ര ആർലേക്കറാണ് സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ചിൽ ഹർജി നൽകിയത്. രണ്ട് സർവകലാശാലകളിലെയും വിസിമാരുടെ കാലാവധി മേയ് 27-ന് പൂർത്തിയായെങ്കിലും നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന നിർദേശത്തോടെ 30 വരെ തുടരാൻ കോടതി അനുമതി നൽകിയിരുന്നു.











